കംപ്ലീറ്റ് ഡ്രാമ; ഷൂട്ടൗട്ടിൽ അത്ലറ്റിക്കോയെ വീഴ്ത്തി റയല്‍ ക്വാര്‍ട്ടറില്‍

ആഴ്സണലിനും ആസ്റ്റണ്‍ വില്ലക്കും ബൊറൂഷ്യക്കും ക്വാര്‍ട്ടര്‍ ബെര്‍ത്ത്

Update: 2025-03-13 09:48 GMT

മാഡ്രിഡ്: മെട്രോ പൊളിറ്റാനോ സ്‌റ്റേഡിയത്തെ അവസാന മിനിറ്റ് വരെ മുൾമുനയിൽ നിർത്തിയ പോരിൽ ഒടുക്കം ലോസ് ബ്ലാങ്കോസിന്റെ ചിരി. നാടകീയതകളേറെ നിറഞ്ഞ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ വിധി നിർണയിച്ചത് ഷൂട്ടൗട്ടാണ്. ഇരുപാദങ്ങളിലുമായി 2-2 ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഷൂട്ടൗട്ടിൽ 4-2 നാണ് റയൽ ജയിച്ച് കയറിയത്. ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്‌റ്റേജിൽ റയലിനെ ഇതുവരെ വീഴ്ത്താനായിട്ടില്ല എന്ന കറ തങ്ങളുടെ കുപ്പായത്തിൽ നിന്ന് കഴുകിക്കളയാൻ ഇക്കുറിയും ഡിയഗോ സിമിയോണിയുടെ സംഘത്തിനായില്ല.

മെട്രോ പൊളിറ്റാനോയിൽ കളിയാരംഭിച്ച് 27 സെക്കന്റിനുള്ളിൽ തന്നെ അത്‌ലറ്റിക്കോ റയലിനെ ഞെട്ടിച്ചു. പന്തുരുണ്ട് തുടങ്ങിയതും റയൽ ഗോൾമുഖത്തേക്ക് ഇരച്ചെത്തിയ അത്‌ലറ്റിക്കോ തിബോ കോർട്ടുവയുടെ കണക്കുകൂട്ടലുകളെ മുഴുവൻ തെറ്റിച്ച് ആദ്യ മിനിറ്റിൽ തന്നെ വലകുലുക്കി. കോണർ ഗാലഗറായിരുന്നു സ്‌കോറർ.

Advertising
Advertising

പിന്നെ അത്‌ലറ്റിക്കോയുടെ നിരന്തര മുന്നേറ്റങ്ങൾ. ജൂലിയൻ അൽവാരസിന്റെ ഷോട്ടുകൾ പലതും തിബോ കോർട്ടുവ അതിശയകരമായി തട്ടിയകറ്റി. ആദ്യ മിനിറ്റിൽ തന്നെ നേടിയ ലീഡിന്റെ ആനുകൂല്യമുണ്ടായിട്ടും റയൽ വലയിൽ പിന്നെയൊരിക്കൽ പോലും പന്തെത്തിക്കാൻ എന്നാല്‍ അത്‌ലറ്റിക്കോ താരങ്ങൾക്കായില്ല. കളിയില്‍ 62 ശതമാനം നേരവും പന്ത് കൈവശം വച്ചത് റയലായിരുന്നെങ്കില്‍ മുന്നേറ്റങ്ങളില്‍ അത്ലറ്റിക്കോയായിരുന്നു മുന്നില്‍. എട്ട് ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളാണ് റയല്‍ ഗോള്‍മുഖം ലക്ഷ്യമാക്കി അത്ലറ്റിക്കോ താരങ്ങള്‍ ഉതിര്‍ത്തത്. 

ഒടുക്കം എക്‌സ്ട്രാ ടൈമും കഴിഞ്ഞ മത്സരം ഷൂട്ടൗട്ടിലേക്ക്. അത്‌ലറ്റിക്കോക്കായി രണ്ടാം കിക്കെടുക്കാനെത്തിയ ജൂലിയൻ അൽവാരസിന് പിഴച്ചു. അർജന്റൈൻ താരം പന്ത് വലയിലെത്തിച്ചെങ്കിലും കിക്കെടുക്കുമ്പോൾ ഡബിൾ ടച്ചുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാണിച്ച് റഫറി ഗോൾ ഡിസ് അലോ ചെയ്തു. റയലിനായി നാലാം കിക്കെടുത്ത ലൂകാസ് വാസ്‌ക്വസ് അത് പാഴാക്കിയെങ്കിലും അത്‌ലറ്റിക്കോ നിരയിൽ ലോറെന്റേയും കിക്ക് പാഴാക്കിയതോടെ റയലിന്റെ പ്രതീക്ഷകളുണർന്നു. ഒടുക്കം അവസാന കിക്കെടുത്ത അന്റോണിയോ റുഡിഗർ പന്ത് വലയിലെത്തിച്ച് റയലിന് ക്വാർട്ടർ ബെർത്ത് സമ്മാനിച്ചു. ക്വാർട്ടറിൽ ആഴ്‌സണലാണ് റയലിന്റെ എതിരാളികൾ. ഹൂലിയൻ അൽവാരസിന്റെ കിക്കിനെ ചൊല്ലി ഡിയഗോ സിമിയോണി അടക്കം മത്സര ശേഷം വിമർശനമുയർത്തിയതോടെ സോഷ്യൽ മീഡിയയിൽ വിവാദം കൊഴുക്കുന്നുണ്ട്.

മറ്റൊരു പ്രധാന മത്സരത്തിൽ ആസ്റ്റൺ വില്ല ക്ലബ്ബ് ബ്രൂഗെയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ക്വാർട്ടർ ബെർത്തുറപ്പിച്ചു. വില്ല ജഴ്‌സിയിൽ ഉഗ്രൻ ഫോമിൽ കളിക്കുന്ന സ്പാനിഷ് താരം മാർകോ അസെൻസിയോ ഇരട്ട ഗോളുമായി  ഒരിക്കൽ കൂടി കളംനിറഞ്ഞ പോരിൽ ഇയാൻ മാറ്റ്‌സനും വില്ലക്കായി വലകുലുക്കി. പി.എസ്.ജിയാണ് ക്വാർട്ടറിൽ ആസ്റ്റൺ വില്ലയുടെ എതിരാളികൾ.

മറ്റു മത്സരങ്ങളിൽ ലില്ലെയെ തകർത്ത് ബൊറൂഷ്യ ഡോർട്ട്മുണ്ടും ഇരുപാദങ്ങളിലായി പി.എസ്.വി വലനിറച്ച് ആഴ്‌സണലും ക്വാർട്ടറിൽ പ്രവേശിച്ചു. രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഡോർട്ട്മുണ്ട് ലില്ലെയെ വീഴ്ത്തിയത്. ക്വാർട്ടറിൽ ബാഴ്‌സലോണയാണ് ഡോർട്ട്മുണ്ടിന്റെ എതിരാളികൾ. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ പി.എസ്.വി - ആഴ്‌സണൽ രണ്ടാം പാദ മത്സരം സമനിലയിൽ കലാശിച്ചു. ഇരുപാദങ്ങളിലുമായി  9-3 അഗ്രിഗേറ്റ് സ്കോറിലാണ് ഗണ്ണേഴ്സ് ക്വാര്‍ട്ടര്‍ ബെര്‍ത്തുറപ്പിച്ചത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News