'പാര്‍ട്ടി പറഞ്ഞാല്‍ പിണറായി വിജയനെതിരെ മല്‍സരിക്കും': ഷുഹൈബിന്‍റെ പിതാവ്

'ധര്‍മടത്തോ തലശ്ശേരിയിലോ പാര്‍ട്ടി പറഞ്ഞാല്‍ താനോ തന്‍റെ കുടുംബത്തില്‍ നിന്നുള്ളവരോ മത്സരിക്കാന്‍ തയ്യാറാണ്'

Update: 2021-02-17 16:06 GMT

പാര്‍ട്ടി പറഞ്ഞാല്‍ പിണറായി വിജയനെതിരെ കണ്ണൂര്‍ ധര്‍മടം മണ്ഡലത്തില്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് ഷുഹൈബിന്‍റെ പിതാവ്. ധര്‍മടത്ത് പിണറായിക്കെതിരെ ഷുഹൈബിന്‍റെ പിതാവ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഷുഹൈബിന്‍റെ പിതാവ് സി.പി മുഹമ്മദ് പ്രതികരണവുമായി രംഗത്തുവന്നത്. അതെ സമയം സ്ഥാനാര്‍ത്ഥിത്വ വിഷയത്തില്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് സി.പി മുഹമ്മദ് പ്രതികരണം അറിയിച്ചത്.

ധര്‍മടത്തോ തലശ്ശേരിയിലോ പാര്‍ട്ടി പറഞ്ഞാല്‍ താനോ തന്‍റെ കുടുംബത്തില്‍ നിന്നുള്ളവരോ മത്സരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ മത്സരിക്കണമെന്ന ആവശ്യം ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും തീരുമാനം പാര്‍ട്ടിയുടേതാണെന്നും സി.പി മുഹമ്മദ് പറഞ്ഞു.

Advertising
Advertising

സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രവര്‍ത്തിക്കും. കൊല്ലപ്പെട്ട ഷുഹൈബിന് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടര്‍ന്നാല്‍ നീതി ലഭിക്കില്ല. യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തിയാല്‍ നീതി നടപ്പിലാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2018 ഫെബ്രുവരിയിലാണ് കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടുപേരെ സിപിഐഎം പിന്നീട് പുറത്താക്കിയിരുന്നു. പ്രതികളായ ആകാശ് തില്ലങ്കേരി, അസ്‌കര്‍, അഖില്‍, ദീപ്ചന്ദ് എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടിയെടുത്തത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ മമ്പറം ദിവാകരനായിരുന്നു പിണറായി വിജയനെതിരെ മല്‍സരിച്ച് പരാജയപ്പെട്ടത്. ദിവാകരനെ 36,905 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനാണ് പിണറായി വിജയന്‍ മലര്‍ത്തിയടിച്ചത്.

Tags:    

Similar News