ട്വന്റി 20, വി ഫോർ കൊച്ചി... യുഡിഎഫ് കോട്ടകൾ തകർക്കുമോ എറണാകുളത്തെ പ്രാദേശിക കൂട്ടായ്മകൾ

യുഡിഎഫിന്റെ വോട്ടു ബാങ്കിൽ പ്രാദേശിക കക്ഷികൾ വിള്ളലുണ്ടാക്കുമോ.. നേട്ടം ഇടതിനോ?

Update: 2021-02-27 03:56 GMT

എറണാകുളത്ത് ഇത്തവണ നിരവധി പ്രാദേശിക രാഷ്ട്രീയകൂട്ടായ്മകളാണ് നിയമസഭ തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുന്നത്. കിറ്റെക്‌സ് നേതൃത്വം നൽകുന്ന ട്വന്റി - 20 യും വി ഫോർ പീപ്പിൾസ് പാർട്ടിയും (വി ഫോർ കൊച്ചി) ചെല്ലാനം ട്വന്റി ട്വന്റിയും നിയമസഭ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ ആർക്കായിരിക്കും അടിതെറ്റുക.. യുഡിഎഫിന്റെ വോട്ടു ബാങ്കിൽ പ്രാദേശിക കക്ഷികൾ വിള്ളലുണ്ടാക്കുമോ.. നേട്ടം ഇടതിനോ..

കിഴക്കമ്പലം ട്വന്റി ട്വന്റി

കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ കിറ്റെക്‌സ് എന്ന കോർപ്പറേറ്റ് സ്ഥാപനം 2015 ൽ രൂപം നൽകിയ ട്വന്റി 20 കൂട്ടായ്മ അഞ്ച് കൊല്ലത്തിനിപ്പുറത്ത് നാലു പഞ്ചായത്തുകളിലെ ഭരണം പിടിക്കുകയും ഒരിടത്ത് നിർണായക സ്വാധീനമായി മാറുകയും ചെയ്തിരിക്കുകയാണ്. എറണാകുളം ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കാനുള്ള ആലോചനകളാണ് ട്വന്റി 20 നടത്തുന്നത്.

Advertising
Advertising

ഇതിന്റെ ഭാഗമായി കിറ്റെക്‌സ് ഗ്രൂപ്പ് വിവിധ മണ്ഡലങ്ങളിൽ സർവേ നടത്തുകയും ചെയ്തു. 5 ഇടത്ത് നിർണായക സ്വാധീനം ഉണ്ടാക്കാൻ കഴിയുമെന്നാണ് കിറ്റെക്‌സിന്റെ വിലയിരുത്തൽ. മറ്റിടങ്ങളിലും മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കി മത്സരിക്കാനുള്ള സാധ്യതകളാണ് ട്വന്റി 20 തേടുന്നത്. വിരമിച്ച ജഡ്ജിമാർ, ഐഎഎസ് ഓഫീസർമാർ തുടങ്ങിയവരെയാണ് ട്വന്റി 20 സ്ഥാനാർഥികളാക്കാൻ ആലോചിക്കുന്നത്. പലരുമായും പ്രാഥമികമായ ചർച്ചകളും പൂർത്തിയാക്കിയിട്ടുണ്ട്.

തിരിച്ചടി ആർക്ക്

കുന്നത്തുനാട്, പെരുമ്പാവൂർ, പിറവം, മൂവാറ്റുപുഴ, തൃക്കാക്കര എന്നി മണ്ഡലങ്ങളാണ് ട്വന്റി 20 മുൻഗണന നൽകുന്ന മണ്ഡലങ്ങൾ. ഈ അഞ്ച് മണ്ഡലങ്ങളിൽ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. അത് കൊണ്ട് തന്നെ ഈ മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള ട്വന്റി 20യുടെ തീരുമാനം യുഡിഎഫ് ക്യാമ്പിനെയാണ് കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ഇതിൽ കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് തദ്ദേശതെരഞ്ഞെടുപ്പിൽ 39164 വോട്ടുകളാണ് ട്വന്റി 20 നേടിയത്. ട്വന്റി 20 മത്സരിച്ച പഞ്ചായത്തുകളിൽ കൂടുതൽ വോട്ട് ചോർത്തയുണ്ടായതും യുഡിഎഫ് ക്യാമ്പിൽ നിന്നാണ്.

വിഫോർ പീപ്പിൾസ് പാർട്ടി

തദ്ദേശതെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിൽ മത്സരരംഗത്തുണ്ടായിരുന്ന വി ഫോർ കൊച്ചിയുടെ പുതിയ രൂപമാണ് വി ഫോർ പീപ്പിൾസ് പാർട്ടി. പാർട്ടി രൂപീകരിച്ച് 3 മാസങ്ങൾക്കപ്പുറം നടന്ന തെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിൽ 10 ശതമാനം വോട്ടാണ് വിഫോർ കൊച്ചി സ്വന്തമാക്കിയത്. യുഡിഎഫിന് 9 ഡിവിഷനുകളിൽ വി ഫോർ കൊച്ചിയുടെ സാന്നിധ്യം മൂലം പരാജയമേറ്റു വാങ്ങേണ്ടി വന്നു. എൽഡിഎഫിന് 2 ഡിവിഷനുകളിലാണ് വി ഫോർ കൊച്ചിയുടെ സാന്നിധ്യം തിരിച്ചടിയായത്.

നിയമസഭ തെരഞ്ഞെടുപ്പിൽ 6 ഇടങ്ങളിലാണ് വി ഫോർ പീപ്പിൾസ് പാർട്ടി മത്സരത്തിനൊരുങ്ങുന്നത്. എറണാകുളം, കൊച്ചി, തൃക്കാക്കര, തൃപ്പൂണിത്തുറ, വൈപ്പിൻ, കളമശ്ശേരി എന്നീ മണ്ഡലങ്ങൾ. 3 മണ്ഡലങ്ങൾ എൽഡിഎഫും 3 ഇടത്ത് യുഡിഎഫുമാണ് നിലവിൽ എംഎൽഎ സ്ഥാനം വഹിക്കുന്നത്. ഇതിൽ യുഡിഎഫ് വിജയിച്ചതും ഇത്തവണ പ്രതീക്ഷ വെക്കുന്നതുമായ എറണാകുളം, തൃക്കാക്കര, കൊച്ചി മണ്ഡലങ്ങളിലാണ് വി ഫോർ പീപ്പിൾസ് പാർട്ടിക്ക് വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത്. എറണാകുളവും തൃക്കാക്കരയും യുഡിഎഫ് സിറ്റിങ് സീറ്റുകളാണ്. കഴിഞ്ഞ തവണ ചെറിയ മാർജിനിൽ നഷ്ടപ്പെട്ട കൊച്ചിയാവട്ടെ ഇത്തവണ യുഡിഎഫ് വലിയ പ്രതീക്ഷ വെക്കുന്ന മണ്ഡലവും.

ചെല്ലാനം ട്വന്റിയും കൊച്ചി മണ്ഡലവും

ചെല്ലാനത്തെ കടൽക്ഷോഭം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട രാഷ്ട്രീയപാർട്ടികൾക്കെതിരായ പ്രദേശവാസികളുടെ പ്രതിഷേധമാണ് ചെല്ലാനം ട്വന്റി 20യുടെ രൂപീകരണത്തിലേക്ക് വഴിവെച്ചത്. രൂപീകരിച്ച് മാസങ്ങൾക്കിപ്പുറം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എട്ടു വാർഡുകളും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും വിജയിച്ച ചെല്ലാനം ട്വന്റി 20 നിയമസഭ തെരഞ്ഞെടുപ്പിൽ കൊച്ചി മണ്ഡലത്തിൽ മത്സരരംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ചെല്ലാനത്ത് വലിയ തിരിച്ചടിയാണ് ഉണ്ടായത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ചെല്ലാനം ട്വന്റി 20 പിടിച്ച വോട്ടുകൾ നിയമസഭ തെരഞ്ഞെടുപ്പിൽ നിലനിർത്താനായാൽ പോലും കൊച്ചി സീറ്റിൽ യുഡിഎഫ് വിയർപ്പൊഴുക്കേണ്ടി വരും. കഴിഞ്ഞ തവണ യുഡിഎഫ് വിമതൻ ഏഴായിരത്തോളം വോട്ടുകൾ പിടിച്ചതോടെയാണ് കെ ജെ മാക്‌സിക്ക് വിജയത്തിലേക്ക് എത്താൻ സാധിച്ചത്.

പ്രാദേശിക പാർട്ടികളുടെ നിയമസഭ രംഗപ്രവേശനം എൽഡിഎഫ് ക്യാമ്പിനെക്കാൾ യുഡിഎഫ് ക്യാമ്പിനാകും വെല്ലുവിളി ഉയർത്തുക. കിഴക്കമ്പലം ട്വന്റി 20 പ്രതീക്ഷ വെക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. വി ഫോർ പീപ്പിൾസ് പാർട്ടിയും ചെല്ലാനം ട്വന്റി 20യും തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നൽകിയ തിരിച്ചടി നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമോ എന്നതാണ് മറ്റൊരാശങ്ക.

Tags:    

Similar News