സൗദി ദേശീയദിന ആഘോഷം; സ്വകാര്യ മേഖലക്ക് ഉള്‍പ്പടെ നാളെയും അവധി പ്രഖ്യാപിച്ചു
ഞായറാഴ്ചയാണ് ദേശീയ ദിനത്തിന്റെ ഭാഗമായുള്ള അവധി. ഇതിന് പുറമെ നാളെയും അവധിയാണെന്ന് സല്‍മാല്‍ രാജാവ് ഉത്തരവില്‍ അറിയിച്ചു. രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളേയും ആഘോഷത്തിന്റെ ഭാഗമാക്കുന്നതിനായാണ് തീരുമാനം.
എണ്‍പത്തിഎട്ടാമത് ദേശീയദിന ആഘോഷത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ നാളെയും (സെപ്.24) അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലക്കും അവധി ബാധകമാണ്.
ദേശീയദിനം പ്രമാണിച്ച് ആഘോഷ രാവിലാണ് സൗദി അറേബ്യ. ഒരാഴ്ച വരെ നീളുന്ന ആഘോഷ പരിപാടികള്‍. വെള്ളിയും ശനിയും നേരത്തെ അവധിയാണ്. ഞായറാഴ്ചയാണ് ദേശീയ ദിനത്തിന്റെ ഭാഗമായുള്ള അവധി. ഇതിന് പുറമെ നാളെയും അവധിയാണെന്ന് സല്‍മാല്‍ രാജാവ് ഉത്തരവില്‍ അറിയിച്ചു. തിങ്കളാഴ്ചത്തേക്കുള്ള അവധി സ്വകാര്യ മേഖലക്കും ബാധകമാണ്. ഇതിനാല്‍ സര്‍ക്കാരിതര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല.
രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളേയും ആഘോഷത്തിന്റെ ഭാഗമാക്കുന്നതിനായാണ് ഈ തീരുമാനം. ഇതോടെ നാലു ദിനം ഒന്നിച്ച് അവധി ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍. പലരും വിവിധ പരിപാടികളില്‍ കുടുംബത്തോടൊപ്പം അണി ചേര്‍ന്നു. ബാച്ചിലര്‍മാര്‍ക്ക് പ്രവേശനമുള്ള പരിപാടികളും ഏറെയുണ്ട്.