സ്വകാര്യ മേഖലക്ക് ഉത്തേജന പാക്കേജുമായി സൗദി കേന്ദ്രബാങ്ക്
രാജ്യത്തെ സ്വകാര്യ മേഖലയുടെ ഉത്തജനം ലക്ഷ്യമാക്കിയാണ് സാമ (SAMA) പുതിയ പാക്കേജ് പ്രഖ്യാപിച്ചത്.
സൗദിയിലെ സ്വകാര്യ മേഖലക്ക് ഉത്തേജന പാക്കേജുമായി സെന്‍ട്രല്‍ ബാങ്കായ സാമ (Saudi Arabian Monetary Authority) . കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിപണി നേരിടുന്ന മാന്ദ്യം ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്. മൂന്ന് മേഖലകളിലായി അന്‍പത് ബില്യണ്‍ റിയാലാണ് സാമ ഇതിനായി വിനിയോഗിക്കുക.
രാജ്യത്തെ സ്വകാര്യ മേഖലയുടെ ഉത്തജനം ലക്ഷ്യമാക്കിയാണ് സാമ പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിപണി നേരിടുന്ന മാന്ദ്യം ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടാണ് പ്രഖ്യാപനം.
ഇതിനായി അന്‍പത് ബില്യണ്‍ റിയാല്‍ ധനസഹായം നല്‍കുമെന്ന് ദേശീയ ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററിംഗ് അതോറിറ്റി അറിയിച്ചു. രാജ്യത്തെ ചെറുകിട ഇടത്തരം സംരഭകര്‍ക്കാണ് ഇതിന്റെ ഗുണം കൂടുതല്‍ ലഭ്യമാകുക. പുതിയ പദ്ധതി പ്രകാരം വിപണിയിലെ പണലഭ്യത ഉറപ്പ് വരുത്തുക, സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മൂലധനം ഉറപ്പ് വരുത്തുക, തൊഴില്‍ ലഭ്യതാ നിരക്ക് നിലനിര്‍ത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
ഇതു പ്രകാരം രാജ്യത്തെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളുടെ പേരില്‍ ആറ് മാസത്തേക്ക് നടപടി സ്വീകരിക്കാന്‍ അനുവാദമുണ്ടാകില്ല പകരം ബാങ്കുകള്‍ക്ക് കൂടുതല്‍ പണ ലഭ്യത ഉറപ്പ് വരുത്തും. സംരഭകര്‍ക്ക് പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ കൂടുതല്‍ വായ്പകള്‍ അനുവദിക്കും.
സംരഭകര്‍ സര്‍ക്കാറിലേക്ക് നല്‍കേണ്ട വിവിധ ഫീസുകള്‍ അടച്ചു തീര്‍ക്കുന്നതിന് സാവകാശം അനുവദിക്കും തുടങ്ങിയവയാണ് പുതിയ പദ്ധതിയുടെ മുഖ്യ ഗുണങ്ങള്‍.