സജി ചെറിയാൻ: ഇടത്തുനിന്ന് വലത്തോട്ട്, ലോക ചക്രവർത്തി അഥവാ അരക്കിറുക്കൻ

സമുദായം നോക്കി മാത്രം വോട്ടു ചെയ്യുന്നത് ശരിയല്ല എന്ന സജിയുടെ വാദം ന്യായമാണ്. പക്ഷേ അദ്ദേഹം നൽകിയ ഉദാഹരണം ഉള്ളിലെ സാമുദായികതയാണ് വെളിപ്പെടുത്തിയത്. വസ്തുതാപരമായി തെറ്റ്; ചില വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ മാത്രം ഉന്നമിട്ടതിൽ വംശീയതയും

Update: 2026-01-28 04:13 GMT

സജി ചെറിയാൻ: ഇടത്തുനിന്ന് വലത്തോട്ട്

അങ്ങനെ, സജി ചെറിയാൻ വീണ്ടും വാർത്ത സൃഷ്ടിച്ചു. വീണ്ടുമൊരു വിവാദ പ്രസ്താവന, വീണ്ടുമൊരു പിൻവലിക്കൽ. സമുദായികമായി വോട്ട് ധ്രുവീകരിക്കപ്പെടുന്നതിന്‍റെ അപകടം ചൂണ്ടിക്കാട്ടിയ സജി ചെറിയാൻ, അതിനു പറഞ്ഞ ഉദാഹരണം, വർഗീയത എന്നാലെന്ത് എന്നതിനെപ്പറ്റി അദ്ദേഹത്തിന്‍റെ മനസ്സിലെ ധാരണ വെളിപ്പെടുത്തുന്നതായി. പേര്, അഥവാ സാമുദായിക സ്വത്വം, ആണ് വർഗീയത തീരുമാനിക്കുന്നതെന്ന്. പേരു നോക്കി വർഗീയത തീരുമാനിക്കുന്ന ഈ രീതി, പൗരത്വ പ്രക്ഷോഭകാലത്ത് നരേന്ദ്രമോദി വസ്ത്രം നോക്കി അക്രമികളെ തീരുമാനിക്കാമെന്ന് പറഞ്ഞതിനെ ഓർമിപ്പിച്ചു.സി.പി.എം സമീപകാലത്തായി സ്വീകരിച്ച നിലപാടുകളെത്തന്നെ നിരൂപണം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ടത്. ഇടതുപക്ഷത്തു നിന്ന് വലത്തോട്ടുള്ള ചായ്‌വ്; വർഗീയ അജണ്ടയിലേക്കുള്ള ചായ്‌വ്. പാർട്ടിയുടെ മനോഘടനയിൽ, മൈൻഡ് സെറ്റിൽ, ഉറച്ചുപോയ ചില സങ്കുചിത മുൻവിധികളുടെ ഏക ഉദാഹരണമല്ല സജിയുടെ വാക്കുകൾ.

Advertising
Advertising

സമുദായം നോക്കി മാത്രം വോട്ടു ചെയ്യുന്നത് ശരിയല്ല എന്ന സജിയുടെ വാദം ന്യായമാണ്. പക്ഷേ അദ്ദേഹം നൽകിയ ഉദാഹരണം ഉള്ളിലെ സാമുദായികതയാണ് വെളിപ്പെടുത്തിയത്. വസ്തുതാപരമായി തെറ്റ്; ചില വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ മാത്രം ഉന്നമിട്ടതിൽ വംശീയതയും.

മുഖ്യധാരാ മാധ്യമങ്ങളിൽ പലതും ഈ വിഷയത്തെ ഒരു പാർട്ടിക്കു പിണഞ്ഞ അമളിയായി അവതരിപ്പിച്ചപ്പോൾ, അതിലെ സൂചനകൾ അന്വേഷിക്കാൻ ചിലരെങ്കിലും തയാറായി. മുമ്പ്, സ്റ്റാലിൻ ഹിറ്റ്ലറുമായി ചേർന്നതും, അതോടെ അവർക്ക് ജർമനി ഫാഷിസ്റ്റ് രാഷ്ട്രമല്ലാതായതും പകരം പോളണ്ടിനെ ആ സ്ഥാനത്ത് നിർത്തിയതും അനുസ്മരിക്കുന്നു മാധ്യമത്തിലെ ലേഖനം. ഇതുപോലെ ഇപ്പോൾ മതേതരത്വത്തിന്‍റെയും വർഗീയതയുടെയും നിർവചനവും.സജി ചെറിയാന്‍റെ വാക്കുകളിലെ വർഗീയ ധ്വനികൾ ഇന്‍റർനെറ്റ് മാധ്യമങ്ങളും പരിശോധിച്ചു. പ്രൈം വിറ്റ്നസ് ചാനലിൽ സണ്ണിക്കുട്ടി അബ്രഹാം അത് വിവരിച്ചു.

സമുദായം നോക്കി സ്ഥാനാർഥികളെ നിർത്തുന്ന കാര്യത്തിൽ വിവിധ രാഷ്ട്രീയപാർട്ടികൾ സമാനമാണെന്ന് ഡോ. ടി.എസ് ശ്യാം കുമാർ. മലപ്പുറത്തെയും കാസർകോട്ടെയും അല്ല, കേരള മന്ത്രിസഭയിലെതന്നെ പേര് നോക്കി, ജിജോ കുട്ടനാടിന്‍റെ ഒരു പോസ്റ്റ്. കേരളത്തിന്‍റെ ഒന്നരപ്പതിറ്റാണ്ടിന്‍റെ കണക്ക് ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ കേരള പഠനത്തിലുണ്ട്.

മന്ത്രി മനസ്സിലാക്കേണ്ടിയിരുന്നത്, സെക്യുലർ പാർട്ടികളെ മുസ്‌ലിംകൾ കൈയൊഴിഞ്ഞു എന്നല്ല, ആ പാർട്ടികൾ മുസ്‌ലിംകളെ തഴയുന്നു എന്നാണ്.കണക്കെടുത്താൽ, മലപ്പുറത്തെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ നിന്ന് ധാരാളം ഇതര സമുദായക്കാർ ജയിച്ചതായി കാണാം. മതനിരപേക്ഷ കക്ഷികളെ ജനങ്ങൾ കൈയൊഴിയുന്നതല്ല, അവർ ന്യൂനപക്ഷവിഭാഗത്തെ അകറ്റുന്നതാണ്. ഇടതുപക്ഷത്തെ തഴയുന്നതല്ല, ഇടതുപക്ഷം വല്ലാതെ വലത്തായിപ്പോകുന്നതാണ്.

Full View

ലോക ചക്രവർത്തി അഥവാ അരക്കിറുക്കൻ

ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്ക് ഇറാൻ മാത്രമല്ല ഇരയാകുന്നത്. ഇന്ന്, ഒരുപാട് മീമുകളുടെ, ട്രോളുകളുടെ, വിഷയമായിരിക്കുന്നു ട്രംപ്.ഗ്വാട്ടമാലയിൽ ഒരു ആചാരമുണ്ട്. ക്രിസ്മസിന് മുന്നോടിയായി പിശാചുക്കളുടെ കോലങ്ങൾ കത്തിക്കും. ഇക്കഴിഞ്ഞ ഡിസംബർ ഏഴിന് അവർ കത്തിച്ച ചെകുത്താൻ കോലങ്ങളിലൊന്ന് ട്രംപായിരുന്നു.അദ്ദേഹത്തിന് രാജ്യങ്ങൾ വെട്ടിപ്പിടിച്ചാൽ പോരാ. പ്രശസ്തിയും കീർത്തിയും വേണം. അതിന് നൊബേൽ സമ്മാനം തന്നെ വേണം. ലോകമെങ്ങും അശാന്തി പടർത്തുകയാണ് നൊബേലിനുള്ള യോഗ്യതയെങ്കിൽ അതിന് ട്രംപ് അർഹനാണ്.

ലോക ശക്തിയായ അമേരിക്കയെയും അതുവഴി ലോകത്തെത്തന്നെയും കൈപ്പിടിയിലൊതുക്കുന്ന ഇയാൾ, ശാരീരികമായും മാനസികമായും അയോഗ്യനാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. റോബർട്ട് റൈക്ക് ഈയിടെ കുറെ ഉദാഹരണങ്ങൾ നിരത്തി. ട്രംപിന് ബുദ്ധിഭ്രംശം (ഡിമെൻഷ്യ) ഉണ്ട് എന്നതിന്‍റെ തെളിവുകൾ.

മനഃശാസ്ത്രജ്ഞൻ പ്രഫ. ഗാർട്ണർ, ട്രംപിന്‍റെ ചിന്താക്കുഴപ്പവും സംസാര വൈകല്യങ്ങളും എടുത്തു കാട്ടുന്നു.ട്രംപിനെ സ്ഥാനത്തുനിന്ന് നീക്കാൻ ഭരണഘടനാ വ്യവസ്ഥ പ്രയോഗിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ ഇന്നത്തെ അവസ്ഥ മുതലെടുക്കുന്ന പ്രമാണിമാർ എല്ലാം മൂടിവെക്കുന്നു. മാധ്യമങ്ങൾക്ക് അന്വേഷിക്കാവുന്നതാണ്.

ഭരണകർത്താവിന്‍റെ അധഃപതനത്തിന്‍റെ ഒരു ലക്ഷണം, മാധ്യമങ്ങളോടുള്ള മോശം പെരുമാറ്റമാണ്. എ.ബി.സി ന്യൂസ് റിപ്പോർട്ടർ, എപ്സ്റ്റീൻ ഫയൽസിനെപ്പറ്റി ചോദിച്ചതും ട്രംപ് രോഷം കൊണ്ടു. “നീ ഭയങ്കരിയാണ്. ചാനൽ നിന്നെ പിരിച്ചുവിടണം”, എന്നൊക്കെയായി. എപ്സ്റ്റീൻ ഫയൽസ് പുറത്തുവിടാത്തതെന്ത് എന്ന് ചോദിച്ച മറ്റൊരു റിപ്പോർട്ടറോട് ട്രംപ്: “ക്വയറ്റ്, പിഗി”. (മിണ്ടാതിരി, പന്നിക്കുട്ടീ.)

ചിന്താശേഷിയില്ലാത്ത, മര്യാദയില്ലാത്ത, നീതിബോധം ഒട്ടുമില്ലാത്ത ഒരു മനുഷ്യൻ ലോകത്തിലേറ്റവും ശക്തമായ രാജ്യത്തിന്‍റെ അധിപനാകുന്നത് എത്ര ഭീകരമാണ്! ട്രoപിനെപ്പോലുള്ളവരെ അധികാരമേൽപ്പിക്കുന്ന ജനാധിപത്യം ആ പേരിന് അർഹമാണോ? ജനങ്ങളിൽ നിന്ന് ആധിപത്യം എടുത്തു മാറ്റിയ ഫാഷിസത്തിന്‍റെയും നാസിസത്തിന്‍റെയും മറ്റൊരു പതിപ്പ് ലോകം ട്രംപുമാരിലൂടെ അനുഭവിക്കുകയാണ്.

Full View

ലോക് ഭവനുകളിലെ യന്ത്രപ്പാവകൾ

മഞ്ജുൾ ടൂൺസിനു വേണ്ടി മഞ്ജുൾ വരച്ച ഒരു കാർട്ടൂൺ. യൂനിയൻ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ 10 വർഷമായിട്ടും പാലിക്കാത്തതാണ് ഇതിലെ വിഷയമെങ്കിൽ, സതീഷ് ആചാര്യ വരക്കുന്നത്, യൂനിയൻ സർക്കാർ ഗവർണർമാരെക്കൊണ്ട് സംസ്ഥാനങ്ങളിൽ കളിപ്പിക്കുന്നതിനെപ്പറ്റിയാണ്. ആർക്കോവേണ്ടി ചലിക്കുന്ന പാവകൾ. ജനങ്ങളല്ല, അധികാരമാണ് പ്രധാനം.

Full View

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News