41 വർഷങ്ങളുടെ കാത്തിരിപ്പ്, അശ്വാഭ്യാസത്തിൽ സ്വര്‍ണം; ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടവുമായി ഇന്ത്യ

അശ്വാഭ്യാസത്തിൽ ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നത് 1982നു ശേഷം ഇതാദ്യമായാണ്.

Update: 2023-09-26 10:09 GMT

അശ്വാഭ്യാസത്തിൽ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമംഗങ്ങള്‍

Advertising

ഏഷ്യൻ ഗെയിംസില്‍ ചരിത്രനേട്ടവുമായി ഇന്ത്യ. അശ്വാഭ്യാസത്തില്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടിയാണ് ഇന്ത്യ ചരിത്രം തിരുത്തിയത്. 41 വർഷത്തിന് ശേഷം ആദ്യമായാണ് അശ്വാഭ്യാസം എന്ന കായിക ഇനത്തില്‍ ഇന്ത്യ സ്വർണം നേടുന്നത്. ഈ സ്വര്‍ണത്തോടെ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം മൂന്നായി. 

അശ്വാഭ്യാസത്തിന്‍റെ ടീം ഇനത്തിലായിരുന്നു ഇന്ത്യയുടെ പുതിയ നേട്ടം. രാവിലെ സെയ്‌ലിങ്ങിൽ നേടിയ വെള്ളിയും വെങ്കലവും കൂടിയാകുമ്പോൾ ഇന്നത്തെ മാത്രം ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി. ഇക്വിസ്ട്രിയൻ ടീം ഡ്രസ്സേജ് ഇനത്തിൽ ഇന്ത്യ 209.205 പോയിന്‍റുമായി ഒന്നാമതെത്തിയപ്പോൾ ചൈനയും ഹോങ്കോങ്ങും യഥാക്രമം വെള്ളിയും വെങ്കലവും നേടി.

ഹൃദയ് ഛേദ, ദിവ്യകൃതി സിങ്, അനുഷ് അഗർവാല, സുദീപ്തി ഹജേല എന്നിവരാണ് ഇന്ത്യക്കായി അശ്വാഭ്യാസത്തില്‍ സ്വര്‍ണം നേടിയ ടീമംഗങ്ങൾ. അശ്വാഭ്യാസത്തിൽ ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നത് 1982നു ശേഷം ഇതാദ്യമായാണ്. 1986ൽ നേടിയ വെങ്കലമാണ് ഡ്രസേജ് ഇനത്തിൽ ഇന്ത്യ ഇതിനു മുൻപ് അവസാനമായി നേടിയ ഏഷ്യൻ ഗെയിംസ് മെഡൽ. 1982ൽ ന്യൂഡൽഹിയിൽ നടന്ന ഗെയിംസിൽ വ്യക്തിഗ, ടീം ഇനങ്ങളിൽ മൂന്ന് സ്വർണം ലഭിച്ചിരുന്നു.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News