പരിശോധനയ്‌ക്കെടുക്കുമ്പോള്‍ ഈജിപ്ഷ്യൻ പുരോഹിതന്റെ മമ്മി; ഒടുവില്‍ ഗർഭിണി!
കൗതുകമുണർത്തി പോളിഷ് നരവംശ ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈജിപ്ഷ്യൻ പുരോഹിതന്റെ മമ്മി നരവംശശാസ്ത്ര പഠനത്തിന്റെ ഭാഗമായി പരിശോധനയ്‌ക്കെടുക്കുമ്പോൾ ഇങ്ങനെയൊരു ട്വിസ്റ്റുണ്ടാകുമെന്ന് വാഴ്‌സോ സർവകലാശാലയിലെ മാർസേന സിൽക്കെ സ്വപ്‌നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല. പ്രാചീന ഈജിപ്ഷ്യൻ മനുഷ്യരെക്കുറിച്ചുള്ള എന്തെങ്കിലും ചെറിയ സൂചനകൾ ലഭിക്കുമെന്നു മാത്രമേ കരുതിയിട്ടുണ്ടാകുകയുള്ളൂ. എന്നാൽ, പരിശോധനയ്‌ക്കൊടുവിൽ ഞെട്ടിപ്പിക്കുന്ന ഒരു കണ്ടെത്തലാണു പുറത്തുവന്നത്; അതൊരു ഗർഭിണിയായിരുന്നുവെന്ന്!
രണ്ടു നൂറ്റാണ്ടുകാലം പോളണ്ട് ദേശീയ മ്യൂസിയത്തിൽ ഈജിപ്ഷ്യൻ പുരോഹിതന്റേതെന്നു കരുതി സൂക്ഷിച്ചിരുന്ന മമ്മിയാണ് ഒരു ഗർഭിണിയാണെന്നു വെളിപ്പെടുത്തൽ.
പോളണ്ട് ദേശീയ മ്യൂസിയത്തിൽ മമ്മിയുടെ സിടി സ്‌കാൻ പരിശോധിക്കുന്നതിനിടെയാണ് അസാധാരണമായ ചില അടയാളങ്ങൾ വാഴ്‌സോ മമ്മി പ്രോജക്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്ന നരവംശ ശാസ്ത്രജ്ഞ കൂടിയായ മാർസേന സിൽക്കെയുടെ ശ്രദ്ധയിൽപെടുന്നത്. പുരോഹിതന്റെ മമ്മിയാണെന്നു കരുതി പരിശോധന നടത്തുന്നതിനിടെ പുരുഷ ലിംഗത്തിനു പകരം മമ്മിയുടെ ശരീരത്തിൽ മാറിടവും മുടിയുമെല്ലാം കണ്ടപ്പോഴാണ് ആദ്യമൊന്നു ഞെട്ടിയത്. പിന്നീട് ഇടുപ്പ് ഭാഗത്ത് ഒരു കുഞ്ഞിക്കാൽ പോലെ എന്തോ ഒന്നും ശ്രദ്ധയിൽപെട്ടു. ഉടൻതന്നെ പദ്ധതിയുടെ ഭാഗമായ ഭർത്താവിനോട് കാര്യം പറഞ്ഞു. നരവംശശാസ്ത്രജ്ഞനായ ഭർത്താവ് ചിത്രമെടുത്തു നോക്കി സൂക്ഷമമായൊന്നു നോക്കി. എന്നിട്ടു പറഞ്ഞു, അതൊരു കാലാണെന്ന്. അപ്പോഴാണ് സ്‌കാൻ പൂർണമായി ഒന്നുകൂടി സൂക്ഷ്മമായി പരിശോധിച്ചത്.
19-ാം നൂറ്റാണ്ടിലാണ് മമ്മി പോളണ്ടിലെത്തിയത്. വാഴ്‌സോ സർവകലാശാലയുടെ പുരാവസ്തു ശേഖരത്തിന്റെ ഭാഗമായായിരുന്നു മമ്മിയുടെ വരവ്. ഇതിനു ശേഷം പതിറ്റാണ്ടുകളോളം ഇതൊരു ഈജിപ്ഷ്യൻ പുരോഹിതന്റെ മമ്മിയാണെന്നാണു കരുതപ്പെട്ടിരുന്നത്. ഹോർ ദെഹൂത്തി എന്ന പേര് ഇതിന്റെ പുറത്ത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
പുതിയ കണ്ടെത്തൽ ആർക്കിയോളജിക്കൽ സയൻസ് ജേണലാണു പുറത്തുവിട്ടത്. 20നും 30നും ഇടയിൽ പ്രായമുള്ള യുവതിയുടേതാണ് മമ്മിയെന്നും ഗർഭത്തിന് 26-28 ആഴ്ചയോളം പ്രായമുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.
യുവതിയുടെ മരണകാരണം വ്യക്തമല്ലെങ്കിലും ഗർഭധാരണം ഒരുപക്ഷെ മരണത്തിനിടയാക്കിയേക്കാമെന്ന് മാർസേന സിൽക്കെ പറഞ്ഞു. മരണകാരണം എന്താണെന്നു കണ്ടെത്താൻ കൂടുതൽ പഠനങ്ങൾ നടത്തുമെന്ന് വാഴ്‌സോ മമ്മി പ്രോജക്ടിന്റെ കോ-ഡയരക്ടർ വോസീച്ച് എസ്‌മോണ്ട് പറഞ്ഞു. ഗർഭസ്ഥശിശു എന്തുകൊണ്ട് ശരീരത്തിൽതന്നെ അവശേഷിച്ചുവെന്നും പരിശോധിക്കുമെന്നും എസ്‌മോണ്ട് സൂചിപ്പിച്ചു.