ജോട്ടയുടെ മരണാനന്തര ചടങ്ങിൽ എന്തുകൊണ്ട് പങ്കെടുത്തില്ല; കാര്യം വ്യക്തമാക്കി ക്രിസ്റ്റ്യാനോ
പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്
റിയാദ്: പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡീഗോ ജോട്ടയുടെയും സഹോദരൻ ആൻേ്രഡ സിൽവയുടെയും മരണാനന്തര ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. ചടങ്ങിനെ ഒരു സർക്കസാക്കി മാറ്റാൻ ആഗ്രഹമില്ലാത്തതുകൊണ്ടാണ് വിട്ടുനിന്നതെന്ന് പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ റോണോ പറഞ്ഞു.
ഡീഗോ ജോട്ടയും സഹോദരൻ സിൽവയും ജൂലൈയിലാണ് കാർ അപകടത്തിൽ മരണപ്പെട്ടത്. ഇരുവരുടേയും മരണാനന്തര ചടങ്ങിൽ പോർച്ചുഗീസ് ദേശീയ ടീമിലെ താരങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസാന്നിധ്യം അന്ന് സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.
' ഞാൻ എവിടെ പോവുകയാണെങ്കിലും ആളുകളുടെ ശ്രദ്ധയാകർഷിക്കും. മരണാന്തര ചടങ്ങു പോലെ ഒരു വിഷമകരമായ സന്ദർഭത്തിൽ മറ്റുകാര്യങ്ങളിലേക്ക് ചർച്ച തിരിച്ചുവിടാൻ താൽപര്യപ്പെടുന്നില്ല. അത് ചിലപ്പോൾ ചടങ്ങിനെയൊരു സർക്കസാക്കി മാറ്റും. ആളുകൾ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞ വിമർശനങ്ങൾ കാര്യമാക്കുന്നില്ല. സ്വന്തം മനസാക്ഷിയ്ക്ക് നല്ലതെന്ന് തോന്നിയതാണ് ചെയ്തത്- പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ റൊണാൾഡോ അഭിപ്രായപ്പെട്ടു