ഹെറാത്തിന് ഹാട്രിക്; ഓസീസ് 106 റണ്‍സിന് പുറത്ത്

Update: 2018-05-14 23:01 GMT
Editor : Damodaran

ഹെറാത്ത് ഓസീസ് ഇന്നിങ്സിലെ ഇരുപത്തിയഞ്ചാം ഓവറിലാണ് അപകടം വാരിവിതറിയത്. ഓവറിലെ നാലാം പന്തില്‍ വോഗ്സിനെ മടക്കിയായിരുന്നു .....

Full View

സ്പിന്നര്‍ രങ്കന്‍ ഹെറാത്തിന്‍റെ മിന്നും ഹാട്രിക്കിന്‍റെ മികവില്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ ആസ്ത്രേലിയയെ ശ്രീലങ്ക വരിഞ്ഞു കെട്ടി. കേവലം 106 റണ്‍സിനാണ് ആസ്ത്രേലിയയുടെ ഇന്നിങ്സ് ആതിഥേയര്‍ ചുരുട്ടികൂട്ടിയത്. ലങ്കന്‍ മണ്ണില്‍ ഓസീസിന്‍റെ ഏറ്റവും മോശം സ്കോറാണിത്. ഇതോടെ ശ്രീലങ്കക്ക് 175 റണ്‍സ് ഒന്നാം ഇന്നിങ്‍സ് ലീഡായി.

ഓസീസ് പ്രതിരോധത്തിന്റെ ആണിക്കല്ലായ നായകന്‍ ,സ്റ്റീവന്‍ സ്മിത്തിനെ കേവലം അഞ്ച് റണ്‍സിന് കൂടാരം കയറ്റിയ ഹെറാത്ത് ഓസീസ് ഇന്നിങ്സിലെ ഇരുപത്തിയഞ്ചാം ഓവറിലാണ് അപകടം വാരിവിതറിയത്. ഓവറിലെ നാലാം പന്തില്‍ വോഗ്സിനെ മടക്കിയായിരുന്നു ഹാട്രിക് വേട്ടയുടെ തുടക്കം. എക്സ്ട്രാ കവറില്‍ കരുണരത്നയുടെ മനോഹര ക്യാച്ചാണ് വോഗ്സിന്‍റെ ഇന്നിങ്സ് വെട്ടിചുരുക്കിയത്. അടുത്ത പന്ത് നേരിടാനെത്തിയ നെവിലിന് കുത്തിതിരിഞ്ഞ പന്തിന്‍റെ ഗതി മനസിലാക്കാനായില്ല, വിക്കറ്റിനു മുന്നില്‍ കുടുങ്ങി പവലിയനിലേക്ക് മടങ്ങാനായിരുന്നു നിയോഗം. അടുത്ത പന്ത് നേരിട്ട സ്റ്റാര്‍ക്കിനെയും പന്തിന്‍റെ കറക്കം കുഴക്കി. വിക്കറ്റിനു മുന്നില്‍ കുടുങ്ങി സ്റ്റാര്‍ക്കും മടങ്ങി.

അന്പയറുടെ തീരുമാനം റിവ്യൂ ചെയ്യാന്‍ സ്റ്റാര്‍ക്ക് തീരുമാനിച്ചതിനാല്‍ ഹെറാത്തിന്‍റെ ഹാട്രിക് വരാന്‍ അല്‍പ്പം വൈകിയെന്ന് മാത്രം. നുവാന്‍ സോയ്സക്കു ശേഷം ടെസ്റ്റില്‍ ഹാട്രിക് തികയ്ക്കുന രണ്ടാമത്തെ ലങ്കന്‍ താരമാണ് ഹെറാത്ത്. നേരത്തെ ആതിഥേയര്‍ തങ്ങളുടെ ഒന്നാം ഇന്നിങ്സില്‍ 281 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ആസ്ത്രേലിയ ഒന്നാം ടെസ്റ്റിലും പരാജയം നേരിട്ടിരുന്നു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News