'ദൈവത്തിന്‍റെെ കൈ'ക്കായി അര്‍ജന്‍റീനയുടെ പ്രാര്‍ഥന; മറഡോണയുടെ ഓര്‍മക്ക് രണ്ട് വയസ്

ഇന്ന് തോറ്റാല്‍ ലോകകിരീടമില്ലാതെ മെസ്സിയെന്ന ഇതിഹാസത്തിന് യാത്രയയപ്പ് നല്‍കേണ്ടി വരും അര്‍ജന്‍റീനക്ക്. അതുകൊണ്ട് തന്നെ മൈതാനത്ത് വിയര്‍പ്പിന് പകരം രക്തമൊഴുക്കിയായാലും ഈ മത്സരം ജയിച്ചേ തീരു സ്കലോണിക്കും സംഘത്തിനും

Update: 2022-11-26 11:21 GMT

ഇന്ന് ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തില്‍ മെക്സിക്കോയ്ക്കെതിരെ ഇറങ്ങുകയാണ് അര്‍ജന്‍റീന. ലോകം മുഴുവന്‍ മെസ്സിയുടേയും സംഘത്തിന്‍റേയും മത്സരത്തിന് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയായിരിക്കുമെന്ന് തീര്‍ച്ച. ഇന്ന് തോറ്റാല്‍ ഇവിടെവെച്ചവസാനിപ്പിക്കേണ്ടി വരും സ്കലോണി പരിശീലിപ്പിക്കുന്ന അര്‍ജന്‍റീനയുടെ ലോകകപ്പ് യാത്ര. ലോകകിരീടമില്ലാതെ മെസ്സിയെന്ന ഇതിഹാസത്തിന് യാത്രയയപ്പ് നല്‍കേണ്ടി വരും. അതുകൊണ്ട് തന്നെ മൈതാനത്ത് വിയര്‍പ്പിന് പകരം രക്തമൊഴുക്കിയായാലും ഈ മത്സരം ജയിച്ചേ തീരു അര്‍ജന്‍റീനയ്ക്ക്.

അര്‍ജന്‍റീനയെ സംബന്ധിച്ച് മറ്റൊരു വൈകാരികത കൂടിയുണ്ട് ഇന്ന് പോരിനിറങ്ങുമ്പോള്‍. കാരണം തങ്ങള്‍ക്ക് അവസാന ലോകകപ്പ് നേടിത്തന്ന നായകന്‍ മറഡോണയുടെ ഓര്‍മദിനം കൂടിയാണ് ഇന്നലെ കഴിഞ്ഞുപോയത്. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട താരം ലോകത്തോട് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷമായിരിക്കുന്നുവെന്ന് ഇന്നും അര്‍ജന്‍റീനയിലെ ഫുട്ബോള്‍ ഭ്രാന്തന്മാര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമാണ്. 

Advertising
Advertising

അർജന്‍റീനയുടെ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനസിന്റെ വാക്കുകള്‍ തന്നെയെടുക്കുക, ''മറഡോണ ഞങ്ങളെ സബന്ധിച്ച് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്... അദ്ദേഹത്തെ ഞങ്ങളെന്നും ഓർക്കുന്നു. മറഡോണ ലോകത്തോട് വിടപറഞ്ഞദിവസം എല്ലാവരും വേദനയോടെ ഓര്‍ക്കുന്ന ദിവസമാണ്. മെക്സിക്കോയ്ക്കെതിരെ വിജയം നേടി മറഡോണയെ സന്തോഷിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം...''. ലൗട്ടാരോ മാർട്ടിനസ് പറഞ്ഞു.

തലച്ചോറിൽ രക്​തം കട്ടപിടിച്ചതിനെ തുടർന്ന് 2020​ നവംബർ മൂന്നിന്​ ശസ്​ത്രക്രിയക്ക്​ വിധേയനായ ശേഷമാണ് ഡീഗോ മറഡോണയുടെ ആരോഗ്യസ്ഥിതി മോശമായതും തുടര്‍ന്ന് നവംബർ 25ന്​ മരണത്തിന്​ കീഴടങ്ങുന്നതും. ഡീഗോ സാധാരണ ജീവിതത്തിലേക്ക്​ തിരിച്ചുവരുമെന്ന്​ ഡോക്​ടർമാരടക്കം പ്രതീക്ഷിച്ചിരിക്കേയാണ്​ ലോകത്തെ ഞെട്ടിച്ച്​ ഇതിഹാസതാരം പൊടുന്നനെ മരണത്തിന്​ കീഴടങ്ങിയത്.

ഇന്ന് ജയിക്കണം, മറഡോണക്കും മെസിക്കും വേണ്ടി

ആദ്യ പോരാട്ടത്തിൽ സൗദി അറേബ്യയിൽനിന്നേറ്റ അപ്രതീക്ഷിത തോൽവിക്ക് ശേഷമാണ് മെസിയും സംഘവും ഇന്ന് മെക്സിക്കോയെ നേരിടാനിറങ്ങുന്നത്. അതേസമയം ആദ്യ മത്സരത്തിൽ റോബർട്ടോ ലവൻഡോവ്സ്‌കിയുടെ പോളിഷ് പടയെ സമനിലയിൽ കുരുക്കിയതിന്റെ വമ്പുമായാണ് മെക്‌സിക്കൻ പടയാളികളെത്തുന്നത്.

ഗ്രൂപ്പ് സിയില്‍ പോയിന്‍റ് പട്ടികയില്‍ ഏറ്റവും താഴെയാണ് അർജന്‍റീന. ഇന്ന് തോറ്റാൽ അവസാന പതിനാറിലേക്കുള്ള പ്രവേശത്തക്കുറിച്ച് ചിന്തിക്കുകയേ വേണ്ട എന്ന് തന്നെ പറയാം. ഇന്നത്തെ മത്സരഫലം തങ്ങളുടെ വിധി നിർണയിക്കുമെന്നാണ് വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളുമായി സംവദിച്ച സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനസ് പറഞ്ഞത്. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലുസൈൽ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം പുലര്‍ച്ചെ 12.30നാണ് മത്സരം.

ചരിത്രം ഇങ്ങനെ...

തമ്മില്‍ ഏറ്റുമുട്ടിയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അര്‍ജന്‍റീന തന്നെയാണ് മുന്നില്‍. ലോകകപ്പിൽ ഇതുവരെ മൂന്ന് മത്സരങ്ങളിലാണ് അർജന്റീനയും മെക്‌സിക്കോയും ഏറ്റുമുട്ടിയത്. മൂന്നു തവണയും വിജയം അർജന്റീനയ്‌ക്കൊപ്പമായിരുന്നു. ആദ്യത്തേത് 1930 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു. സ്‌കോർ 6-3.

2006ലായിരുന്നു അടുത്ത മത്സരം. സ്‌കോർ 2-1. 2010ല്‍ ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു അർജന്‍റീനയുടെ ജയം. അതേസമയം മെക്‌സിക്കോയുമായി ഏറ്റുമുട്ടിയ കഴിഞ്ഞ പത്തു മത്സരങ്ങളിൽ അർജന്‍റീന തോറ്റിട്ടിട്ടില്ല. ഏഴെണ്ണത്തിൽ ജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയിലായി.

ഇതുവരെ തമ്മില്‍ 35 മത്സരങ്ങളിലാണ് അര്‍ജന്‍റീനയും മെക്സിക്കോയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അതില്‍ 16 കളികള് അര്‍ജന്‍റീന ജയിച്ചപ്പോള്‍  5 മത്സരങ്ങളില്‍ മാത്രമാണ് മെക്സിക്കോയ്ക്ക് ജയിക്കാനായത്. 14 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. 1990ലാണ് അവസാനമായി മെക്സിക്കോ അര്‍ജന്‍റീനയെ പരാജയപ്പെടുത്തിയത്. അവസാനമായി 2019ലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത്. അന്ന് (4-0)ത്തിനാണ് അര്‍ജന്‍റീന മെക്സിക്കോയെ തകര്‍ത്തത്. ലൗട്ടാരോ മാർട്ടിനസിന്‍റെ ഹാട്രിക് കൊണ്ടുകൂടി ശ്രദ്ധിക്കപ്പെട്ട മത്സരമായിരുന്നു അത്.

അര്‍ജന്‍റീനയുടെ സാധ്യത

മുന്നോട്ടുള്ള പ്രയാണത്തിന് മെസിക്കും സംഘത്തിനും ജയം അനിവാര്യമാണെന്നിരിക്കെ ഒച്ചാവോയുടെ തകർപ്പൻ സേവുകൾ അവരുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്. മൂന്ന് പോയിന്റോടെ ഗ്രൂപ്പിൽ സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്ത്. മെക്‌സിക്കോ പോളണ്ട് മത്സരം സമനിലയിൽ കലാശിച്ചതിനാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതമുണ്ട്.

തോൽവി നേരിട്ടെങ്കിലും ഗ്രൂപ്പിലെ നിലവിലെ സ്ഥിതി അർജന്‍റീനക്ക് അനുകൂലം ആണെന്നു തന്നെയെന്ന് പറയാം. പോളണ്ടും മെക്സിക്കോയും സമനിലയിൽ പിരിഞ്ഞതാണ് മെസ്സിക്കും സംഘത്തിനും അല്‍പം ആശ്വാസം പകരുന്നത്. അതുപോലെതന്നെ ആദ്യ മത്സരത്തിലെ പ്രകടനം സൗദി ആവർത്തിച്ചാൽ പോളണ്ടിന് വലിയ തലവേദന ആവും. വീണ്ടും ഒരു അട്ടമറിയിലൂടെ സൌദി പോളണ്ടിനെ വീഴ്ത്തിയാല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനം അര്‍ജന്‍റീനക്ക് ലക്ഷ്യം വെക്കാം... അങ്ങനെയെങ്കില്‍ മെക്സിക്കോകെതിരേയും പോളണ്ടിനെതിരെയും വിജയം നേടി അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ അർജന്റീനക്കാവും.

നേരെ മറിച്ച് ഇന്ന് പോളണ്ട് സൌദിക്കെതിരെ ജയിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ അര്‍ജന്‍റീനക്ക് വീണ്ടും പ്രതികൂലമാകും. ഇനിയുള്ള മത്സരങ്ങളില്‍ ജയിക്കുന്നതിന് പുറമേ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി അര്‍ജന്‍റീനയുടെ ഭാവി നിര്‍ണയിക്കും.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News