അറബ് രാഷ്ട്രങ്ങള്‍ക്ക് സേവന മേഖലയില്‍ വിപണി സ്വതന്ത്രമാക്കി സൗദി

അറബ് ലീഗിന്‍െറ സാമ്പത്തിക, സാമൂഹിക സഭയുടെ അംഗീകാരം ലഭിച്ച അംഗരാജ്യങ്ങള്‍ക്കിടയിലെ സഹകരണമാണ് ഇതോടെ സൗദിയില്‍ പ്രാബല്യത്തില്‍ വരുന്നത്

Update: 2018-09-25 20:22 GMT
Advertising

അറബ് രാഷ്ട്രങ്ങള്‍ക്ക് സേവന മേഖലയില്‍ വിപണി സ്വതന്ത്രമായി തുറന്നുകൊടുക്കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചു. സല്‍മാന്‍ രാജാവിന്‍െറ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സ്വതന്ത്ര വിപണിക്കുള്ള അംഗീകാരം നല്‍കിയത്.

വാണിജ്യ, നിക്ഷേപ മന്ത്രി സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് വാര്‍ത്തവിനിമയ മന്ത്രി ഡോ. അവ്വാദ് ബിന്‍ സാലിഹ് അല്‍അവ്വാദ് വിശദീകരിച്ചു. കിരീടാവകാശി അദ്ധ്യക്ഷനായുള്ള സൗദി സാമ്പത്തിക, വികസന സമിതി നാല് മാസം മുമ്പ് സമര്‍പ്പിച്ച നിര്‍ദേശത്തെ അടിസ്ഥാനമാക്കിയാണ് വാണിജ്യ, നിക്ഷേപ മന്ത്രാലയം തങ്ങളുടെ ശിപാര്‍ശ സമര്‍പ്പിച്ചത്.

അറബ് രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക സഹകരണം ശക്തമാവാനും സേവന രംഗത്തെ പരിചയം കൈമാറാനും മന്ത്രിസഭ തീരുമാനം കാരണമായേക്കും. അറബ് ലീഗിന്‍െറ സാമ്പത്തിക, സാമൂഹിക സഭയുടെ അംഗീകാരം ലഭിച്ച അംഗരാജ്യങ്ങള്‍ക്കിടയിലെ സഹകരണമാണ് ഇതോടെ സൗദിയില്‍ പ്രാബല്യത്തില്‍ വരുന്നത്. സൗദി ദേശീയ ദിന പരിപാടികള്‍ വിലയിരുത്തിക്കൊണ്ടാണ് ചൊവ്വാഴ്ച മന്ത്രിസഭ യോഗം ആരംഭിച്ചത്.

രാഷ്ട്രപുരോഗതിയില്‍ പങ്കാളിത്തം വഹിച്ച പതിറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തെ അയവിറക്കിക്കൊണ്ടുള്ള മുന്നേറ്റത്തിന് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. കൂടുതല്‍ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും കുതിക്കാന്‍ ചരിത്രം നമുക്ക് പ്രേരണയാവണമെന്ന് രാജാവ് മന്ത്രിസഭാംഗങ്ങളെ ഉണര്‍ത്തി.

Tags:    

Similar News