ഗാംഗുലി മികച്ച ക്യാപ്റ്റനല്ലെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണെന്ന് അസ്ഹര്‍

Update: 2018-05-31 15:34 GMT
Editor : Damodaran
ഗാംഗുലി മികച്ച ക്യാപ്റ്റനല്ലെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണെന്ന് അസ്ഹര്‍
Advertising

ഇന്ത്യന്‍ ക്രിക്കറ്റിന് ചരിത്രപരമായ സംഭാവനകള്‍ നല്‍കിയ ഗാംഗുലിയെ വ്യക്തിവിരോധം കാരണം അവഹേളിക്കുന്നത് ശാസ്ത്രിക്ക് ചേര്‍ന്നതല്ല. മുന്‍വിധി വച്ചാകരുത് ഇന്ത്യന്‍ നായകന്മാരെ വിലയിരുത്തേണ്ടത്....

ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയില്‍ സൌരവ് ഗാംഗുലിയെ ഉള്‍പ്പെടുത്താത്ത രവിശാസ്ത്രിക്കെതിരെ വിമര്‍ശവുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍ രംഗത്ത്. ഗാംഗുലി മികച്ച ക്യാപ്റ്റന്‍ അല്ലെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണെന്ന് അസ്ഹര്‍ തുറന്നടിച്ചു.

ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞ ധോണിയെ പ്രശംസിച്ച് വിസ്ഡന്‍ ഇന്ത്യയില്‍ ദാദാ ക്യാപ്റ്റന്‍ എന്ന പേരില്‍ രവി ശാസ്ത്രി എഴുതിയ ലേഖനമാണ് വിവാദത്തിന് തുടക്കമിട്ടത്. ധോണി, കപില്‍ ദേവ്, അജിത് വഡേക്കര്‍, ടൈഗര്‍ പട്ടൗഡി എന്നിവരൊഴികെയുള്ള ഇന്ത്യന്‍ നായകന്മാര്‍ മോശമെന്നായിരുന്നു ശാസ്ത്രിയുടെ നിരീക്ഷണം.

കോഴവിവാദത്തില്‍ നിന്ന് കരകയറ്റി ടീം ഇന്ത്യയെ ക്രിക്കറ്റ് ശക്തിയാക്കി മാറ്റിയ ഗാംഗുലിയെ മികച്ച നായകരുടെ കൂട്ടത്തില്‍ ശാസ്ത്രി ഉള്‍പ്പെടുത്തിയില്ല. ഗാംഗുലി ഉള്‍പ്പെട്ട ബിസിസിഐ സമിതി ഇന്ത്യന്‍ പരിശീലകനായി അനില്‍ കുംബ്ലെയെ തെരഞ്ഞെടുത്തതിന്റെ രോഷമാണ് ശാസ്ത്രിയുടെ പട്ടികയില്‍ പ്രതിഫലിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

ശാസ്ത്രിക്കെതിരായ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റിന് ചരിത്രപരമായ സംഭാവനകള്‍ നല്‍കിയ ഗാംഗുലിയെ വ്യക്തിവിരോധം കാരണം അവഹേളിക്കുന്നത് ശാസ്ത്രിക്ക് ചേര്‍ന്നതല്ല. മുന്‍വിധി വച്ചാകരുത് ഇന്ത്യന്‍ നായകന്മാരെ വിലയിരുത്തേണ്ടത്. ഗാംഗുലിയുടെ കാലത്ത് ഇന്ത്യ നേടിയ ജയങ്ങളുടെ കണക്കുകളൊന്നും ശാസ്ത്രി കണ്ടിട്ടില്ലേയെന്നും അസ്ഹര്‍ ചോദിച്ചു.

തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ച ഏക നായകനാണ് അസ്ഹറുദ്ദീന്‍.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News