ദമ്മാമില്‍ നിന്ന് കണ്ണൂരിലേക്ക് ആദ്യ വിമാന സര്‍വീസ് നാളെ
പ്രത്യേക ഓഫറുകളോട് കൂടിയാണ് ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നത്
സൗദിയിലെ ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് ഗോ എയര്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ആദ്യമായാണ് ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് ഒരു വിമാന കമ്പനി സര്‍വീസ് ആരംഭിക്കുന്നത്. കുറഞ്ഞ നിരക്കിലും പ്രത്യേക ഓഫറുകളോടും കൂടിയാണ് ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ വടക്കന്‍ മലബാറുകാരുടെ സ്വപ്‌നം നാളെ പൂവണിയും. ദമ്മാമില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഇനി സ്വന്തം മണ്ണില്‍ പറന്നിറങ്ങാം. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നാളെ മുതല്‍ ഗോ എയര്‍ ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കും. രാവിലെ 6.55ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ആദ്യ വിമാനം 8.55ന് ദമ്മാമില്‍ എത്തും. തിരിച്ച് 9.55ന് കണ്ണൂരിലേക്കും പറക്കും.
പ്രത്യേക നിരക്ക് ഇളവോട് കൂടിയാണ് സര്‍വീസ് ആരംഭിക്കുന്നത്. 499 റിയാലിന് വണ്‍വേയും 999 റിയാലിന് ടൂവേ സര്‍വീസും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. ക്രിസ്മസ്, പുതുവല്‍സര ആഘോഷ സീസണിലും നിരക്കിളവ് ലഭ്യമാകും. നാളെ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ വാര്‍ത്തകളെ അധികൃതര്‍ നിഷേധിച്ചു.
കാത്തിരിപ്പിനൊടുവില്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ദമ്മാമിലെ കണ്ണൂരുകാര്‍. പലരും ആദ്യ യാത്രയില്‍ തന്നെ നാട്ടിലെത്താനുള്ള ഒരുക്കത്തിലാണിപ്പോള്‍.