ബിറ്റര്‍ ബെറ്റിസ്; റയലിന് തോല്‍വി
ഇന്ന് ജയിച്ചാല്‍ ബാഴ്സ തലപ്പത്ത്
ലാലിഗയിൽ റയൽ മാഡ്രിഡിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ ബെറ്റിസാണ് റയലിനെ തകർത്തത്. ലീഗിൽ കിരീടപ്പോരാട്ടം മുറുകി നിൽക്കവേ ലോസ് ബ്ലാങ്കോസിനേറ്റ തോൽവി ബാഴ്‌സക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും നേട്ടമാവും. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിക് അത്‌ലറ്റിക് ക്ലബ്ബിനെ തോൽപ്പിച്ചതോടെ 56 പോയിന്റുമായി ൃ ഒന്നാം സ്ഥാനത്തേക്ക് കയറി. തൊട്ടു താഴെയുള്ള ബാഴ്‌സ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്.
ബെറ്റിസിന്റെ തട്ടകമായ ബെനിറ്റോ വില്ലാമെറീൻ സ്‌റ്റേഡിയത്തിലായിരുന്നു റയലിന്റെ തോൽവി. പത്താം മിനിറ്റിൽ തന്നെ വലകുലുക്കി ബ്രഹീം ഡിയാസ് റയലിനെ മത്സരത്തിൽ മുന്നിലെത്തിച്ചെങ്കിലും 34ാം മിനിറ്റിലും 54ാം മിനിറ്റിലും വലകുലുക്കി ബെറ്റിസ് ജയം പിടിച്ചു വാങ്ങി. ജോണി കാർഡോസോയും മുൻ റയൽ താരമായ ഇസ്‌കോയുമാണ് ബെറ്റിസിനായി സ്കോര്‍ ചെയ്തത്. മത്സരത്തില്‍ ബ്രസീലിയന്‍ താരം ആന്‍റണിയും നിറഞ്ഞു കളിച്ചു.
26 കളികളിൽ നിന്ന് 54 പോയിന്റുള്ള റയൽ പോയിന്റ് പട്ടികയിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ഇന്ന് റയൽ സോസിഡാഡിനെതിരെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ ബാഴ്‌സലോണ 57 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറും.