അലഞ്ഞു തിരിഞ്ഞ് നടക്കേണ്ട..; ഹാഇലിൽ വഴികാട്ടാൻ ഇനി ടൂറിസ്റ്റ് ഗൈഡുകൾ
500-ലധികം സ്ഥലങ്ങളിലായി സേവനങ്ങൾ ലഭ്യമാകും
റിയാദ്: സൗദിയിലെ സാംസ്കാരിക ടൂറിസം കേന്ദ്രമായ ഹാഇൽ പ്രവിശ്യയിൽ സന്ദർശകർക്ക് സമഗ്രമായ ടൂറിസ്റ്റ് ഗൈഡുകളുടെ സേവനമൊരുക്കി മുനിസിപ്പാലിറ്റി. സന്ദർശകർക്ക് വിശദമായ വിവരങ്ങളും സഹായവും നൽകാൻ പ്രത്യേക പരിശീലനം ലഭിച്ച ടൂറിസ്റ്റ് ഗൈഡുകളെയാണ് വിന്യസിക്കുക. രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകർക്ക് 500-ലധികം സ്ഥലങ്ങളിലായി ഈ സേവനം ലഭ്യമാകും.
പൈതൃക കേന്ദ്രങ്ങൾക്കൊപ്പം വിനോദ പാർക്കുകൾ, റിസർവുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, റിസോർട്ടുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ആശുപത്രികൾ, കായിക സൗകര്യങ്ങൾ തുടങ്ങിയവയും ടൂറിസ്റ്റ് ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർക്ക് യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാൻ ഇത് സഹായകമാകും. ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും വൈവിധ്യമാർന്ന അനുഭവങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കുകയും ചെയ്യും. ഹാഇൽ മേഖലയുടെ ടൂറിസ വികസനത്തിനും സന്ദർശക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഏറ്റവും പുതിയ നടപടിയായാണ് ഈ സമഗ്ര ടൂറിസ്റ്റ് ഗൈഡിനെ കണക്കാക്കുന്നത്.