ബുംറയുടെ 'ആറാട്ടം'; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് പത്തരമാറ്റ് വിജയം

ഒരൊറ്റ റണ്ണും നേടാനനുവദിക്കാതെ മൂന്നു പേരെയടക്കം ആറു വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ഇംഗ്ലണ്ടിനെ അവരുടെ ഏറ്റവും ചെറിയ ഏകദിന ടോട്ടലിലൊതുക്കിയത്

Update: 2022-07-13 12:59 GMT
Advertising

ലണ്ടൻ: ഇന്ത്യൻ സീമർ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ ബൗളർമാർ ആറാടിയ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് പത്തരമാറ്റ് വിജയം. ഇന്ന് ഓവലിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റും നഷ്ടപ്പെടാതെ 18.4 ഓവറിൽ മറികടന്നു. അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും കൂട്ടുനിന്ന ശിഖർ ധവാനുമാണ് അനായാസം ലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് വഴിയൊരുക്കിയത്. ഏഴു ഫോറും അഞ്ചു സിക്‌സുമടക്കം 58 പന്തിൽ 76 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. നാലു ഫോറുമായി 54 പന്തിൽ 31 റൺസ് നേടിയ ധവാൻ ക്യാപ്റ്റൻ മികച്ച പിന്തുണ നൽകി. ബുംറയാണ് കളിയിലെ താരം.



ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് പട 25.2 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി ആകെ 110 റൺസാണ് നേടിയത്. ഒരൊറ്റ റണ്ണും നേടാനനുവദിക്കാതെ മൂന്നു പേരെയടക്കം ആറു വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ഇംഗ്ലണ്ടിനെ അവരുടെ ഏറ്റവും ചെറിയ ഏകദിന ടോട്ടലിലൊതുക്കിയത്. 19 റൺസ് മാത്രമാണ് താരം വിട്ടു കൊടുത്ത്.

ടി20 മത്സരത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ 19 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 79 റൺസായിരുന്നു ടീമിന്റെ സമ്പാദ്യം. തന്റെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ ജാസൺ റോയിയെ ബൗൾഡാക്കി ബുംറ ഇംഗ്ലണ്ടിന്റെ പതനത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഒരൊറ്റ റണ്ണും നേടാൻ അനുവദിക്കാതെ റോയിയെ വീഴ്ത്തിയ ബുംറ അതേതരത്തിൽ വൺഡൗണായെത്തിയ ജോ റൂട്ടിനെയും പറഞ്ഞയച്ചു. ഇക്കുറി റിഷബ് പന്തിന് ക്യാച്ച് നൽകിയാണ് ബാറ്ററെ മടക്കിയത്. മറ്റൊരു ഓപ്പണറും മുൻ മത്സരങ്ങളിലെ ഹീറോയുമായ ജോണി ബെയര്‍‌സ്റ്റോ (20 പന്തിൽ ഏഴ്) യെയും ലിയാം ലിവിങ്സ്റ്റണെയും(പൂജ്യം) ബുംറ തിരിച്ചയച്ചു. പന്തിന് ക്യാച്ച് നൽകിയായിരുന്നു മടക്കം.


32 പന്തിൽ 30 റൺസുമായി ഇംഗ്ലണ്ടിനെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച ക്യാപ്റ്റൻ ജോസ് ബട്‌ലറെയും ബെൻ സ്റ്റോക്‌സി(പൂജ്യം)നെയും മുഹമ്മദ് ഷമിയും വീഴ്ത്തി. ക്രെയ്ഗ് ഓവർടണെയും ഷമി തന്നെ പറഞ്ഞയച്ചു. ഷമിയുടെ പന്തിൽ ബൗൾഡാകുമ്പോൾ ഏഴു പന്തി എട്ട് റൺസായിരുന്നു ഓവർട്ടണിന്റെ സമ്പാദ്യം. മുഈൻ അലിയെ തന്റെ തന്നെ ബോളിൽ പ്രസിന്ദ് കൃഷ്ണ പിടികൂടി. ഒടുവിൽ ടീമിനെ കര കയറ്റാൻ ശ്രമിച്ച ഡേവിഡ് വില്ലെയെയും ബ്രെയിഡൻ കാർസെയെയും ബുംറ തന്നെ പറഞ്ഞയച്ചു. 26 പന്തിൽ 21 റൺസാണ് വില്ലെ നേടിയതെങ്കിൽ അത്ര തന്നെ പന്തിൽ 15 റൺസായിരുന്നു കാർസെ കണ്ടെത്തിയത്.


ഇന്ത്യയ്ക്കൊപ്പമായിരുന്നു മത്സരത്തിൽ ടോസ് ഭാഗ്യം. ടോസ് ലഭിച്ച നായകൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം ഫുൾ സ്ട്രെങ്ത്തുമായി ഒരു ഏകദിന മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ സംഘത്തിൽ സൂപ്പർ താരം വിരാട് കോഹ്ലിയുണ്ടായിരുന്നില്ല. നാഭിയിലേറ്റ പരിക്കിനെ തുടർന്നാണ് കോഹ്ലിക്ക് മത്സരം നഷ്ടമായത്. കോഹ്ലിക്ക് പകരക്കാരനായി ശ്രേയസ് അയ്യർക്കാണ് നറുക്ക് വീണത്.

ഇടവേളയ്ക്കുശേഷം ഓപണിങ് ബാറ്റർ ശിഖർ ധവാൻ ടീമിൽ തിരിച്ചെത്തി. ഹർദിക് പാണ്ഡ്യയ്ക്കും ഇത് ഏകദിന ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവായിരുന്നു. ഇന്ത്യൻ സംഘം: രോഹിത് ശർമ(ക്യാപ്റ്റൻ), ശിഖർ ധവാൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹൽ, പ്രസിദ് കൃഷ്ണ.



ഇംഗ്ലീഷ് സംഘത്തിലും നീണ്ട ഇടവേളയ്ക്കു ശേഷമാണ് ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ അടങ്ങുന്ന നിര ഒരുമിച്ച് ഏകദിനം കളിച്ചത്. ഏകദിനത്തിൽ നായകനായുള്ള രണ്ടാമത്തെ പരമ്പര കൂടിയാണ് ജോസ് ബട്ലറിനിത്. ആദ്യ ടി20 പരമ്പര ഇന്ത്യയ്ക്ക് മുന്നിൽ ബട്ലറും സംഘവും അടിയറവച്ചിരുന്നു. ഇംഗ്ലീഷ് സംഘം: ജേസൻ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ(ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ലിയാം ലിവിങ്സ്റ്റൺ, മോയിൻ അലി, ക്രെയ്ഗ് ഒവേർട്ടൻ, ഡേവിഡ് വില്ലി, ബ്രിഡോൺ കാഴ്സ്, റീസ് ടോപ്ലി.



Full View


India's Bumrah in deadly form, England 79/8 in 19 overs

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News