ചെന്നൈ-ബംഗളൂരു ആരാധകർ തമ്മിലുള്ള യുദ്ധം തുടരുന്നു

Update: 2024-05-24 09:52 GMT
Editor : safvan rashid | By : Sports Desk
Advertising

ചെന്നൈയും ബെംഗളൂരുവും രണ്ട് ദക്ഷിണേന്ത്യൻ നഗരങ്ങളാണ്. ആദ്യ സീസൺ മുതലേ രണ്ടു നഗരങ്ങളെയും പ്രതിനിധീകരിക്കുന്ന ഐ.പി.എൽ ടീമുകളുമുണ്ട്. കമന്ററി ബോക്സിലിരിക്കുന്നവർ സൗത്ത് ഇന്ത്യൻ ഡെർബി എന്നെല്ലാം വിളിക്കാറുണ്ടെങ്കിലും ഈ രണ്ടുടീമുകളും തമ്മിലുള്ള പോരാട്ടം കളത്തിനപ്പുറത്തേക്കധികം നീണ്ട ചരിത്രമൊന്നുമില്ല. ചെന്നൈ സൂപ്പർ കിങ്സ് അഞ്ചുകിരീടങ്ങൾ നേടിയ ഐ.പി.എല്ലിലെ മോസ്റ്റ് സക്സസ്ഫുൾ ടീമാണെങ്കിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒരു തവണപോലും കിരീടത്തിൽ മുത്തമിടാനാകാത്തവരാണ്. മൂന്നുതവണ ഫൈനലിലെത്തിയിട്ടുണ്ടെങ്കിലും കരഞ്ഞുമടങ്ങാനായിരുന്നു അവരുടെ വിധി.

എന്നാൽ അടുത്തവർഷം മുതലുള്ള സി.എസ്.കെ ആർ.സി.ബി പോരാട്ടങ്ങൾ ഇതുവരെയുള്ളതുപോലെയാകില്ല എന്നാണ് ഈ സീസൺ നൽകുന്ന സൂചനകൾ. മെയ് 18 രാത്രിയോടെ എല്ലാം തകിടം മറിഞ്ഞു. പിന്നിൽ നിന്നും അവിശ്വസനീയമായി ​​പൊരുതിക്കയറിയ ആർ.സി.ബിക്ക് മുന്നോട്ടുപോണമെങ്കിൽ തങ്ങളുടെ അവസാന മത്സരത്തിൽ ചെന്നൈക്കെതിരെ മികച്ച റൺറേറ്റിലൊരു വിജയം അനിവാര്യമാണ്. ചെന്നൈകാകട്ടെ, ​േപ്ല ഓഫിലേക്ക് പോകണമെങ്കിൽ അങ്ങനൊരു തോൽവി നേരിടാതിരിക്കുകയും വേണം. പക്ഷേ അന്ന് ചിന്നസ്വാമി സ്​റ്റേഡിയത്തിൽ എന്താണോ ആർ.സി.ബി ആരാധകർ സ്വപ്നം കണ്ടത്, അതുതന്നെ നടന്നു. അവസാനഓവർ വരെ നീണ്ടപോരിൽ ചെന്നൈയെ 27 റൺസിന് മലർത്തിയടിച്ച് ആർ.സി.ബി ​േപ്ല ഓഫിലേക്ക്. അത്യുജലമായ തിരിച്ചുവരവ് ആർസിബി ആരാധകരും താരങ്ങളും കിരീട​വിജയം പോലെ ആഘോഷിച്ചു.

എന്നാൽ മത്സരത്തിൽ പരാജയപ്പെട്ടതല്ല, കോഹ്‍ലിയടക്കമുള്ള ആർസിബി കളിക്കാരുടെയും ആരാധകരുടെയും ആഘോഷങ്ങളാണ് ​ചെന്നൈ ആരാധകരെ ക്ഷുഭിതരാക്കിയത്. വിജയത്തിൽ മതിമറന്ന ആർസിബി താരങ്ങൾ ധോണിക്ക് കൈകൊടുക്കാനുള്ള മാന്യത പോലും കാണിച്ചില്ലെന്നതായിരുന്നു ആദ്യ വിവാദം. തൊട്ടുപിന്നാലെ ചെന്നൈ ആരാധകർക്ക് ബെംഗളൂരു നഗരത്തിൽ ദുരനുഭവങ്ങളുണ്ടായെന്നും ചെന്നൈ വാദമുയർത്തി.

പ്ലേ ഓഫിൽ പ്രവേശിച്ച ആർ.സി.ബിക്ക് അഭിനന്ദനങ്ങൾ. എന്നാൽ നിങ്ങൾ ഗ്രൗണ്ടിൽ ജയിച്ചപ്പോൾ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറ​ത്തെ തെരുവുകളിൽ നിങ്ങളുടെ ആരാധകരും ഐപിഎല്ലും തോറ്റു. തങ്ങളുടെ ആരാധകരെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ആർസിബിയുടെയും കോഹ്‍ലിയുടേയും ഒഫീഷ്യൻ പേജുകളെ മെൻഷൻ ചെയ്തത് സി.എസ്.കെ ഫാൻ ക്ലബ് ഒഫീഷ്യൻ പേജ് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.


എന്നാൽ വിവാദങ്ങൾ അതുകൊണ്ടുംതീരുന്നില്ല. ആർസിബിയുടെ ക്വാളിഫയർ തോൽവി ​ചെന്നൈ ആരാധകർ കാത്തിരിക്കുകയായിരുന്നു. അവിശ്വസനീയമായ കുതിപ്പിനൊടുവിൽ രാജസ്ഥാന് മുന്നിൽ ആർസിബി നാലുവിക്കറ്റിന് വീണത് ചെന്നൈ ശരിക്കുമങ്ങ് ആഘോഷിച്ചു. വെറും ആരാധകർ മാത്രമല്ല, ചെന്നൈ താരങ്ങളടക്കം ഇതിൽ പങ്കുചേർന്നതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്. ബെംഗളൂരുവിൽ ഒരു റെയിൽവേ സ്റ്റേഷനപ്പുറത്ത് ഒന്നുമില്ല എന്ന സി.എസ്.കെ ഫാൻസിന്റെ ട്രോൾ ചെന്നൈ ബൗളർ തുഷാർ ദേഷ് പാണ്ഡെ ഇൻസ്റ്റ ഗ്രാമിൽ ഷെയർ ചെയ്തത് ബെംഗളൂരു ആരാധകരെ ക്ഷുഭിതരാക്കിയിട്ടുണ്ട്. ബെംഗളൂരുവിനെതിരെ നിരന്തരമായി വെടിയുതിർക്കുന്ന മറ്റൊരാൾ മുൻ ചെന്നൈ താരം കൂടിയായ അമ്പാട്ടി റായുഡുവാണ്. അഗ്രഷൻ കൊണ്ടും ആവേശം കൊണ്ടും കിരീടം ജയിക്കാനാവില്ലെന്നും ചെന്നൈയെ തോൽപ്പിച്ചാൽ മാത്രം കിരീടം നേടാനാകുമെന്ന് കരുതരുതെന്നുമാണ് കോഹ്ലിയടക്കമുള്ളവർക്ക് ഒളിയമ്പുമായി റായുഡു സ്റ്റാർ സ്​പോർട്സ് ചർച്ചക്കിടെ പറഞ്ഞത്. മാത്രമല്ല, ചെന്നെക്ക് അഞ്ചുകിരീടങ്ങളുണ്ടെന്ന് കാണിച്ചുള്ള റായുഡുവിന്റെ പോസ്റ്റിനെ ദീപക് ചഹാറും മഹീഷ പാതിരാനയും പിന്തുണച്ചതും കാര്യങ്ങൾ വഷളാക്കുന്നു. ആർ.സി.ബിയുടെ ഒഫീഷ്യൽ പേജുകളിലും ചെന്നൈ ആരാധകർ കേറി മേയുന്നുണ്ട്. ആവും വിധം ആർ.സി.ബി ആരാധകർ തിരിച്ചടിക്കാനും ശ്രമിക്കുന്നു.

കളിക്കളത്തിൽ ഉഗ്രപോരാട്ടങ്ങൾ മുമ്പും നടന്നിട്ടുണ്ടെങ്കിലും അതിനപ്പുറത്തേക്ക് വൈരം വളരുന്നതിന്റെ അനുരണനങ്ങൾ വരും സീസണുകളിലും കണ്ടേക്കാം. ഐ.പി.എല്ലിലെ ഗ്ലാമറസ് ടീമായ ചെന്നൈയും കപ്പൊന്നുമില്ലെങ്കിലും വലിയ ആരാധക പിന്തുണയുള്ള ആർസിബിയും മുഖാമുഖം വരുന്ന മത്സരങ്ങൾ വലിയ ഒാളങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. രണ്ടുസംസ്ഥാനങ്ങളും തമ്മിൽ കാവേരിയടക്കമുള്ള വിഷയങ്ങളിൽ മുമ്പുണ്ടായിരുന്ന പ്രശ്നങ്ങളും പലരുംസൂചിപ്പിക്കുന്നു. ധോണിയും കോഹ്‍ലിയും ക്രിക്കറ്റിലെ വലിയ ഐക്കണുകളാണ്. ഒരേ ഹൃദയവും ഒരേ ലക്ഷ്യവുമായി ഇന്ത്യൻ ജേഴ്സിയിൽ അണിനിരന്നിരുന്ന ഇരുവരെയും ഒരൊറ്റ പേരിൽ ചേർത്ത് ‘മഹിരാട്’ എന്നുവരെ വിളിക്കുന്ന കാലമുണ്ടായിരുന്നു. ധോണിയും കോഹ്‍ലിയും സൗഹൃദം പങ്കിട്ടാലും ആരാധകർക്ക് ഇനിയൊന്നും മുമ്പുള്ളത് പോലെയാകാനുള്ള സാധ്യതയില്ല.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News