ആറ് ബി.ജെ.പി മന്ത്രിമാര്‍ക്കെതിരായ ലൈംഗിക ആരോപണം; റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

മന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങളടങ്ങിയ 19 സിഡികള്‍ മാധ്യമങ്ങളുടെ കൈവശം ലഭിച്ച സാഹചര്യത്തിലാണ് ആറ് മന്ത്രിമാര്‍ കോടതിയെ സമീപിച്ചത്

Update: 2021-03-07 07:55 GMT

കര്‍ണാടകയില്‍ ആറ് മന്ത്രിമാര്‍ക്കെതിരായി ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളില്‍ സംപ്രേക്ഷണ, പ്രസിദ്ധീകരണത്തില്‍ നിന്നും 68 മാധ്യമ സ്ഥാപനങ്ങളെ കോടതി വിലക്കി. ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗികമായി ഉപയോഗിച്ചു എന്ന ആരോപണത്തില്‍ കര്‍ണാടക മന്ത്രിസഭയിലെ ആറ് മന്ത്രിമാരും എം.എല്‍.എമാരുമാണ് ഉള്‍പ്പെട്ടത്. ആരോപണം സംസ്ഥാനത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.

മന്ത്രിമാരായ ശിവറാം ഹെബ്ബാര്‍, ബി.സി പാട്ടീല്‍, എച്ച്.ടി സോമശേഖര്‍, കെ സുധാകര്‍, നാരായണ്‍ ഗൗഡ, ഭൈരതി ബസ്വരാജ് എന്നിവരാണ് ലൈംഗികാരോപണത്തില്‍ വിവാദത്തിലായത്. മന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങളടങ്ങിയ 19 സിഡികള്‍ മാധ്യമങ്ങളുടെ കൈവശം ലഭിച്ച സാഹചര്യത്തിലാണ് ആറ് മന്ത്രിമാര്‍ കോടതിയെ സമീപിച്ചത്. ദൃശ്യങ്ങള്‍ തങ്ങളുടെ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും തങ്ങള്‍ ഇതില്‍ പങ്കാളികളാണെന്ന് മണ്ഡലങ്ങളിലെ വോട്ടർമാര്‍ കരുതുമെന്നും മന്ത്രിമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ബെംഗളൂരുവിലെ കോടതിയാണ് മാധ്യമങ്ങളോട് ഈ ആരോപണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ആരോപണത്തിലുള്‍പ്പെട്ട ആറ് മന്ത്രിമാരും കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ നിന്ന് 2019ല്‍ ബിജെപിയിലേക്ക് കൂടുമാറിയവരാണ്.

മാധ്യമ ആരോപണത്തെ തുടര്‍ന്ന് നേരത്തെ ഒരു മന്ത്രി രാജിവെച്ചിരുന്നു. സംസ്ഥാന ജലവിഭവ മന്ത്രി രമേശ് ത്സര്‍കിയോളിയാണ് മന്ത്രിയും യുവതിയും തമ്മിലുള്ള ലൈംഗിക ദൃശ്യങ്ങള്‍ ടി.വി ചാനലിലൂടെ സംപ്രേക്ഷണം ചെയ്തതോടെ രാജിവെച്ചത്. തനിക്കെതിരായ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് മന്ത്രി രാജി സമര്‍പ്പിക്കവേ പറഞ്ഞു. അതെ സമയം വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് സൃഷ്ടിച്ചതാണെന്നും ഡീപ്പ് ഫേക്ക് ടെക്നോളജി ഉപയോഗിച്ച് ചെയ്തതാണെന്നും മന്ത്രിമാര്‍ ആരോപിച്ചു.

Tags:    

Similar News