റിതുറാണിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് സ്വന്തം വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തതിന് ?

Update: 2018-05-06 18:42 GMT
Editor : admin
റിതുറാണിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് സ്വന്തം വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തതിന് ?

വിവാഹ നിശ്ചയത്തോടെ റിതു റാണിയുടെ ശ്രദ്ധ ഹോക്കിയില്‍ നിന്ന് മാറുമെന്നാണ് ടീം മാനേജ്മെന്‍റുയര്‍ത്തുന്ന വാദം.

ഇന്ത്യന്‍ വനിത ഹോക്കി ക്യാപ്റ്റന്‍ റിതുറാണിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് സ്വന്തം വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തതിനാലാണെന്ന് റിപ്പോര്‍ട്ട്. ബാംഗ്ലൂരിലെഹോക്കി ടീമിന്‍റെ ക്യാന്പില്‍ നിന്നാണ് റിതുറാണി തന്‍റെ വിവാഹനിശ്ചയത്തിനായി പോയത്. മോശം പ്രകടനവും പെരുമാറ്റ ദൂഷ്യവുമാണ് റിതു റാണിയെ ഒഴിവാക്കാന്‍ കാരണമായി ടീം മാനേജ്മെന്‍റ് പറയുന്നത്.

1980 ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ വനിത ടീം ഒളിമ്പിക്‍സ് ബര്‍ത്ത് നേടിയത്.36 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമുണ്ടായപ്പോള്‍ ചുക്കാന്‍ പിടിച്ചത് റിതു റാണിയായിരുന്നു.ഒളിമ്പിക്‍സിനുളള ടീമിന്റെ ക്യാമ്പ് ബാംഗ്ലൂരില്‍ നടക്കുന്നതിനിടെതന്നെ റിതുറാണിയെ ഒഴിവാക്കിയേക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ടീമിന്റെ പ്രഖ്യാപനത്തോടെ ഇക്കാര്യത്തില്‍ വ്യക്തത വന്നു. റിതു റാണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാത്രമല്ല ടീമില്‍ പോലും ഉള്‍പ്പെടുത്തിയില്ല. പെരുമാറ്റ ദൂഷ്യവും മോശം പ്രകടനവുമാണ് കാരണമായി അധികൃതര്‍ പറയുന്നത്.

Advertising
Advertising

എന്നാല്‍ ബാംഗ്ലൂരിലെ ക്യാമ്പ് നടക്കുന്ന സമയത്ത് നടന്ന സ്വന്തം വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തതാണ് റിതുറാണിക്ക് ടീമില്‍ നിന്ന് വിലക്കു കല്പിക്കാന്‍ കാരണം എന്നുളള വാര്‍ത്തകളാണ് ഇപ്പോള്‍‍ പുറത്ത് വരുന്നത്. വിവാഹ നിശ്ചയത്തോടെ റിതു റാണിയുടെ ശ്രദ്ധ ഹോക്കിയില്‍ നിന്ന് മാറുമെന്നാണ് ടീം മാനേജ്മെന്‍റുയര്‍ത്തുന്ന വാദം. ഇതിനെതിരെ ചില താരങ്ങളും രംഗത്തെത്തി. നിരവധി വര്‍ഷങ്ങളായി ടീമില്‍ മികച്ച പ്രകടനം നടത്തുന്ന താരത്തിന് മത്സരത്തില്‍ നിന്ന് ശ്രദ്ധമാറുമെന്നുളളത് ബാലിശമാണെന്നാണ് ഇവര്‍ പറയുന്നത്.

15ാം വയസ്സില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് റീതു റാണി. 19ാം വയസ്സില്‍ ടീമിന്റെ നായികയായി. ഒരു പതിറ്റാണ്ടായി ഇന്ത്യന്‍ ടീമിനൊപ്പം തുടരുന്ന റിതു മധ്യനിരയുടെ കരുത്താണ്. പല മത്സരങ്ങളും രാജ്യത്തിനനുകൂലമാക്കുന്നതില്‍ റിതുവിന്‍റെ പ്രകടനം സഹായിച്ചു. അനാവശ്യ വിവാദങ്ങള്‍ ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് ടീം മാനേജ്മെന്‍റിന്‍റെത്. എന്നാല്‍ ടീം മാനേജ്മെന്‍റും റിതു റാണിയും തമ്മിലുളള ഈഗോയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News