റമദാൻ: സൗദിയിൽ പള്ളികൾക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ഇസ്‌ലാമിക കാര്യ മന്ത്രാലയമാണ് നിർദേശങ്ങൾ നൽകുന്നത്

Update: 2026-01-21 17:02 GMT
Editor : Thameem CP | By : Web Desk

സൗദിയിൽ റമദാന് മുന്നോടിയായി പള്ളികൾക്ക് പുതിയ മാർഗനിർദേശങ്ങൾ നൽകി ഇസ്ലാമിക് കാര്യ മന്ത്രാലയം. വിശ്വാസികൾക്ക് റമദാനിൽ സുരക്ഷിതവും ആത്മീയവുമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് സർക്കുലർ നൽകിയത്. ഉമ്മുൽ ഖുറ കലണ്ടർ പ്രകാരമുള്ള നമസ്‌കാര സമയക്രമം കർശനമായി പാലിക്കണമെന്നും, ഇശാ-ഫജർ ബാങ്കുകൾക്ക് ശേഷം 15 മിനിറ്റ് കഴിഞ്ഞ് മാത്രമേ നമസ്‌കാരം ആരംഭിക്കാവൂ എന്നും നിർദേശമുണ്ട്. പള്ളിയിലെ ജീവനക്കാരുടെ ഹാജർ നിർബന്ധമാക്കിയ മന്ത്രാലയം, അവധി ആവശ്യമുള്ളവർ പകരക്കാരെ മുൻകൂട്ടി നിശ്ചയിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. റമദാനിലെ അവസാന പത്തു ദിനങ്ങളിലെ രാത്രി നമസ്‌കാരം പ്രഭാതത്തിന് മുമ്പ് വിശ്വാസികൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പൂർത്തിയാക്കണമെന്നും മാർഗരേഖയിൽ പറയുന്നു.

പള്ളികളിൽ ഇഅ്തികാഫ് ഇരിക്കുന്നവർ കൃത്യമായി രജിസ്റ്റർ ചെയ്യണമെന്നും വിദേശികളാണെങ്കിൽ സ്‌പോൺസറുടെ അനുമതി പത്രം കരുതണമെന്നും മന്ത്രാലയം അറിയിച്ചു. പള്ളി പരിസരങ്ങളിൽ യാചനയ്ക്ക് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ജീവനക്കാർ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കണം. മന്ത്രാലയത്തിന് കീഴിൽ ദിവസവും പള്ളികളിൽ പരിശോധന നടത്തുമെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News