ബിസിസിഐയുടെ ബാങ്ക് അക്കൌണ്ടുകളില്‍ നിയന്ത്രണം; ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്പര റദ്ദാക്കാന്‍ ആലോചന
മത്സരങ്ങള്‍ റദ്ദാക്കാനുള്ള സാഹചര്യമില്ലെന്ന് ജസ്റ്റിസ് ലോധ. ബിസിസിഐയുടെ അക്കൌണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കുന്നതാണ് തടഞ്ഞിട്ടുള്ളതെന്നും വി ശദീകരണം
ബിസിസിഐയുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചു. ലോധകമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ബാങ്കുകളുടെ നടപടി. സെപ്തംബര്‍ 30ന് ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ ലോധകമ്മിറ്റിയുടെ അനുമതിയില്ലാതെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഫണ്ട് വിതരണം ചെയ്യാന്‍ തീരുമാനമെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ബിസിസിഐയുടെ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയത്.
അക്കൌണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പര റദ്ദാക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മൂന്നാം ടെസ്റ്റും ബാക്കിയുള്ള ഏകദിനങ്ങളിലും താരങ്ങള്‍ പ്രതിഫലം വാങ്ങാതെ കളിക്കാന്‍ തയാറായാല്‍ മാത്രമെ പരമ്പരയുമായി മുന്നോട്ടുപോകാന്‍ കഴിയൂ. ഇതിനുള്ള സാധ്യത വിരളമാണ്.
അതേസമയം മത്സരങ്ങള്‍ റദ്ദാക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് ജസ്റ്റിസ് ലോധ ചൂണ്ടിക്കാട്ടി. മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനോ ബിസിസിഐയുടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനോ നിയന്ത്രണമില്ല. സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കുന്നത് മാത്രമാണ് തടഞ്ഞിട്ടുള്ളത്. ബിസിസിഐയുടെ ബാങ്ക് അക്കൌണ്ടുകള്‍ പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ടെസ്റ്റും വിജയിച്ച് ഇന്നലെ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ടെസ്റ്റ് റാങ്കിങില്‍ പാകിസ്താനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ പരമ്പര റദ്ദാക്കുകയല്ലാതെ മറ്റു വഴികള്‍ തങ്ങളുടെ മുന്നിലില്ലെന്ന് മുതിര്‍ന്ന ബിസിസിഐ അംഗം അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിസിസിഐയുടെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ് നടപടിയെന്നും ബിസിസിഐ അംഗം കുറ്റപ്പെടുത്തി.