മോഹിതിനെതിരെ അര്‍ജുന്‍റെ കൂറ്റന്‍ സിക്സര്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

മത്സരത്തില്‍ ഒമ്പതാമനായാണ് അര്‍ജുന്‍ ക്രീസിലെത്തിയത്

Update: 2023-04-26 05:51 GMT

arjun tendulkar

Advertising

അഹ്മദാബാദ്: ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 55 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സ് വഴങ്ങിയത്. അഫ്ഗാൻ സ്പിൻ ബൗളർമാരായ നൂർ അഹമ്മദിനും റാഷിദ് ഖാനും മുന്നിൽ മുംബൈ തകർന്നടിയുകയായിരുന്നു. മുംബൈക്കായി 40 റണ്‍സ് എടുത്ത് നേഹല്‍ വദേര മാത്രമാണ് തിളങ്ങിയത്. 

 മുംബൈ ഇന്ത്യന്‍സ് യുവതാരം അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ക്ക് ഐ.പി.എല്ലില്‍ ബാറ്റിങ്ങിന് ആദ്യമായി അവസരം ലഭിച്ചത് ഇന്നലെയായിരുന്നു. ഒമ്പതാമനായി ക്രീസിലെത്തിയ അര്‍ജുന്‍ ഒമ്പത് പന്തുകള്‍ നേരിട്ട് 13 റണ്‍സെടുത്താണ് മടങ്ങിയത്. കളിയിലെ അവസാന ഓവറില്‍ മോഹിത് ശര്‍മക്കെതിരെ അര്‍ജുന്‍ ഒരു സിക്സടിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഈ സിക്സിപ്പോള്‍ വൈറലാണ്.  ആഭ്യന്തര ക്രിക്കറ്റില്‍ തന്‍റെ ഓള്‍റൗണ്ടര്‍ മികവ് പുറത്തെടുത്തിട്ടുള്ള അര്‍ജുന്‍ രഞ്ജിയില്‍ അരങ്ങേറ്റത്തില്‍ തന്നെ ഗോവക്കായി സെഞ്ച്വറി തികച്ചിട്ടുണ്ട്. 

 മത്സരത്തില്‍ മുംബൈ ഇന്ത്യൻസിന്റെ മുൻനിരയേയാണ് നൂര്‍ അഹ്മദും റാഷിദ് ഖാനും ചേർന്ന് തള്ളിയിട്ടത്. അതിന് മുമ്പെ നായകൻ രോഹിത് ശർമ്മയെ(2) ഹാർദിക് പാണ്ഡ്യ പറഞ്ഞയച്ചിരുന്നു. ഇഷാൻ കിശൻ(13)കാമറൂൺ ഗ്രീൻ(33) തിലക് വർമ്മ(2)സൂര്യകുമാർ യാദവ്(23) ടിം ഡേവിഡ്(0) എന്നിവരാണ് സ്പിന്നർമാർക്ക് മുന്നിൽ വീണത്. നെഹാൽ വദേരയാണ്(40) മുംബൈയുടെ ടോപ് സ്‌കോറർ. നൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍ നേടിയത് രണ്ട് വിക്കറ്റുകള്‍. മോഹിത് ശർമ്മ രണ്ട് വിക്കറ്റ് വീഴ്ത്തി പിന്തുണ കൊടുത്തു.

നാല് ഓവറിൽ 27 റൺസ് വിട്ടുകൊടുത്തായിരുന്നു റാഷിദ് ഖാന്റെ പ്രകടനം. എന്നാൽ നൂർ, നാല് ഓവർ എറിഞ്ഞെങ്കിലും 37 റൺസ് വഴങ്ങേണ്ടി വന്നു. സൂര്യകുമാർ യാദവ് 'ചൂടിൽ' നിൽക്കുമ്പോഴായിരുന്നു നൂറിന് റൺസ് കൊടുക്കേണ്ടി വന്നത്. എന്നാൽ ഇതെ സൂര്യകുമാറിനെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കാനും നൂറിനായി.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ മികച്ച സ്‌കോറാണ് പടുത്തുയർത്തിയത്. ശുഭ്മാൻ ഗിൽ 56 റൺസ് നേടി ടോപ് സ്‌കോററായപ്പോൾ അവസാനത്തിൽ മില്ലർ (22 പന്തിൽ 46) അഭിനവ് മനോഹർ(21 പന്തിൽ 42) രാഹുൽ തെവാട്ടിയ(5 പന്തിൽ 20) എന്നിവരുടെ തീപ്പൊരി ബാറ്റിങാണ് ഗുജറാത്ത് സ്‌കോർ 200 കടത്തിയത്. മുംബൈക്കായി പിയൂഷ് ചൗള രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്തി. ചെന്നൈ സൂപ്പര്‍കിങ്സാണ് ഒന്നാം സ്ഥാനത്ത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News