ഫോര്‍മുല - ഇ കാറോട്ട മത്സരത്തിന് റിയാദില്‍ തുടക്കം
കാറോട്ട മല്‍സരത്തോടനുബന്ധിച്ച് നിരവധി സാംസ്കാരിക, വിനോദ പരിപാടികളും നടക്കുന്നുണ്ട്
ഫോര്‍മുല - ഇ കാറോട്ട മത്സരത്തിന് സൌദിയിലെ റിയാദില്‍ തുടക്കമായി. സൌദി കിരീടാവകാശിക്കൊപ്പം ലോകോത്തര താരങ്ങളും ആദ്യ റൌണ്ട് മത്സരങ്ങള്‍ കാണാനെത്തി. ചാറ്റല്‍ മഴയില്‍ നനഞ്ഞ ട്രാക്കുകളില്‍ ആവേശകരമായിരുന്നു മത്സരം.
സൗദിയുടെ മല്‍സര വാഹനമായ ജാഗ്വാര്‍ ഒന്നും നിരത്തിലിറങ്ങി. ഇലക്ട്രിക്കല്‍ കാറുകളുടെ മത്സരം നടന്നത് ദറഇയ്യയില്‍ സജ്ജമാക്കിയ ട്രാക്കില്‍. വനിതാ താരങ്ങളും ട്രാക്കിലിറങ്ങി. സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഫോര്‍മുല കാറോട്ട മത്സര സംഘാടകരും ഫുട്ബോള്‍ താരം വെയ്ന്‍ റൂണി അടക്കമുള്ളവരും ഉദ്ഘാടന ചടങ്ങിലെത്തി.
കാറോട്ട മല്‍സരത്തോടനുബന്ധിച്ച് നിരവധി സാംസ്കാരിക, വിനോദ പരിപാടികളും നടക്കുന്നുണ്ട്. കോടിക്കണക്കിന് റിയാലിന്‍റെ വരുമാനമാണ് ഈ ഒരൊറ്റ മത്സരത്തിലൂടെ സൌദിയിലെത്തുന്നത്. വിദേശികളാണ് കൂടുതല്‍. മുന്നൂറ് റിയാലാണ് ഒരു ദിന പ്രവേശന പാസിന്. ഇന്നത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ നാളെയാണ് ഫൈനല്‍ റൌണ്ട് മത്സരങ്ങള്‍.