ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സിറ്റി വാരിയെറിഞ്ഞത് 1905 കോടി; പെപ്പിന് പണി കിട്ടുമോ ?
അബ്ദുൽകോദിർ കുസനോവ്, ഒമർ മർമോഷ്, വിറ്റർ റെയിസ്, നിക്കോ ഗോൺസാലസ് എന്നിവരാണ് ജനുവരി ട്രാന്‍സ്ഫറിന്‍ പെപ്പിന്‍റെ സംഘത്തിനൊപ്പം ചേര്‍ന്നത്
മാഞ്ചസ്റ്റർ സിറ്റിക്ക് ഇത് അത്ര നല്ല സമയമല്ല. പ്രീമിയർലീഗിൽ തുടർ പരാജയങ്ങൾ. ചാമ്പ്യൻസ് ലീഗിൽ മുന്നേറണമെങ്കിൽ റയൽ മാഡ്രിഡിനെതിരെ പ്ലേഓഫ് കടമ്പ കടക്കണമെന്ന അവസ്ഥ, ഇതിനെല്ലാം പുറമെ വിടാതെ പിന്തുടരുന്ന പരിക്കുകളും. എങ്ങനെയും പഴയഫോമിലേക്ക് മടങ്ങിയെത്തണം. ഈയൊരു ലക്ഷ്യവുമായി മാഞ്ചസ്റ്റർ സിറ്റി നേരെ പോയത് ജനുവരി ട്രാൻസ്ഫർ വിൻഡോയിലേക്കായിരുന്നു.
എതിരാളികളായ ക്ലബുകളെ കടത്തിവെട്ടി മാർക്കറ്റിൽ പണമെറിഞ്ഞ് പ്രധാന താരങ്ങളെയെത്തിക്കാനും പെപ് ഗ്വാർഡിയോളക്കും സംഘത്തിനുമായി. പ്രതിരോധത്തിന് കരുത്തായി ഉസ്ബകിസ്താൻ യുവതാരം അബ്ദുൽകോദിർ കുസനോവ്, ഈജിപ്ഷ്യൻ ഫോർവേഡ് ഒമർ മർമോഷ്, ബ്രസീലിയൻ താരം വിറ്റർ റെയിസ്, അവസാന ദിനത്തിൽ സ്പാനിഷ് മിഡ്ഫീൽഡർ നിക്കോ ഗോൺസാലസും ഗ്വാർഡിയോളയുടെ സംഘത്തിനൊപ്പം ചേർന്നു.
ഇവരെ എത്തിഹാദിൽ എത്തിക്കാനായി 175 മില്യൺ പൗണ്ട് ഏകദേശം 1905 കോടിയോളമാണ് ഇംഗ്ലീഷ് ക്ലബ് ചെലവഴിച്ചത്. 2018ൽ ഐമറിക് ലപ്പോർട്ടയെ അത്ലറ്റിക് ബിൽബാവോയിൽ നിന്ന് കൊണ്ടുവന്നതിന് ശേഷം മിഡ് സീസണിൽ ക്ലബ് കാര്യമായി ഇടപെടുന്നത് ഇപ്പോഴാണ്. എന്നാൽ ജനുവരിയിൽ താരങ്ങളെ കൂട്ടത്തോടെയെത്തിച്ചതോടെ മറ്റൊരു പ്രതിസന്ധിയാണ് ക്ലബ് അഭിമുഖീകരിക്കുന്നത്.
.ജനുവരി ട്രാൻസ്ഫറിൽ സുതാര്യമായാണ് ഇടപെട്ടതെന്നും ആശങ്കയില്ലെന്നും പെപ് ഗ്വാർഡിയോള വിശദീകരിക്കുമ്പോഴും സംശയ നിഴലിലാണ് ക്ലബുള്ളത്. പ്രീമിയർലീഗ് സാമ്പത്തിക നിയമങ്ങളിലുള്ള അന്വേഷണമാണ് ക്ലബിനെ കാത്തിരിക്കുന്നത്. സാമ്പത്തിക നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയാൽ ട്രാൻസ്ഫർ ഉപരോധമടക്കം നേരിടേണ്ടിവരും. പ്രീമിയർലീഗ് സാമ്പത്തിക നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് നേരത്തെയുള്ള 115 കേസുകളിൽ വാദം ഡിസംബറിൽ പൂർത്തിയായിരിക്കുകയാണ്. കേസുകളിൽ വിധി ഉടനുണ്ടാകും.
നിയമലംഘനം നടത്തിയതായി കണ്ടെത്തിയാൽ കടുത്തപിഴ മുതൽ പോയന്റ് ഡിഡക്ഷൻ വരെ സിറ്റിയെ കാത്തിരിക്കുന്നുണ്ട്. ഇതിനിടെ ജനുവരി ട്രാൻസ്ഫറും സംശയനിഴലിലായതോടെ സിറ്റി കൂടുതൽ സമ്മർദ്ദത്തിലായി