ഒറ്റക്കാലിലാണെങ്കിലും പാകിസ്താനെതിരെ കളിക്കും - മുഖ്യ സെലക്ടറോട് ധോണി പറഞ്ഞത്

Update: 2018-06-01 04:33 GMT
Editor : admin
ഒറ്റക്കാലിലാണെങ്കിലും പാകിസ്താനെതിരെ കളിക്കും - മുഖ്യ സെലക്ടറോട് ധോണി പറഞ്ഞത്

നടക്കാന്‍ ശ്രമിക്കുകയാണെന്നാണ് ധോണി അപ്പോള്‍ പറഞ്ഞത്. അക്ഷരാര്‍ഥത്തില്‍ ഇഴയുന്ന ഇയാള്‍ എങ്ങിനെ കളിക്കുമെന്നായിരുന്നു തന്‍റെ അപ്പോഴത്തെ ചിന്തയെന്നും പ്രസാദ് വിവരിച്ചു.

ഏഷ്യാകപ്പില്‍ പാകിസ്താനെതിരായ മത്സരത്തിന് മുന്നോടിയായി ജിമ്മില്‍ വച്ച് പരിക്കേറ്റ എംഎസ് ധോണി കളത്തിലിറങ്ങുമോ എന്ന ആശങ്ക സെലക്ടര്‍മാരെ അലട്ടുമ്പോള്‍ ഇഴഞ്ഞു നീങ്ങിയിരുന്ന ധോണി സ്വന്തം കാലില്‍ നിലയുറപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നു. ആധി പിടിച്ച സെലക്ടര്‍മാരോട് എന്ത് സംഭവിച്ചാലും താന്‍ കളത്തിലിറങ്ങുമെന്നും പരിഭ്രമിക്കാനില്ലെന്നുമായിരുന്നു ധോണിക്ക് പറയാനുണ്ടായിരുന്നത്. പകരക്കാരനായി പാര്‍ഥിവ് പട്ടേല്‍ ധാക്കയില്‍ പറന്നെത്തിയെങ്കിലും മത്സരദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ധോണി സജ്ജനായി. ഒറ്റക്കാലിലാണെങ്കിലും പാകിസ്താനെതിരെ താന്‍ കളിച്ചിരിക്കുമെന്നാണ് അന്ന് സെലക്ടര്‍മാരിലൊരാളായ ഇപ്പോഴത്തെ മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദിനോട് ധോണി പറഞ്ഞത്. പ്രസാദ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertising
Advertising

'ജിമ്മില്‍ നിന്നും സ്ട്രെക്ചറിന്‍റെ സഹായത്തോടെയാണ് ധോണിയെ നീക്കിയത്. ധാക്കയിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം അറിയേണ്ടിയിരുന്നത് ധോണിയെ കുറിച്ചായിരുന്നു. ധോണിയുടെ റൂമിലേക്ക് പോയി ഞാന്‍ വിവരം അന്വേഷിച്ചപ്പോള്‍ പേടിക്കാനൊന്നുമില്ല എന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകരോട് എന്ത് പറയുമെന്ന് ചോദിച്ചപ്പോഴും ഭയപ്പെടേണ്ട എംഎസ്കെ ഭായ് എന്നായിരുന്നു മറുപടി. ചീഫ് സെലക്ടറായ സന്ദീപ് പട്ടേലിന് വിളിച്ച് വിവരം പറഞ്ഞതോടെ പാര്‍ഥിവ് പട്ടേല്‍ പകരക്കാരനായി പറന്നെത്തി. താന്‍ കളിക്കുമെന്നും ഭയപ്പെടാനൊന്നുമില്ലെന്നുമാണ് അപ്പോഴും ധോണിക്ക് പറയാനുണ്ടായിരുന്നത്.'

രാത്രി 11 മണിയോടെ താന്‍ വീണ്ടും ധോണിയുടെ മുറിയിലേക്ക് പോയപ്പോള്‍ ധോണിയെ അവിടെ കണ്ടില്ലെന്നും ഹോട്ടലിന്‍റെ മുകളിലേക്ക് പോയപ്പോള്‍ സ്വിമ്മിങ് പൂളിലേക്ക് ഇഴയുന്ന ധോണിയെയാണ് കണ്ടതെന്നും പ്രസാദ് പറഞ്ഞു. നടക്കാന്‍ ശ്രമിക്കുകയാണെന്നാണ് ധോണി അപ്പോള്‍ പറഞ്ഞത്. അക്ഷരാര്‍ഥത്തില്‍ ഇഴയുന്ന ഇയാള്‍ എങ്ങിനെ കളിക്കുമെന്നായിരുന്നു തന്‍റെ അപ്പോഴത്തെ ചിന്തയെന്നും പ്രസാദ് വിവരിച്ചു. എന്നെ അറിയിക്കാതെ പാര്‍ഥിവിനെ എത്തിച്ചിട്ടുണ്ടല്ലോ? നിങ്ങള്‍ സുരക്ഷിതനായില്ലേ എന്ന് ചിരിച്ചു ചോദിച്ച ധോണി കളിക്കാന്‍ താന്‍ ഇറങ്ങുമെന്ന് വീണ്ടും ഉറപ്പിച്ച് പറഞ്ഞു.

ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ധോണി സുസജ്ജനായിരുന്നു. എന്നെ റുമിലേക്ക് വിളിച്ച ധോണി എന്തിനാണ് ഇത്ര പരിഭ്രമം കാണിക്കുന്നതെന്ന് ചോദിച്ചു. ഒറ്റക്കാലിലാണേലും ആ മത്സരം കളിച്ചിരിക്കുമെന്നും പറഞ്ഞു. അതാണ് ധോണി. - പ്രസാദ് കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യയെ ജയത്തിലേക്ക് നയിക്കാനും ധോണിക്ക് കഴിഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News