ടൂൾ കിറ്റ് കേസ്; മട്ടാഞ്ചേരിയിലെ സിനിമാക്കാരിക്കും ബന്ധം- ആരോപണവുമായി സന്ദീപ് വാര്യർ

വിഷയത്തിൽ മീഡിയ വൺ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Update: 2021-02-16 05:43 GMT

കൊച്ചി: ടൂൾ കിറ്റ് കേസിൽ മലയാളത്തിലെ സിനിമാക്കാർക്കും ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. മട്ടാഞ്ചേരി മാഫിയയിൽപ്പെടുന്ന ഒരു സിനിമാക്കാരിക്കും മറ്റൊരു ആക്ടിവിസ്റ്റായ സിനിമാക്കാരിക്കും ബന്ധമുണ്ട് എന്നാണ് സന്ദീപിന്റെ ആരോപണം. വിഷയത്തിൽ മീഡിയ വൺ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

' കേസിൽ മലയാളി ബന്ധം നിലവിൽ ഉണ്ടല്ലോ. നികിത ജേക്കബുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവരുമായി ബന്ധമുള്ള ഒരു മാധ്യമപ്രവർത്തകയുടെ പേരും പുറത്തുവന്നിട്ടുണ്ട്. ഇവർക്കൊപ്പം കേരളത്തിലെ മട്ടാഞ്ചേരി മാഫിയയിൽപ്പെടുന്ന ഒരു സിനിമാക്കാരി, മറ്റൊരു ആക്ടിവിസ്റ്റായ സിനിമാക്കാരി. ഇവരൊക്കെ ചേർന്നുള്ള ചില ചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവന്നിട്ടുണ്ട്' - എന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

Advertising
Advertising

' കേസിൽ രാജ്യത്തിനെതിരായി ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. ഈ പ്രചാരണം ശത്രുരാജ്യങ്ങളുടെ സഹായത്തോടെയാണ് നടക്കുന്നത്. പ്രത്യേക കേന്ദ്രങ്ങളിൽനിന്നാണ് പ്രചാരണം വരുന്നത്. ഇതിന് പാക് ബന്ധമുണ്ട്. ഖലിസ്ഥാൻ ഗ്രൂപ്പുകളുമായും ബന്ധമുണ്ട്. ഇതിൽ നടപടി വേണം' - അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബ്, ശന്തനു മുകുൾ എന്നിവരെ അറസ്റ്റ് ചെയ്യാനായി ഡൽഹി പൊലീസ് മഹാരാഷ്ട്രയിലെത്തി. ടൂൾ കിറ്റിന് പിന്നിൽ ഇവരാണ് എന്നാണ് പൊലീസ് പറയുന്നത്. ഇരുവർക്കും ഖാലിസ്ഥാൻ ബന്ധമുണ്ടെന്നും എക്സ്റ്റിൻഷ്യൻ റിബല്യൺ എന്ന തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. ഗ്രറ്റ തൻബർഗുമായി അടുത്ത ബന്ധമുള്ള ദിശ രവിയെ ബന്ധപ്പെടുന്നത് ഇവരാണ്. അങ്ങനെയാണ് ടൂൾ കിറ്റ് ഗ്രറ്റയിലെത്തുന്നതും അവർ ട്വിറ്ററിൽ കുറിപ്പിടുന്നതും- പൊലീസ് പറഞ്ഞു.

കേസിൽ ദിശ രവിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അതിനിടെ, അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നികിത നൽകിയ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി വിധിക്ക് അനുസരിച്ചാകും ഡൽഹി പൊലീസിന്റെ അടുത്ത നീക്കങ്ങൾ.

Tags:    

Similar News