ആളിക്കത്തി അഭിഷേക്, വെണ്ണീറായി പഞ്ചാബ്; വിജയത്തോടെ ഹൈദരാബാദിന്റെ മാസ് കംബാക്ക്
ഹൈദരാബാദ്: തുടർതോൽവികൾക്ക് ശേഷം ഹൈദരാബാദ് ഒടുവിൽ ചാർജായി. പഞ്ചാബ് കിങ്സ് ഉയർത്തിയ 245 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 18.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു. 55 പന്തുകളിൽ നിന്നും 141 റൺസുമായി സംഹാര താണ്ഡവമാടിയ അഭിഷേക് ശർമയുടെ മിടുക്കിലാണ് ഹൈദരാബാദ് വിജയപർവതം താണ്ടിയത്. 37 പന്തിൽ 66 റൺസുമായി ട്രാവിസ് ഹെഡ് ഒത്ത പിന്തുണ നൽകി.
ആദ്യം ബാറ്റുചെയ്ത പഞ്ചാബ് തുടക്കം മുതൽ ആഞ്ഞടിക്കുകയായിരുന്നു. പഞ്ചാബിനായി പ്രിയാൻഷ് ആര്യ (13 പന്തിൽ 26), പ്രഭ് സിംറാൻ സിങ് (23), ശ്രേയസ് അയ്യർ (36 പന്തിൽ 82), മാർക്കസ് സ്റ്റോയ്നിസ് (11 പന്തിൽ 34) എന്നിവർ ആഞ്ഞടിച്ചതോടെ ഹൈദരാബാദ് ബൗളർമാർ തല്ലുകൊണ്ടുതളർന്നു. നാലോവറിൽ വിക്കറ്റൊന്നും എടുക്കാതെ 75 റൺസ് വഴങ്ങിയ ഷമി ഐപിഎല്ലിലെ ഏറ്റവും മോശം സ്പെല്ലുകളിലൊന്നാണ് എറിഞ്ഞുതീർത്തത്. ഹർഷൽ പട്ടേൽ നാല് വിക്കറ്റെടുത്തെങ്കിലും 42 റൺസ് വഴങ്ങി.
മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദ് തുടക്കം മുതൽ ആഞ്ഞടിച്ചു.ഫോമില്ലായ്മയിൽ പഴികേട്ടിരുന്ന ട്രാവിസ് ഹെഡ്-അഭിഷേക് ശർമ സഖ്യം പഞ്ചാബിന് അതേ നാണയത്തിലാണ് തിരിച്ചടി കൊടുത്തത്. വ്യക്തിഗത സ്കോർ 28ൽ നിൽക്കേ അഭിഷേക് യാഷ് ഠാക്കൂറിന്റെ പന്തിൽ ശശാങ്ക് സിങ്ങിന് പിടികൊടുത്തെങ്കിലും അമ്പയർ നോബോൾ വിളിച്ചു. അവസരം മുതലാക്കി അഭിഷേക് ആളിക്കത്തിയതോടെ പഞ്ചാബ് ബൗളർമാർ തല്ലുകൊണ്ടു വലഞ്ഞു. 10 സിസ്കറും 14 ഫോറുമാണ് അഭിഷേകിന്റെ ബാറ്റിൽ നിന്നും പിറന്നത്. 40 പന്തിൽ സെഞ്ച്വറി തികച്ച അഭിഷേക് തുടർന്നും ആക്രമിച്ചുകളിച്ചു. ഫോം വീണ്ടെടുത്ത ട്രാവിസ് ഹെഡ് ഒൻപത് ഫോറുകളും മൂന്ന് സിക്സറുമാണ് കുറിച്ചത്. ഇരുവരും 12.2 ഓവറിൽ ആദ്യ വിക്കറ്റിൽ 171 റൺസാണ് കൂട്ടിച്ചേർത്തത്.
ആറ് കളികളിൽ നിന്നും ഹൈദരാബാദിന്റെ രണ്ടാം വിജയമാണിത്. നാല് പോയന്റോടെ ഹൈദരാബാദ് എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ ആറ് പോയന്റുള്ള പഞ്ചാബ് ആറാമതാണുള്ളത്.