സൗദിയുടെ വരുമാനത്തില്‍ വര്‍ദ്ധന; ബജറ്റ് കമ്മി കുറയുമെന്ന് പ്രതീക്ഷ
783 ബില്യന്‍ റിയാല്‍ വരവാണ് ഇത്തവണ പ്രതീക്ഷിച്ചത്. ഇത് പക്ഷേ 903 ബില്യനിലേക്ക് ഉയരും.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സൗദി അറേബ്യയുടെ പൊതുബജറ്റ് കമ്മി പ്രതീക്ഷിച്ചതിലും കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ട്. വിവിധ മേഖലകളിലുണ്ടായ സാമ്പത്തിക നേട്ടം സൂചിപ്പിക്കുന്നതാണ് റിപ്പോര്‍ട്ട്. വികസന ലക്ഷ്യം വെച്ചാണ് ഇത്തവണത്തെ ബജറ്റ് എത്തുന്നത്.
195 ബില്യന്‍ റിയാലിന്റെ കമ്മി ബജറ്റാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. വിവിധ മേഖകളില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിച്ചതോടെ കമ്മി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്മി 124 ബില്യനാക്കി കുറക്കാനാവുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. പ്രതീക്ഷിച്ചിതിനേക്കാള്‍ 36 ശതമാനം കുറവ്. രാജ്യം കഴിഞ്ഞ മാസങ്ങളില്‍ കൈവരിച്ച സാമ്പത്തിക നേട്ടത്തിന്‍റെ സൂചനയാണിതെന്നും സാമ്പത്തിക മാധ്യമങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ 230 ബില്യന്‍ കമ്മിയുണ്ടായിരുന്നതുമായി തുലനം ചെയ്യുമ്പോള്‍ വരുമാനത്തില്‍ വന്‍ കുതിപ്പാണ് നടപ്പുവര്‍ഷത്തില്‍ നടത്തിയത്.
പെട്രോളിതര വരുമാനം 30 ശതമാനത്തോളം ഉയര്‍ത്താനായി. 783 ബില്യന്‍ റിയാല്‍ വരവാണ് ഇത്തവണ പ്രതീക്ഷിച്ചത്. ഇത് പക്ഷേ 903 ബില്യനിലേക്ക് ഉയരും. അതേസമയം 978 ബില്യന്‍ റിയാല്‍ ചെലവ് പ്രതീക്ഷിച്ചത് 1,027 ബില്യനായും ഉയര്‍ന്നേക്കുമെന്നാണ് സൂചന. സ്വദേശികള്‍ക്ക് വിലക്കയറ്റ ആനൂകൂല്യം നല്‍കാന്‍ തീരുമാനിച്ചതാണ് ചെലവ് കൂടാന്‍ പ്രത്യക്ഷ കാരണം. അതേസമയം പൗരന്മാരുടെ ക്ഷേമത്തിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഉപകരിക്കുന്ന ഇനങ്ങള്‍ അടുത്ത വര്‍ഷത്തെ ബജറ്റിലും ഉള്‍പ്പെടും.