റയല്‍ പരിശീലകന്റെ കസേര തെറിച്ചു; കോന്റെക്ക് സാധ്യത

ബാഴ്സലോണക്കെതിരായ എല്‍ ക്ലാസികോ മത്സരത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് ജുവന്‍ ലോപെറ്റഗിക്ക് ടീമിന് പുറത്തേക്കുള്ള വാതില്‍ തുറന്നത്.

Update: 2018-10-30 02:53 GMT
Advertising

തുടർച്ചയായ പരാജയങ്ങള്‍ക്ക് പിന്നാലെ പരിശീലകന്‍ ഹുലന്‍ ലോപെറ്റഗിയെ റയല്‍മാഡ്രിഡ് പുറത്താക്കി. ലോപെറ്റഗിയുമായുള്ള കരാര്‍ റദ്ദാക്കിയതായി ക്ലബ് ഔദ്യോഗിക വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. മുന്‍ റയല്‍ മാഡ്രിഡിന്റെ താരം സാന്റിയാഗോ സൊളാരിയെ ടീമിന്റെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചു.

ബാഴ്സലോണക്കെതിരായ എല്‍ ക്ലാസികോ മത്സരത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് ജുവന്‍ ലോപെറ്റഗിക്ക് ടീമിന് പുറത്തേക്കുള്ള വാതില്‍ തുറന്നത്. തിങ്കാളാഴ്ച ചേര്‍ന്ന ക്ലബ്ബിന്റെ ഡയറക്ടര്‍ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അടുത്ത ബാലന്‍ ഡി ഓര്‍ പുരസ്കാരത്തിനുള്ള നാമനിര്‍ദേശ പത്രികയില്‍ ടീമില്‍ നിന്ന് എട്ട് താരങ്ങള്‍ ഇടംപിടിച്ചിട്ടും ടീമിന്റെ പ്രകടനത്തില്‍ ഇക്കാര്യം കാണുന്നില്ലെന്നും ബോര്‍ഡ് വിലയിരുത്തി.

Full View

സീസണിലെ ദയനീയ തുടക്കത്തെത്തുടര്‍ന്ന് ലോപെറ്റഗിയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്‍ ക്ലാസിക്കോയിലെ ടീമിന്റെ പ്രകടനം കൂടി നോക്കിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാം എന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്.

ജുവന്‍ ലോപെറ്റഗിയുടെയും സഹപ്രവര്‍ത്തകരുടെയും പ്രകടനത്തില്‍ ക്ലബ് നന്ദിയറിയിച്ചു. റയല്‍ മാഡ്രിഡിന്റെ മുന്‍ മിഡ്ഫീല്‍ഡര്‍ സാന്റിയാഗോ സൊളരിയെ ടീമിന്റെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചു. നിലവില്‍ റയല്‍ ബി ടീമിന്റെ പരിശീലകനായ സൊളരി അര്‍ജന്‍റീനക്ക് വേണ്ടിയാണ് കളത്തിലിറങ്ങിയത്. 2009 ന് ശേഷം ഇതാദ്യമായി തുടര്‍ച്ചയായ മൂന്ന് ലാലീഗ മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങിയ റയല്‍ നിലവില്‍ പോയന്റ് പട്ടികയില്‍ 9ാം സ്ഥാനത്താണ്.

Tags:    

Similar News