പത്തനംതിട്ടയിലെ എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനിറങ്ങുമെന്ന് പി.മോഹന്‍രാജ്

പാർട്ടി വിടാനുള്ള തീരുമാനം തിരുത്തിയത് ഉപാധികളൊന്നുമില്ലാതെയാണ്

Update: 2021-03-20 02:05 GMT

കോന്നിയടക്കം പത്തനംതിട്ടയിലെ എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനിറങ്ങുമെന്ന് മുൻ ഡി.സി.സി പ്രസിഡന്‍റ് പി.മോഹൻരാജ്. പാർട്ടി വിടാനുള്ള തീരുമാനം തിരുത്തിയത് ഉപാധികളൊന്നുമില്ലാതെയാണ്. ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും നിലവിൽ വിജയ സാധ്യതയുണ്ടെന്നും മോഹൻരാജ് പറഞ്ഞു.

മോഹൻ രാജ് രാജി പ്രഖ്യാപിച്ചതോടെ വിവിധ മണ്ഡലങ്ങളിൽ തിരിച്ചടിയുണ്ടേയാക്കാമെന്ന് നേരത്തെ കോൺഗ്രസ് നേതൃത്വം ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലൂടെ പാർട്ടിയിൽ തിരികെ എത്തിയതിന് പിന്നാലെയാണ് താൻ പ്രചാരണത്തിൽ സജീവമാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പാർട്ടി തീരുമാനിച്ചാൽ കോന്നിയിലടക്കം എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങും. 5 മണ്ഡലങ്ങളിലും കോൺഗ്രസിന് വിജയ സാധ്യതയുണ്ടെന്നും മോഹൻരാജ് പറഞ്ഞു.

ഉമ്മൻ ചാണ്ടിയുമായുള്ള ചർച്ചയിൽ ഒരുപാധിയും മുന്നോട്ട് വച്ചില്ല. അദ്ദേഹമടക്കമുള്ള കോൺഗ്രസ് പ്രവർത്തകരോടുള്ള ആത്മ ബന്ധമാണ് പാർട്ടിയിൽ തിരികെ വരാൻ ഇടയാക്കിയത്. ആറന്മുളയിലെ സ്ഥാനാർഥി നിർണയത്തിൽ പ്രധിഷേധിച്ചായിരുന്നു മോഹൻ രാജ് പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ മോഹൻരാജ് തീരുമാനം മാറ്റിയത് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കാകെ ആശ്വാസം നൽകിയിട്ടുണ്ട്.

Tags:    

Similar News