ഇങ്ങനെയൊക്കെ തല്ലാമോ..? ചേട്ടന്‍ ടോം കറനെ തെരഞ്ഞുപിടിച്ച് അടിച്ച് അനിയന്‍ സാം കറന്‍

സഹോദരൻമാരുടെ നേർക്കുനേർ പോരാട്ടമാണ് ട്രോളന്മാര്‍ ആഘോഷമാക്കിയത്.

Update: 2021-04-11 12:05 GMT
Advertising

ഐ.പി.എല്‍ 2021 സീസണിലെ രണ്ടാം മത്സരത്തില്‍ ചെന്നൈയും ഡല്‍ഹിയും തമ്മില്‍ നടന്ന മത്സരം ട്രോളന്മാര്‍ ആഘോഷമാക്കുകയാണ്. ചെന്നൈ ക്യാപ്റ്റന്‍ ധോണി സംപൂജ്യനായി മടങ്ങിയതാണ് ട്രോളന്മാര്‍ ആദ്യം ഏറ്റെടുത്തതെങ്കിലും പിന്നീട് അതിലും രസകരമായ രംഗം വന്നതോടെ അതിന് പിന്നാലെ പായുകയായിരുന്നു ട്രോള്‍ സിംഹങ്ങള്‍.

സഹോദരൻമാരുടെ നേർക്കുനേർ പോരാട്ടമാണ് ട്രോളന്മാര്‍ ആഘോഷമാക്കിയത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് താരങ്ങളായ ടോം കറനും സാം കറനും നേർക്കു നേര്‍ പോരാട്ടത്തിനെത്തിയതാണ് ട്രോളന്മാരെയും ആരാധകരെയും ഉണര്‍ത്തിയത്. ചേട്ടനായ ടോം കറന്‍ ഡല്ഹി ക്യാപിറ്റല്‍സ് താരമാണ്. അനിയന്‍ സാം കറന്‍ ചെന്നൈ താരമാണ്. കളിയില്‍ സാം കറന്‍റെ ചെന്നൈ തോറ്റെങ്കിലും ഡല്‍ഹി ടീമില്‍ കളിക്കുന്ന ചേട്ടന്‍ ടോം കറന്‍റെ ഓവറുകളില്‍ അനിയന്‍ നിര്‍ദാക്ഷിണ്യം സിക്സറടിച്ചതാണ് ട്രോളുകള്‍ക്ക് വഴിവച്ചത്.

അനിയന്‍ സാം കറന്‍റെ കയ്യില്‍ നിന്ന് തല്ല് കിട്ടിയ ടോം കറനെ ട്രോളി വീരേന്ദര്‍ സേവാഗും രംഗത്ത് വന്നു. 'എന്‍റെ സഹോദരനാണ് നീ' അതോര്‍മ്മ വേണം എന്ന തരത്തില്‍ ടോം കറന്‍ പറയുന്നതായുള്ള ട്രോളാണ് സേവാഗ് പങ്കുവെച്ചത്.

ആദ്യം ബാറ്റിങിനറങ്ങിയ ചെന്നൈയുടെ ‍17–ാം ഓവറിലാണ് സാം കറനും ടോം കറനും ആദ്യം നേർക്കുനേര്‍ വരുന്നത്. ആ ഓവറില്‍ നേരിട്ട ആദ്യ രണ്ടു പന്തുകളിൽ നിന്ന് സാം കറന് ഒരു റൺസേ നേടാനായുള്ളു. എന്നാൽ, ഓവറിലെ അവസാന പന്ത് സാം അതിര്‍ത്തി കടത്തി. അത് വരാനിരിക്കുന്ന വെടിക്കെട്ടിന്‍റെ സൂചനയാണെന്ന് പിന്നീടാകും ചേട്ടന്‍ കറന് മനസിലായത്.

പിന്നീട് 19–ാം ഓവർ എറിയാനായി ടോം എത്തുമ്പോൾ ബാറ്റിങ് എന്‍ഡില്‍ ജഡേജയ ആയിരുന്നു. നേരിട്ട ആദ്യ പന്തിൽ ജഡേജ ബൌണ്ടറി പറത്തി. രണ്ടാം പന്തിൽ സിംഗിളെടുത്ത് ജഡേജ സാം കറന് സ്ട്രൈക്ക് കൈമാറി. ഇതോടെ ചേട്ടനും അനിയനും നേർക്കുനേർ. എന്നാൽ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും ഇല്ലാത്ത ഭാവമായിരുന്നു സാം കറന്‍റേത്. വൈഡോടെയാണ് ടോം തുടങ്ങിയത്. എന്നാല്‍ അടുത്തതായി എറിഞ്ഞ രണ്ടു പന്തും ആകാശം തൊട്ടു. മൂന്നാം പന്തിൽ ഫോറും. 23 റൺസാണ് ആ ഓവറില്‍ ടോം കറന്‍ വഴങ്ങിയത്.

ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയുമായി സൈബര്‍ ട്രോളന്മാര്‍ രംഗത്തെത്തിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News