കോവിഡ്: വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ പ്രതിസന്ധിയിലായി സൗദിയിലെ ട്രാവല്‍ ഏജന്‍സികള്‍
കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോട ഏറെ പ്രതിസന്ധി നേരിടുകയാണ് രാജ്യത്തെ ട്രാവല്‍ ആന്റ് ടൂറിസം മേഖല. രാജ്യത്തേക്കുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദ് ചെയ്തതോടെ ഉപഭോക്താക്കള്‍ക്ക് ടിക്കറ്റ് തുക ഒരുമിച്ച് തിരിച്ചു നല്‍കേണ്ട അവസ്ഥായാണിപ്പോള്‍.
രോഗ പകര്‍ച്ചയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഏറെ പ്രതിസന്ധി നേരിടുകയാണ് രാജ്യത്തെ ട്രാവല്‍ ഏജന്‍സികള്‍. ദിനേന നൂറുകണക്കിന് പേര്‍ എത്തിയിരുന്ന ട്രാവല്‍സുകളില്‍ ഇപ്പോള്‍ ടിക്കറ്റ് തുക തിരികെ നല്‍കുന്ന ജോലി മാത്രമാണ് നടന്നു വരുന്നത്. വിമാന കമ്പനികള്‍ തിരികെ നല്‍കുന്ന ടിക്കറ്റ് തുകയിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇതും ട്രാവല്‍ ഏജന്‍സികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ഇവര്‍ പറയുന്നു. നിയന്ത്രണങ്ങള്‍ നീണ്ടാല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കായിരിക്കും ഈ മേഖല ചെന്നെത്തുക. ഏജന്‍സികള്‍ പലതും ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധിയുള്‍പ്പെടെ നല്‍കി പ്രതിസന്ധി മറികടക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍.