കോവിഡ് ആശങ്കക്കിടെ കരിപ്പൂരില്‍ നിന്ന് സൗദിയിലേക്ക് കൊള്ള നിരക്ക് ഈടാക്കുന്നതായി യാത്രക്കാര്‍
ഇന്ന് യാത്രക്കാരില്‍ നിന്നും ഈടാക്കിയത് 30,000 മുതല്‍ 70,000 രൂപവരെയെന്ന് യാത്രക്കാര്‍ മീഡിയവണിനോട് പറഞ്ഞു
കോവിഡ് 19 ന്‍റെ സാഹചര്യത്തില്‍ സൌദിയിലേക്ക് പ്രവേശിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ കരിപ്പൂരില്‍ നിന്നും സൌദിയിലേക്ക് കൊള്ള നിരക്ക് ഈടാക്കുന്നതായി യാത്രക്കാരുടെ പരാതി. ഇന്ന് യാത്രക്കാരില്‍ നിന്നും ഈടാക്കിയത് 30,000 മുതല്‍ 70,000 രൂപവരെയെന്ന് യാത്രക്കാര്‍ മീഡിയവണിനോട് പറഞ്ഞു. പരമാവധി ഇരുപതിനായിരം രൂപ വരെയുള്ള സ്ഥാനത്താണ് കൊള്ളനിരക്കില്‍ ചൂഷണം നടക്കുന്നത്. വിമാനത്താവളത്തില്‍ ഏജന്റുമാരാണ് പാസ്പോര്‍ട്ട് വാങ്ങി ബോര്‍ഡിങ് പാസ് നല്‍കുന്നതെന്നും യാത്രക്കാര്‍ പറയുന്നു.
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ യാത്രവിലക്ക് പ്രഖ്യാപിച്ച സൌദിയിലേക്ക് പ്രവേശിക്കാനുള്ള സമയം ശനിയാഴ്ച്ചയോടെ അവസാനിക്കും. ഈ സമയ പരിധി അവസാനിച്ചാല്‍ സൌദിയിലേക്ക് പോകാന്‍ വിലക്ക് നീങ്ങിയാലേ സാധിക്കൂ. എത്ര ദിവസം യാത്രാ വിലക്ക് തുടരും എന്ന് മന്ത്രാലയം അറിയിച്ചിട്ടില്ല.