''ഞാന്‍ കിണറ്റില്‍ ഉണ്ട്'': കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ ആത്മഹത്യകുറിപ്പ് പുറത്ത്

രാവിലെ പ്രാർത്ഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിച്ചത്.

Update: 2021-04-16 07:55 GMT
By : Web Desk

കൊല്ലം കുരീപ്പുഴ കോൺവെന്‍റിലെ സിസ്റ്റര്‍ മേബിള്‍ ജോസഫ് പ്രാര്‍ത്ഥനയ്ക്കെത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ ആദ്യം കണ്ടെടുക്കുന്നത് ആത്മഹത്യാകുറിപ്പാണ്. ആത്മഹത്യാ കുറിപ്പിനവസാനം, ഞാന്‍ കിണറ്റില്‍ ഉണ്ട് എന്ന വരിയാണ് അന്വേഷണം കോണ്‍വെന്‍റിന് മുറ്റത്തെ കിണറിനടുത്ത് എത്തിച്ചത്. പയസ് വർക്കേഴ്സ് ഓഫ് സെന്‍റ് ജോസഫ് കോൺവെന്‍റ് വളപ്പിലെ കിണറിനുള്ളിലാണ് കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

കുരീപ്പുഴ കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനിയാണ് മരിച്ച മേബിള്‍ ജോസഫ്. 42 വയസ്സായിരുന്നു. ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നായിരുന്നു സിസ്റ്ററുടെ ആത്മഹത്യാകുറിപ്പ്.

Advertising
Advertising

''എന്‍റെ ആരോഗ്യപരമായ കാരണങ്ങളാല്‍, അലര്‍ജി സംബന്ധമായ പ്രയാസം മൂലമാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നത്. ഇതില്‍ എന്‍റെ സഭയിലെ സിസ്റ്റേഴ്സിനോ കുടുംബാംഗങ്ങള്‍ക്കോ യാതൊരു പങ്കുമില്ല. എല്ലാവരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. എല്ലാവരും എനിക്ക് പ്രാര്‍ത്ഥിക്കുക. എന്നെ കുരീപ്പുഴ അടക്കിയാല്‍ മതി'' - എന്നെഴുതിയ കുറിപ്പില്‍ ഒപ്പുവെച്ചതിന് താഴെയായിട്ടാണ് ഞാന്‍ കിണറ്റില്‍ ഉണ്ട് എന്ന് സിസ്റ്റര്‍ എഴുതി ചേര്‍ത്തത്.

ഒരാഴ്ച മുൻപാണ് മേബിൾ സെന്‍റ് ജോസഫ് കോൺവെന്‍റിലെത്തിയത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത് . ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. അസ്വാഭാവിക മരണത്തിന് അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

By - Web Desk

contributor

Similar News