കാനറികള്‍ക്ക് കോസ്റ്ററീക്കന്‍ പൂട്ട്

ബ്രസീല്‍-കോസ്റ്ററീക്ക മത്സരം ഗോള്‍രഹിത സമനിലയില്‍

Update: 2024-06-25 03:32 GMT

ലോസ് ആഞ്ചലസ്: കോപ്പ അമേരിക്കയിൽ ബ്രസീലിന് നിരാശത്തുടക്കം. താരതമ്യേന ദുർബലരായ കോസ്റ്ററീക്ക കാനറിപ്പടയെ ഗോൾരഹിത സമനിലയിൽ തളച്ചു. മത്സരത്തിലുടനീളം നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവുകൾ ബ്രസീലിന് വിനയായി. കളിയുടെ തുടക്കം മുതൽ തന്നെ ബസ് പാർക്കിങ് നടത്തിയാണ് ബ്രസീലിയൻ മുന്നേറ്റങ്ങളെ കോസ്റ്ററീക്ക കോട്ട കെട്ടിക്കാത്തത്. ആദ്യ പകുതിയിൽ മാർക്വീനോസ് ബ്രസീലിനായി വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഗോൾ നിഷേധിച്ചു.

മത്സരത്തിൽ 74 ശതമാനം നേരവും പന്ത് ബ്രസീലിയൻ താരങ്ങളുടെ കാലുകളിൽ തന്നെയായിരുന്നു. 19 ഷോട്ടുകളാണ് ബ്രസീല്‍ കളിയിലുടനീളം ഉതിർത്തത്. എന്നാൽ ഇതിൽ മൂന്നെണ്ണം മാത്രമാണ് ഗോൾവലയെ ലക്ഷ്യമാക്കി പാഞ്ഞത്. ഒമ്പത് കോർണറുകള്‍ ലഭിച്ചിട്ടും ഗോൾമുഖത്ത് വച്ച് അവസരങ്ങളെല്ലാം ബ്രസീലിയൻ താരങ്ങൾ തുലച്ചു.

Advertising
Advertising

മത്സരത്തിൽ കോസ്റ്ററീക്ക ആകെ രണ്ടേ രണ്ട് ഷോട്ട് മാത്രമാണ് ഉതിർത്തത്. ബ്രസീലിയൻ ഗോൾ കീപ്പർ അലിസൺ ബെക്കറെ പരീക്ഷിക്കാൻ ഒരിക്കൽ പോലും കോസ്റ്ററീക്കൻ താരങ്ങൾക്കായില്ല. കളിയുടെ രണ്ടാം പകുതിയിൽ മുന്നേറ്റ നിരയിൽ മൂന്ന് താരങ്ങളെയാണ് ബ്രസീലിയൻ കോച്ച് ഡൊറിവൽ ജൂനിയർ മാറ്റിപ്പരീക്ഷിച്ചത്. വിനീഷ്യസിനേയും റഫീന്യയേയും ജാവോ ഗോമസിനേയും പിൻവലിച്ചപ്പോൾ എൻഡ്രിക്കും മാർട്ടിനെല്ലിയും സാവിയോയും കളത്തിലെത്തി. പക്ഷേ ഗോൾ മാത്രം അകന്നു നിന്നു. കോസ്റ്ററീക്കക്ക് ജയത്തോളം പോന്നൊരു സമനിലയാണിത്. വിലപ്പെട്ട ഒരു പോയിന്റാണ് ഗോൾമുഖത്ത് കോട്ടകെട്ടി അവര്‍ നേടിയെടുത്തത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News