അണ്ടര്‍ 17 ലോകകപ്പ്; നോക്കൌട്ട് റൌണ്ടില്‍ ഇന്ന് നാല് മത്സരങ്ങള്‍

Update: 2018-04-28 03:12 GMT
Editor : Jaisy
അണ്ടര്‍ 17 ലോകകപ്പ്; നോക്കൌട്ട് റൌണ്ടില്‍ ഇന്ന് നാല് മത്സരങ്ങള്‍

ആദ്യ മത്സരങ്ങളില്‍ ഇറാന്‍ മെക്സിക്കോയെയും ഫ്രാന്‍സ് സ്പെയിനെയും നേരിടും

അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ നോക്കൌട്ട് റൌണ്ടില്‍ ഇന്ന് നാല് മത്സരങ്ങള്‍. ആദ്യ മത്സരങ്ങളില്‍ ഇറാന്‍ മെക്സിക്കോയെയും ഫ്രാന്‍സ് സ്പെയിനെയും നേരിടും. രാത്രി എട്ട് മണിക്ക് നടക്കുന്ന മത്സരങ്ങളില്‍ ഇംഗ്ലണ്ട് ജപ്പാനെയും മാലി ഇറാഖിനെയും നേരിടും.

ഫ്രാന്‍സ് സ്പെയിന്‍ പോരാട്ടമാണ് നോക്കൌട്ട് റൌണ്ടില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടം. ലോക ഫുട്ബോളിലെ വമ്പന്‍മാരുടെ ഇളമുറക്കാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ സോക്കര്‍ യുദ്ധമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഗോള്‍മഴ പെയ്യിച്ചാണ് ഫ്രാന്‍സ് വരുന്നതെങ്കില്‍ സ്പെയിന്‍ ശരാശരി പ്രകടനമാണ് പുറത്തെടുത്തത്. മൊത്തം പതിനാല് ഗോളുകളാണ് ഫ്രാന്‍സ് ഇതുവരെ അടിച്ചുകൂട്ടിയത്.
വഴങ്ങിയതാവട്ടെ മൂന്നെണ്ണവും. ആദ്യ മത്സരത്തില്‍ ബ്രസീലിനോട് തോറ്റ സ്പെയിന്‍ പിന്നീട് വന്‍ തിരിച്ചുവരവ് നടത്തിയാണ് നോക്കൌട്ടില്‍ കയറിയത്
വൈകുന്നേരം അഞ്ച് മണിക്ക് ഗുവാഹത്തിയിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ മിന്നും പ്രകടനം കാഴ്ച വെച്ച ഇറാന് മെക്സിക്കോയാണ് എതിരാളികള്‍.

Advertising
Advertising

സാക്ഷാല്‍ ജര്‍മ്മനിയെ വരെ ഗോള്‍മഴയില്‍ മുക്കിയ ഇറാന്‍ അത്ഭുതപ്രകടനമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തെടുത്തത്. മെക്സിക്കോയാവട്ടെ തപ്പിത്തടഞ്ഞാണ് നോക്കൌട്ടില്‍ കടന്നുകൂടിയത്.അത് കൊണ്ട് തന്നെ മികച്ചൊരു ജയമാണ് ഇറാന്‍ ഇന്ന് പ്രതീക്ഷിക്കുന്നത്.വൈകുന്നേരം അഞ്ച് മണിക്കാണ് ഈ മത്സരവും ഇംഗ്ലണ്ട് ജപ്പാന്‍ പോരാട്ടം രാത്രി എട്ടിനാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റമത്സരം പോലും തോല്‍ക്കാതെയാണ് ഇംഗ്ലണ്ട് നോക്കൌട്ടിന് യോഗ്യത നേടിയതെങ്കില്‍ ജപ്പാന്‍ ആകെ നേടിയത് ഒരു ജയമാണ്. അതിനാല്‍ തന്നെ എളുപ്പത്തില്‍ ജയിക്കാമെന്നാണ് ഇംഗ്ലീഷുകാരുടെ പ്രതീക്ഷ. കൊല്‍ക്കത്തയിലാണ് മത്സരം. ഗോവയില്‍ നടക്കുന്ന ഇന്നത്തെ നാലാം മത്സരത്തല്‍ മാലി ഇറാഖുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയവരാണ് മാലിക്കാര്‍ സമാനപ്രകടനം തന്നെയാണ് ഗ്രൂപ്പ് എഫില്‍ ഇറാഖും പുറത്തെടുത്തത്. ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ചിലിയെ പുറത്താക്കിയാണ് ഇറാഖ് നോക്കൌട്ടിന് യോഗ്യത നേടിയത്. അതുകൌണ്ട് തന്നെ തീപ്പാറും പോരാട്ടമാണ് ഈ മത്സരത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News