ഇംഗ്ലണ്ട് സെമിയില്‍

Update: 2018-02-11 19:16 GMT
Editor : admin
Advertising

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ സെമിയില്‍ ഇംഗ്ലണ്ടിന് 7 വിക്കറ്റ് ജയം

ട്വന്റി 20 ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെ 7 വിക്കറ്റിന് തകര്‍ത്തു ഇംഗ്ലണ്ട് സെമിയില്‍. ആദ്യം ബാറ്റു ചെയ്ത് ന്യൂസീലൻഡ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് വെല്ലുവിളികളില്ലാതെ മറികടന്നു. ഏഴു വിക്കറ്റും 17 പന്തും ബാക്കി നിൽക്കെ. തുടക്കം മുതലേ അടിച്ചു തകർത്ത ജേസൺ റോയിയും അലക്സ് ഹെയ്‌ൽസും കിവീസ് ബോളർമാർക്ക് ഒരു അവസരവും നൽകിയില്ല. 26 പന്തിൽ 50 കടന്ന കിവികള്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് സ്കോർ 81ൽ നിൽക്കെ. 19 പന്തിൽ 20 റൺസായിരുന്നു ഹെയ്‍ല്‍സിന്റെ സമ്പാദ്യം. എന്നാൽ, തുടർന്നും തകർ‌ത്തടിച്ച ജേസൺ റോയ് 44 പന്തിൽ 11 ബൗണ്ടറിയും രണ്ട് സിക്സുമുൾപ്പെടെ 78 റൺസെടുത്ത് മടങ്ങി. ഇഷ് സോധിക്കായിരുന്നു വിക്കറ്റ്. ക്യാപ്റ്റൻ മോർഗൻ ആദ്യപന്തിൽ തന്നെ വിക്കറ്റ് തുലച്ച് പുറത്തായെങ്കിലും 22 പന്തിൽ 27 റൺസെടുത്ത് പുറത്താകാതെ നിന്ന ജോ റൂട്ടും 17 പന്തിൽ 32 റൺസെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്‌ലറും ചേർന്ന് ഇംഗ്ലണ്ടിനെ വിജയതീരമണച്ചു.

ആദ്യം ബാറ്റു ചെയ്ത കിവീസിന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മുന്‍നിര കളിച്ചെങ്കിലും മധ്യനിര കളി മറന്നതാണ് കിവീസിന് തിരിച്ചടിയായത്. 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ബെന്‍ സ്റ്റോക്‌സാണ് കിവീസിനെ തകര്‍ത്തത്.
സ്‌കോര്‍ 17ല്‍ ഇന്‍ഫോം ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗപ്റ്റിലി (15) നെ നഷ്ടമായെങ്കിലും തുടര്‍ന്ന് ഒന്നിച്ച നായകന്‍ കെയ്ന്‍ വില്ല്യംസണും കോളിന്‍ മണറോയും ചേര്‍ന്ന് കിവീസ് ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 8.1 ഓവറില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വില്ല്യംസണ്‍ 32 റണ്‍സും മണ്‍റോ 46 റണ്‍സും നേടി. തുടര്‍ന്നെത്തിയവരില്‍ കോറി ആന്‍ഡേഴ്‌സണു (28) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞത്. 134ന് മൂന്നു വിക്കറ്റ് എന്ന നിലയില്‍നിന്ന് എട്ടു വിക്കറ്റിന് 153 റണ്‍സ് എന്ന നിലയിലേക്ക് കിവീസ് തകരുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്റ്റോക്‌സിനു പുറമേ ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍, ലിയാം പ്ലങ്കറ്റ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

നാളെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടും. പരിക്കേറ്റ യുവരാജ് സിങ് കളിച്ചേക്കുമോയെന്ന് വ്യക്തമല്ല. മുന്‍കരുതലെന്ന നിലയില്‍ ഇന്ത്യ മനീഷ് പാണ്ഡെയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. യുവിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയോ മനീഷ് പാണ്ഡെയോ ആയിരിക്കും കളത്തിലിറങ്ങുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News