യുദ്ധസമയത്തെ തെരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് അനുകൂലമാകാമെങ്കിലും പാക്കിസ്ഥാന് മറുപടി നല്‍കേണ്ടത് അനിവാര്യമാണെന്ന് ശശി തരൂര്‍ എം.പി
യുദ്ധ സമയത്തെ തെരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് അനുകൂലമാകാമെങ്കിലും പാക്കിസ്ഥാന് മറുപടി നല്‍കേണ്ടത് അനിവാര്യമാണെന്ന് ശശി തരൂര്‍ എം.പി. രാജ്യത്തിന്‍റെ വികാരത്തിനൊപ്പം കോണ്‍ഗ്രസുണ്ടെങ്കിലും പുല്‍വാമ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ന്യായമാണ്. ഒരു തവണ കൂടി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയില്‍ ജനാധിപത്യം ഇല്ലാതാകുമെന്നും ശശി തരൂര്‍ ദോഹയില്‍ പറഞ്ഞു.
രാജ്യത്തിന്‍റെ അഭിമാനത്തിനേറ്റ വലിയ മുറിവാണ് പുല്‍വാമ ആക്രമണം. രാജ്യത്തെ ജനത മുഴുവന്‍ ഇതിന് മറുപടി നല്‍കണമെന്ന് ആഗ്രഹിക്കുന്നവരാണ്. രാജ്യത്തിന്‍റെ വികാരം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കൂടെ നില്‍ക്കും. പക്ഷെ പുല്‍വാമ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ പാര്‍ട്ടിക്കുമുണ്ട്.
രാജ്യത്തിന്‍റെ മതേതതര ജനാധിപത്യ മുഖത്തിന്‍റെ തീരാ കളങ്കം വരുത്തിക്കൊണ്ടാണ് മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നത്. ഇനിയൊരു തവണ കൂടി അധികാരത്തിലേറിയാല്‍ രാജ്യത്ത് ജനാധിപത്യം ഇല്ലാതാകും. അതിനാല്‍ രാജ്യത്തെ വോട്ടര്‍മാര്‍ ഫാസിസത്തിനെതിരെ ഒറ്റക്കെട്ടാകണമെന്നും തരൂര്‍ പറഞ്ഞു. ദോഹയില്‍ കെ.എം.സി.സി സംഘടിപ്പിച്ച മലപ്പുറം പെരുമ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ശശി തരൂര്‍.