വാർത്തകളിൽ കാണാതായാലും ഗസ്സ തോറ്റിട്ടില്ല, കേരളം ഒരു കരയാമ
എപ്സ്റ്റീന്‍റെ ഇസ്രായേൽ ബന്ധം വളരെ വ്യക്തമാണ്. ഈ ഇസ്രായേലി ബന്ധം മറച്ചുവെക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. എപ്സ്റ്റീൻ ഫയൽസാകട്ടെ നിറയെ ഇസ്രായേലി ബന്ധം കാണിക്കുന്നു. ഈ കുറ്റവാളി സംഘത്തിന്‍റെ സംഘാടകർ ആര്? അവർ ഇപ്പോഴും കാണാമറയത്തെന്ന് ടി. എൻ. ടി ചാനലിൽ ചെങ്ക് ഉയ്ഗൂർ. ലോകത്തിന്‍റെ പലഭാഗങ്ങളിൽ പ്രമാണിമാർക്കും അധികാരികൾക്കും പെൺ ഇരകളെ അയക്കുന്നു. വലിയ സംഘാടനമില്ലാതെ ഇത് നടക്കില്ല
വാർത്തകളിൽ കാണാതായാലും ഗസ്സ തോറ്റിട്ടില്ല
മാധ്യമങ്ങൾ മറന്നുപോയ ഒരു ദേശം. വാർത്തകളിൽ നിന്ന് മറഞ്ഞുപോകുന്ന ഗസ്സ. ഏറ്റവും നീണ്ട, ഏറ്റവും കടുത്ത, പാതകങ്ങൾക്കിരയായിട്ടും ഗസ്സ ഇപ്പോൾ വാർത്തകൾക്ക് പുറത്താണ്. മുക്കാൽ നൂറ്റാണ്ടിന്‍റെ അധിനിവേശ ഭീകരതയോ മുപ്പതു മാസമായി തുടരുന്ന വംശഹത്യയോ അവസാനിച്ചതുകൊണ്ടല്ല മാധ്യമങ്ങൾ ഗസ്സയെ മറന്നത്. മറക്കാനും മറയ്ക്കാനും അവ തീരുമാനിച്ചതു കൊണ്ടാണ്. അമേരിക്കയിലെ ഒരു മാസിക അതൊന്ന് ഓർമിപ്പിച്ചു. രാഷ്ട്രീയ-സാംസ്കാരിക മാഗസിനായ ദി നേഷന്‍റെ ഫെബ്രുവരി ലക്കം ഏറെയും ട്രംപിന്‍റെ യുദ്ധഭ്രാന്ത് തുറന്നു കാട്ടുന്നു. ഒപ്പം, മാഗസിന്‍റെ ഡിജിറ്റൽ പതിപ്പിന്‍റെ ഉള്ളടക്കം മുഴുവൻ ഒരു ദിവസം ഗസ്സക്കായി നീക്കിവെച്ചു. ഫെബ്രുവരി മൂന്നാണ് ഗസ്സ ദിനമായി ആചരിച്ചത്.
വെടിനിർത്തൽ എന്ന നുണ തുടങ്ങിയിട്ട് നാലുമാസമായി. ഇപ്പോഴും ഗസ്സക്കുമേൽ ബോംബുകൾ വീഴുന്നു; മനുഷ്യർ കൊല്ലപ്പെടുന്നു; ഭക്ഷണവും മരുന്നും ഇസ്രായേൽ തടയുന്നു. എന്തിനേറെ, ശവസംസ്കാരച്ചടങ്ങിൽപ്പോലും ബോംബിടുന്നു ഇസ്രായേൽ. രണ്ടു വർഷം കൊണ്ട് മുക്കാൽ കോടി മനുഷ്യരെ കൊന്ന ഇസ്രായേലിനെ പിന്തുണക്കുകയാണ് പാശ്ചാത്യ ഭരണകൂടങ്ങളും മാധ്യമങ്ങളും. ഇരുപതിനായിരത്തിലേറെ കുഞ്ഞുങ്ങളെ കൊന്നിട്ട്, അതിനെ സ്വയം പ്രതിരോധമെന്നു വിളിക്കുന്ന ഭീകര രാഷ്ട്രത്തോടൊപ്പമാണവർ. 260ലധികം ഫലസ്തീൻ ജേണലിസ്റ്റുകളെ വധിച്ചതോടെ ഇസ്രായേലി പാതകങ്ങളുടെ യഥാർഥ റിപ്പോർട്ടുകൾ കുറഞ്ഞു.
പാതകങ്ങളുടെ റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ കാണുന്നില്ല എന്നതിനർഥം, പാതകങ്ങൾ നടക്കുന്നില്ല എന്നല്ല. വാർത്തകളുടെ നിയന്ത്രണം പാശ്ചാത്യ ഏജൻസികളുടെ പക്കലാണ് എന്നു മാത്രം. ഇതിനിടക്ക്, മുമ്പ് തങ്ങൾ പറഞ്ഞ പലതും കള്ളമായിരുന്നു എന്ന് ഇസ്രായേൽ തന്നെ ഏറ്റു പറയുന്നതുപോലും വാർത്തയിൽ വരുന്നില്ല. ഐ.ഡി.എഫ് എന്ന ഇസ്രായേലി സൈന്യം നുണ പറഞ്ഞപ്പോഴെല്ലാം മാധ്യമങ്ങൾ ഏറ്റുപിടിച്ചിരുന്നതാണ്. ഇപ്പോൾ ഐ.ഡി.എഫ്, തങ്ങൾ പറഞ്ഞതല്ല, ഹമാസ് പറഞ്ഞതാണ് ശരി എന്ന് സമ്മതിക്കുമ്പോൾ അത് പോലും ലോകം അറിയാതെ പോകുന്നു. കള്ളങ്ങൾ പൊളിയും. അധിനിവേശകർ തോൽക്കും. ഗസ്സാമരണകണക്കിലെന്നപോലെ, വ്യാജ പ്രചാരണങ്ങളെല്ലാം തകരും. മാധ്യമങ്ങളും സ്വന്തം പൊള്ളത്തരം തിരിച്ചറിയും.
എപ്സ്റ്റീൻ ഫയലുകൾ: ഇസ്രായേൽ മുതൽ ഇന്ത്യ വരെ
ക്രിമിനലുകൾ അധികാരത്തിലിരിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നു വരുന്നു അവർ നിയമ സംവിധാനങ്ങളെ മറികടന്ന് ചെയ്ത കുറ്റകൃത്യങ്ങളുടെ, പീഡനങ്ങളുടെ, മാഫിയ പ്രവർത്തനങ്ങളുടെ, യുദ്ധക്കച്ചവടങ്ങളുടെ എല്ലാം വാർത്തകൾ. വിവിധ രാഷ്ട്ര നേതാക്കളെ തന്‍റെ ക്രിമിനൽ വലയത്തിൽ കുടുക്കി ജെഫ്രി എപ്സ്റ്റീന്‍ എന്ന ഇസ്രായേലി മൊസാദ് ഏജന്‍റ് മുതലെടുത്തു കൊണ്ടിരുന്നു. ബാലപീഡനം, അധികാര കേന്ദ്രങ്ങളിൽ ബ്രോക്കർ പണി, രാജ്യങ്ങളുടെ വിദേശനയത്തിൽ വരെ കൈകടത്തൽ തുടങ്ങിയവയായിരുന്നു ഇയാളുടെയും കൂട്ടാളികളുടെയും വിനോദങ്ങൾ. പീഡനത്തിനിരയായവരേറെയും കുട്ടികൾ. ഡൗൺ സിൻഡ്രോം രോഗികൾ വരെ. കുറ്റകൃത്യങ്ങളുടെ ഗൂഢ ഫയലുകൾ മറനീക്കി പുറത്തുവരുമ്പോൾ, ഒന്നുമറിഞ്ഞില്ലെന്ന മട്ടിൽ ഒളിച്ചുകളിക്കുകയാണ് പലരും. എപ്സ്റ്റീൻ ഫയലുകളുടെ ഉള്ളടക്കത്തെ വളച്ചൊടിക്കാനും ശ്രമിക്കുന്നു.
എപ്സ്റ്റീന്‍റെ ഇസ്രായേൽ ബന്ധം വളരെ വ്യക്തമാണ്. ഈ ഇസ്രായേലി ബന്ധം മറച്ചുവെക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. എപ്സ്റ്റീൻ ഫയൽസാകട്ടെ നിറയെ ഇസ്രായേലി ബന്ധം കാണിക്കുന്നു. ഈ കുറ്റവാളി സംഘത്തിന്‍റെ സംഘാടകർ ആര്? അവർ ഇപ്പോഴും കാണാമറയത്തെന്ന് ടി. എൻ. ടി ചാനലിൽ ചെങ്ക് ഉയ്ഗൂർ. ലോകത്തിന്‍റെ പലഭാഗങ്ങളിൽ പ്രമാണിമാർക്കും അധികാരികൾക്കും പെൺ ഇരകളെ അയക്കുന്നു. വലിയ സംഘാടനമില്ലാതെ ഇത് നടക്കില്ല. ആ സംഘാടനത്തിന്‍റെ കണ്ണി മാത്രമാണ് എപ്സ്റ്റീൻ. ഇസ്രായേലി ചാരന്മാർ അയാളുടെ വീട്ടിൽ താമസിച്ചിരുന്നു. പലതിന്‍റെയും കൂട്ടത്തിൽ എപ്സ്റ്റീൻ, ഇസ്രായേലി പ്രധാനമന്ത്രിയായിരുന്ന യഹൂദ് ബറാകിനെ, ഫലസ്തീൻ വംശഹത്യക്കായി എഐ വിദ്യ വികസിപ്പിച്ച പാലന്‍റിയർ കമ്പനിയുടെ ഡയറക്ടറായിരിക്കാൻ ക്ഷണിച്ചിരുന്ന കാര്യവും ഇപ്പോൾ ഫയലുകളിൽ നിന്ന് വെളിപ്പെട്ടിരിക്കുന്നു.പക്ഷേ ആദ്യം തൊട്ടേ മാധ്യമങ്ങൾ എപ്സ്റ്റീന്‍റെ പണക്കാരും അധികാരികളുമായ ചങ്ങാതിമാരിൽ കേന്ദ്രീകരിക്കുകയും ഇസ്രായേലിന്‍റെ തെളിഞ്ഞ നിഴൽപ്പാടുകൾ മറച്ചുവെക്കുകയും ചെയ്തു.
പുതിയ ഫയലുകളിൽ റഷ്യൻ പ്രസിഡന്‍റിനെപ്പറ്റി പരാമർശം വന്നത് ഈ മാധ്യമങ്ങൾക്ക് വീണു കിട്ടിയ അവസരമായി. ഇപ്പോൾ തലക്കെട്ടുകൾ എപ്സ്റ്റീൻ - പുടിൻ ബന്ധത്തെപ്പറ്റിയാണ്.ടൈം വാരികയും ശ്രദ്ധമാറ്റലിൽ പങ്കാളിയാകുന്നുണ്ട്. ഇസ്രായേലിനു നേരെ കൃത്യമായി വിരൽ ചൂണ്ടുന്ന എപ്സ്റ്റീൻ വെളിപാടുകൾ ലോകത്തെയാകെ ഇളക്കിമറിക്കുന്ന സമയമായിട്ടും കവർ സ്റ്റോറിക്ക് അവർ വിഷയമാക്കിയത് ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭമാണ്.
എപ്സ്റ്റീൻ ഫയൽസിൽ ഇന്ത്യയെപ്പറ്റിയും മോദിയെപ്പറ്റിയും വന്നത് ഇവിടത്തെ മാധ്യമങ്ങൾക്കും വലിയ വിഷയമായില്ല. പ്രധാനമന്ത്രി മോദി 2017ൽ ഇസ്രായേൽ സന്ദർശിച്ചതിനു പിന്നിൽ എപ്സ്റ്റീന്‍റെ കൈകളുണ്ട് എന്ന സൂചനയാണത്. എപ്സ്റ്റീൻ ഫയൽസ് ഒരു സാധാരണ വിവാദമല്ല. രാജ്യങ്ങളുടെ പരമാധികാരം കൈയിലിട്ട് അമ്മാനമാടുന്ന മാഫിയ സംഘത്തെപ്പറ്റിയുള്ള സൂചനകളാണ്. ഇസ്രായേൽ എന്താണെന്ന് തെളിയിക്കാൻ പോന്ന മഹാ രഹസ്യങ്ങൾ. ചെറിയ ഓളങ്ങളാണ് ഇപ്പോൾ അതുയർത്തുന്നത്. അവ സൂനാമിയാകുമോ എന്ന് കണ്ടറിയാം.
കേരളം ഒരു കരയാമ
യൂനിയൻ ബജറ്റിന്‍റെ മുഖ്യവശം, എന്തെല്ലാം അതിലുണ്ട് എന്നതല്ല, എന്തെല്ലാം ഇല്ല എന്നതാണ്. കേരളത്തിന് പ്രത്യേകിച്ചും. ഇതിനെപ്പറ്റിയുള്ള ഏതാനും കാർട്ടൂണുകൾ കാണാം.ബജറ്റിൽ ഒന്നുമില്ല എന്നോ പറയേണ്ടത്, അതോ ബജറ്റ് ഒരു തമാശ മാത്രമായി എന്നോ?