പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ ഇന്ത്യയിലെ സാഹചര്യത്തില്‍ ആശങ്കയോടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍; ന്യൂനപക്ഷ അവകാശം സംരക്ഷിക്കണമെന്ന് ഒഐസി
57 ഇസ്ലാമിക-അറബ് രാജ്യങ്ങളാണ് ഒഐസിയില്‍ ഉള്ളത്
ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധമാണെന്നും കൂടുതല്‍ പൌരന്മാരെ ഗള്‍ഫ് ജയിലില്‍ നിന്നും മോചിപ്പിച്ചത് തന്റെ ഭരണകാലത്താണെന്നും ഇന്ന് പ്രധാനമന്ത്രി പ്രസംഗിച്ചിരുന്നു. പൌരത്വ ഭേദഗതി വിഷയത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇടപെടില്ലെന്ന് സൂചിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതിനിടെയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്റെ പ്രസ്താവന. ഗള്‍ഫിലെ മുഴുവന്‍ രാഷ്ട്രങ്ങളടക്കം 57 രാജ്യങ്ങള്‍ അംഗമാണ് ഒഐസിയില്‍.
പൗരത്വ അവകാശങ്ങൾ, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിലെ മുസ്ലീംകൾ നേരിടുന്ന പ്രശ്നങ്ങള്‍ ഒഐസി സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ സുരക്ഷയും പുണ്യസ്ഥലങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തണമെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്ര സഭയുടെ തത്വമനസരിച്ച് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ വിവേചനം കൂടാതെ അനുവദിച്ചുകൊടുക്കണം. അതല്ലാത്ത സാഹചര്യങ്ങൾ ഉണ്ടായാൽ സമാധാനവും സുരക്ഷയും അപകടത്തിലാവുമെന്നും ഗുരുതര പ്രത്യാഘാതങ്ങൾക്ക്
കാരണമായേക്കുമെന്നും ഒ.ഐ.സി പ്രസ്താവനയില്‍ പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ചില്‍ അബൂദബിയില്‍ നടന്ന ഒഐസി ഉച്ചകോടിയില്‍ ഇന്ത്യയുടെ വിദേശ കാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് പങ്കെടുത്തിരുന്നു. 1969 രൂപീകരിച്ച ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യത്തിന്റെ സമ്മേളനത്തില്‍ ഇന്ത്യക്ക് ആദ്യമായാണ് അന്ന് ക്ഷണം ലഭിച്ചത്. നിലവില്‍ ഇന്ത്യയില്‍ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഒഐസിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം മലേഷ്യയില്‍ നടന്ന വിവിധ അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിലും ഇന്ത്യയിലെ ന്യൂനപക്ഷത്തിന് നേരെയുള്ള നീക്കങ്ങളെ അപലപിച്ചിരുന്നു.