ഇന്ത്യയുമായുള്ള പരമ്പര: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന് ലഭിക്കുക വൻ ലാഭം

സ്‌പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വരുമാനം, ടി.വി സംപ്രേക്ഷണം തുടങ്ങിയ വകുപ്പുകളിലൂടെയാണ് പണം, ബോര്‍ഡിന്റെ പെട്ടിയിലെത്തുക

Update: 2023-12-11 14:11 GMT
Editor : rishad | By : Web Desk
Advertising

ജൊഹന്നാസ്ബര്‍ഗ്: ലോകത്തിലെ തന്നെ അതിസമ്പന്ന ക്രിക്കറ്റ് ബോർഡാണ് ബി.സി.സി.ഐ. ഏകദേശം 18,700 ഓളം കോടിയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ആസ്ഥി. രണ്ടാമതുള്ള ക്രിക്കറ്റ് ആസ്‌ട്രേലിയയെക്കാൾ 28 മടങ്ങ്.

ഇന്ത്യയുമായി പരമ്പരക്കൊരുങ്ങുന്ന എല്ലാ ക്രിക്കറ്റ് ബോർഡിനും ചാകരയാണ്. പണം തന്നെയാണ് മുഖ്യഘടകം. ക്രിക്കറ്റിന് ഇന്ത്യക്കാരിൽ നിന്ന് കിട്ടുന്നത്ര പിന്തുണയും സ്വീകാര്യത്യയും മറ്റൊരു രാജ്യത്ത് നിന്നും പ്രതീക്ഷിക്കേണ്ട.

ഇപ്പോൾ ലോട്ടറിയടിച്ച പോലെയാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. ഏകദേശം ഒരു മാസം നീണ്ടുനിൽക്കുന്ന ഇന്ത്യൻ പര്യടനത്തോടെ 68.7 മില്യൺ അതായത് 572 കോടിയാണ് ദക്ഷിണാഫ്രിക്ക പ്രതീക്ഷിക്കുന്ന വരുമാനം. ഒരു മത്സരത്തിൽ നിന്നും ലഭിക്കുക 8.6 മില്യൺ അതായത് 71.69 കോടി.

സാമ്പത്തിക ഞെരുക്കത്തിലൂടെ പോകുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഈ തുക നൽകുന്ന ആശ്വാസം വലുതാണ്. ദക്ഷിണാഫ്രിക്കൻ ബോർഡിനുണ്ടായ നഷ്ടം ഈ പരമ്പരയോടെ തീരും എന്നാണ് റിപ്പോർട്ടുകൾ.

സ്‌പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വരുമാനം, ടി.വി സംപ്രേക്ഷണം തുടങ്ങിയ വകുപ്പുകളിലൂടെയാണ് പണം, ബോര്‍ഡിന്റെ പെട്ടിയിലെത്തുക. മറ്റ് പല പ്രമുഖ ടീമുകളുമായി കളിക്കുന്നത് പോലും നഷ്ടമാണെന്നിരിക്കെ ഇന്ത്യയുടെ പര്യടനം വരുമാനം കൊണ്ടുവരുന്നതിന് പല കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനം നേരത്തെ പറഞ്ഞ ജനപ്രീതിയാണ്. 

ഇന്ത്യയുടെ കളി  എവിടെവെച്ച് നടത്തിയാലും കാണാന്‍ ആളുണ്ടാവും. അതിന് രോഹിത് ശര്‍മ്മയോ വിരാട് കോഹ്ലിയോ തന്നെ ടീമില്‍ വേണം എന്ന് നിര്‍ബന്ധമില്ല. ഇക്കഴിഞ്ഞ ആസ്ട്രേലിയന്‍ പരമ്പര സൂര്യകുമാര്‍ യാദവാണ് നയിച്ചത്. അഞ്ച് മത്സരങ്ങളിലും സ്റ്റേഡിയം നിറഞ്ഞിരുന്നു. ഏകദിന ലോകകപ്പ് കഴിഞ്ഞ ഉടനെയാണിതെന്നോര്‍ക്കണം. ക്രിക്കറ്റിനെ അന്ധമായി പന്തുടരുന്ന ജനതയിലാണ് മറ്റുബോര്‍ഡുകളുടെ കണ്ണും.

മറ്റൊന്ന് സമീപകാലത്തെ ദക്ഷിണാഫ്രിക്കയുടെ പ്രകടനമാണ്. ആസ്‌ട്രേലിയയെ സ്വന്തം നാട്ടിൽ പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ഏകദിന ലോകകപ്പിന് എത്തിയത്. അവിടെയും ക്രിക്കറ്റ് പ്രേമികളെ തൃപ്തിപ്പെടുത്തുന്ന പ്രകടനം ദക്ഷിണാഫ്രിക്ക കാഴ്ചവെച്ചിരുന്നു. ഇന്ത്യയ്ക്ക് ഒത്ത എതിരാളി എന്ന നിലയ്ക്കാണ് ആരാധകരും ദക്ഷിണാഫ്രിക്കയെ കാണുന്നത്. അതിനാൽ കളി കാണാൻ ആളുണ്ടാകുമെന്ന് ഉറപ്പ്. 

ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിച്ചത്. ഡിസംബർ 10ന് നടന്ന ആദ്യ മത്സരം മഴ എടുത്തിരുന്നു. രണ്ടാം മത്സരത്തിനും മഴ ഭീഷണിയുണ്ട്. മൂന്ന് വീതം ഏകദിനവും ടെസ്റ്റും അടങ്ങുന്നതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം. കേപ്ടൗണിൽ ജനുവരി മൂന്നിന് ആരംഭിക്കുന്ന ടെസ്റ്റോടെ പരമ്പര അവസാനിക്കും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News