ചില്ലറ ഇന്ധന മേഖലയില്‍ ചുവടുറപ്പിക്കാന്‍ സൗദി അരാകോ
സൗദി അറാംകോയുടെ ചില്ലറ വിൽപന ജോലികളുടെ ചുമതല പുതിയ കമ്പനി വഹിക്കും
ചില്ലറ ഇന്ധന വിൽപന മേഖലയിൽ ചുവടുറപ്പിക്കാന്‍ എണ്ണ ഭീമനായ സൗദി അരാംകോ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി അത്യാധുനിക സൌകര്യങ്ങളോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ധന വില്‍പന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു തുടങ്ങി. ആഗോള ചില്ലറ ഇന്ധന വില്‍പന മേഖലയിലേക്ക് നിക്ഷേപമിറക്കുന്നതിന്റെ ഭാഗമായാണ് നടപടി. സൗദി അറാംകോയുടെ പൂർണ ഉടമസ്ഥതയിലാണ് പുതിയ കമ്പനി.
സൗദി അറാംകോയുടെ ചില്ലറ വിൽപന ജോലികളുടെ ചുമതല പുതിയ കമ്പനി വഹിക്കും. ഇന്ധന വിൽപന, പെട്രോൾ ബങ്കുകള്‍, ഇവ കേന്ദ്രീകരിച്ചുള്ള വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും അരാംകോ നിര്‍മിക്കും. മുന്തിയ നിലവാരത്തിലുള്ള എണ്ണക്കൊപ്പം ഓരോ ബങ്കിലും മെച്ചപ്പെട്ട സേവനമൊരുക്കും അരാംകോ.
സൗദിയിൽ പെട്രോൾ ബങ്ക് ശൃംഖല വ്യാപിപ്പിക്കുമെന്ന് സൗദി അറാംകോ സീനിയർ വൈസ് പ്രസിഡന്റ് എൻജിനീയർ അബ്ദുൽ അസീസ് അൽഖദീമി അറിയിച്ചു. സൗദി അറാംകൊ ട്രേഡ്മാർക്ക് ഉറപ്പു നൽകുന്ന ഉയർന്ന ഗുണമേന്മയും വിശ്വാസ്യതയും സുരക്ഷയും പുതിയ കേന്ദ്രങ്ങളിലുണ്ടാകും.
ഇന്ധന ചില്ലറ വ്യാപാര മേഖലയിൽ സേവന മാനദണ്ഡങ്ങൾ ഉയർത്തുന്നതിനും പുതിയ കമ്പനി സഹായകമാകുമെന്ന് അരാംകോ അവകാശപ്പെട്ടു.