ഡാനിയല്‍ വെട്ടോറിയെ മറികടന്ന് രംഗന ഹെരാത്ത്: റെക്കോഡ്
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യന്‍ സ്പിന്നറെന്ന റെക്കോഡാണ് രംഗന സ്വന്തമാക്കിയത്
വിക്കറ്റ് വേട്ടയില്‍ റെക്കോഡ് തീര്‍ത്ത് ശ്രീലങ്കയുടെ രംഗന ഹെരാത്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യന്‍ സ്പിന്നറെന്ന റെക്കോഡാണ് രംഗന സ്വന്തമാക്കിയത്. മറികടന്നത് ന്യൂസിലാന്‍ഡിന്റെ ഡാനിയേല്‍ വെട്ടോറിയെ. വെട്ടോറി 362 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രംഗന ഹെരാത്ത് 363 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. എന്നാല്‍ 414 വിക്കറ്റുമായി പാകിസ്താന്റെ വസിം അക്രമാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന ഇടങ്കയ്യന്‍ ബൗളര്‍. എന്നാല്‍ അക്രം ഫാസ്റ്റ് ബൗളറാണെന്ന് മാത്രം.
വെട്ടോറിയുടെ പ്രകടനം 113 മത്സരങ്ങളില്‍ നിന്നാണെങ്കില്‍ ഹെരാത്തിന്റെ നേട്ടം 79 മത്സരങ്ങളില്‍ നിന്നാണ്. ബംഗ്ലാദേശിനെതിരെ ഗാലെയില്‍ സമാപിച്ച ടെസ്റ്റിലാണ് വെട്ടോറിയെ മറികടന്ന നേട്ടം സ്വന്തം പേരിലാക്കിയത്. മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റുകളാണ് ഹെരാത്ത് വീഴ്ത്തിയത്. ഇതില്‍ രണ്ടാം ഇന്നിങ്‌സില്‍ മാത്രം ആറു വിക്കറ്റുകളാണ് ഹെറാത്ത് സ്വന്തമാക്കിയത്. മത്സരത്തില്‍ ശ്രീലങ്ക 259 റണ്‍സിന് വിജയിക്കുകയും ചെയ്തു. 1999ല്‍ ആസ്‌ട്രേലിയക്കെതിരെയാണ് രംഗന ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.എന്നാല്‍ മുത്തയ്യ മുരളീധരന്റെ വിരമിക്കലോട് കൂടെയാണ് രംഗന ശ്രീലങ്കന്‍ ടെസ്റ്റ് ടീമില്‍ സ്ഥിരസാന്നിധ്യമാകുന്നത്.