'ടീമിന്‍റെ നേട്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന താരങ്ങളെ കൊണ്ടു വരൂ'; ആര്‍.സി.ബി മാനേജ്മെന്‍റിനോട് റായിഡു

'വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്റെ നേട്ടങ്ങൾക്ക് മാനേജ്‌മെന്റ് പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ ഒന്നിലേറെ തവണ ബംഗളൂരു കിരീടം ചൂടിയേനെ'

Update: 2024-05-24 11:02 GMT
Advertising

ആർ.സി.ബി -രാജസ്ഥാൻ എലിമിനേറ്ററിന് മുമ്പ് ആത്മവിശ്വാസത്തിന്റെ പരകോടിയിലായിരുന്നു ബംഗളൂരു ആരാധകര്‍. ചെന്നൈ സൂപ്പർ കിങ്സിനെതിരെ നിർണായക മത്സരത്തിൽ കാണിച്ച പോരാട്ട വീര്യമൊന്ന് മതിയായിരുന്നു ആരാധകരുടെ പ്രതീക്ഷകളെ ആകാശത്തോളമുയർത്താൻ. ഈ കുതിപ്പ് കലാശപ്പോരിൽ ചെന്നേ അവസാനിക്കൂ എന്ന് അവർക്ക് ഉറപ്പ് നൽകാൻ. ചിന്ന സ്വാമി സ്റ്റേഡിയത്തിന് വെളിയിൽ അന്ന് അതിര് വിട്ട് പോയ ആഘോഷങ്ങളിൽ നിറയേ ആ വലിയ ഉറപ്പായിരുന്നു. എന്നാൽ അന്തരീക്ഷം മുഴുവൻ ആർ.സി.ബിക്ക് അനുകൂലമായിരുന്നിട്ടും അഹ്‌മദാബാദിൽ സഞ്ജുവിന് മുന്നിൽ ബംഗളൂരു കവാത്ത് മറന്നു.

ഫാഫ് ഡുപ്ലെസിസിന്റെ കണക്കു കൂട്ടലുകളൊക്കെ പിഴച്ചു. ഒരു ശതമാനം പോലും പ്ലേ ഓഫ് പ്രതീക്ഷകളില്ലാതെ സീസൺ അവസാനിപ്പിക്കാനിരുന്നൊരു ടീമിനെ പാതിവഴിയിൽ നിന്ന് അത്ഭുതകരമായൊരു തിരിച്ചുവരവിലൂടെ ആറ് തുടർ ജയങ്ങളുമായി പ്ലേ ഓഫിലെത്തിച്ചത് ഒരിക്കൽ കൂടി പടിക്കൽ കലമുടക്കാനാണോ എന്ന് ചോദിച്ച് തുടങ്ങിയിരിക്കുന്നു ആരാധകർ. ഈ കിരീടമില്ലാക്കാലം നീണ്ടു പോവുകയാണെന്ന് വേദനയോടെ ഒരിക്കൽ കൂടി തിരിച്ചറിയുകയാണവരിപ്പോൾ. അപ്പോൾ ആർ.സി.ബി ഷെൽഫിൽ ആ വിമൺസ് പ്രീമിയർ ലീഗ് കിരീടം ഇനിയുമേറെക്കാലം ഒറ്റക്കിരിക്കേണ്ടി വരുമെന്ന് സാരം. ഇപ്പോളിതാ ആര്‍.സി.ബി മാനേജ്മെന്‍റിനോട് വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്‍റെ നേട്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന  കളിക്കാരെ ടീമിലെത്തിക്കാന്‍ ഉപദേശം നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരമായിരുന്ന അംബാട്ടി റായിഡു. 

'ഇക്കാലമത്രയും ആർ.സി.ബിയെ വൈകാരികമായി പിന്തുണച്ച മുഴുവൻ ആരാധകരേയും ഞാൻ അഭിനന്ദിക്കുന്നു. വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്റെ നേട്ടങ്ങൾക്ക് മാനേജ്‌മെന്റ് പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ ഒന്നിലേറെ തവണ ബംഗളൂരു കിരീടം ചൂടിയേനെ. എത്ര മികച്ച കളിക്കാരെ നിങ്ങൾ കൈവിട്ട് കളഞ്ഞു. ടീമിന്റെ താൽപര്യങ്ങൾക്ക് പ്രഥമ പരിഗണന കൊടുക്കുന്ന താരങ്ങളെ ടീമിലെത്തിക്കാൻ മാനേജ്‌മെന്റിന് മേൽ സമ്മർദം ചെലുത്തൂ. അടുത്ത താരലേലം മുതൽ പുതിയൊരു അധ്യായത്തിന് തുടക്കമാവട്ടെ'- റായിഡു എക്‌സിൽ കുറിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News