അവസാന ഓവര്‍ വരെ ആവേശം; ഒടുവില്‍ മുംബൈയെ നാല് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി

അവസാന ഓവർ എറിഞ്ഞ ക്രുണാൽ പാണ്ഡ്യയുടെ ആദ്യ പന്ത് തന്നെ 61 മീറ്റർ സിക്‌സ് പറത്തി അശ്വിന്‍ മുംബൈ ഡീൽ ക്ലോസാക്കി.

Update: 2021-10-02 14:19 GMT
Editor : Nidhin | By : Web Desk
Advertising

അവസാന ഓവർ വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേ ഡൽഹി ക്യാപിറ്റൽസിന് നാല് വിക്കറ്റിന്റെ വിജയം. അവസാന രണ്ടോവറിൽ ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസായിരുന്നു. മുംബൈയുടെ വിശ്വസ്തനായ ട്രെന്റ് ബോൾട്ടാണ് 19-ാം ഓവർ എറിയാൻ എത്തിയത്. അശ്വിനും ശ്രേയസ് അയ്യറുമായിരുന്നു ക്രീസിൽ. ആദ്യ പന്തിൽ അശ്വിന് റൺസൊന്നും നേടാനായില്ല. പിന്നീടുള്ള അഞ്ച് പന്തുകളിൽ സിംഗിളുകളും ഡബിളുകളും നേടിയതോടെ അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ ആവശ്യമായിരുന്നത് 4 റൺസ്. അവസാന ഓവർ എറിഞ്ഞ ക്രുണാൽ പാണ്ഡ്യയുടെ ആദ്യ പന്ത് തന്നെ 61 മീറ്റർ സിക്‌സ് പറത്തി അശ്വിന്‍ മുംബൈ ഡീൽ ക്ലോസാക്കി.

മുംബൈ ഇന്ത്യൻസ് ഉയർത്തിയ 130 എന്ന് താരതമ്യേന ചെറിയ വിജയലക്ഷ്യത്തിന് മുന്നിൽ പതറുന്ന ഡൽഹിയെയാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കണ്ടത്.

പ്രിഥ്യ ഷാ (6), ശിഖർ ധവാൻ (8 ), സ്മിത്ത്്(9) എന്നിവർ പവർ പ്ലേ പൂർത്തിയാകും മുമ്പ് തന്നെ രണ്ടക്കം കാണാനാകാതെ മടങ്ങി. പിന്നീട് ഉത്തരവാദിത്വത്തോടെ ബാറ്റ് വീശിയ ക്യാപ്റ്റൻ റിഷഭ് പന്ത് 22 പന്തിൽ 22 റൺസ് നേടി. പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യർ നിലയുറപ്പിച്ച് കളിച്ചു. ഇടയ്ക്ക് അക്‌സർ പട്ടേൽ (9), ഹെറ്റ്മയർ (15) എന്നിവർ വന്നുപോയെങ്കിലും ടീമിന്റെ വിജയം കണ്ടിട്ട് മാത്രമേ അയ്യർ മടങ്ങിയുള്ളൂ. 33 പന്തിൽ അത്രയും തന്നെ റൺസുമായി അയ്യർ പുറത്താകാതെ നിന്നു. 21 പന്തിൽ 20 റൺസുമായി അശ്വിൻ മികച്ച പിന്തുണ നൽകി.

മുംബൈക്ക് വേണ്ടി ട്രെന്റ് ബോൾട്ട്, ജയന്ത് യാദവ്, ക്രുണാൽ പാണ്ഡ്യ, ബൂമ്ര, കോർട്ടർ നൈൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 129 റൺസ് നേടിയത്. ആവേശ് ഖാനും അക്സർ പട്ടേലും ചേർന്നാണ് മുംബൈയുടെ നട്ടെലൊടിച്ചത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഓപ്പണിങ് ഇറങ്ങിയ നായകൻ രോഹിത്ത് ശർമ പവർ പ്ലേ പൂർത്തിയാകും മുമ്പ് തന്നെ തിരികെ കൂടാരം കയറി. 10 പന്ത് നേരിട്ട രോഹിത്തിന് 7 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. ആവേശ് ഖാന്റെ പന്തിൽ റബാദയുടെ കൈകളിൽ ക്യാച്ച് നൽകിയാണ് അദ്ദേഹം മടങ്ങിയത്. പിന്നാലെ തന്നെ 19 റൺസുമായി ക്വിന്റൺ ഡി കോക്കും മടങ്ങി. അക്സർ പട്ടേലാണ് ഡി കോക്കിന്റെ വിക്കറ്റ് നേടിയത്. പിന്നീട് കണ്ടത് സൂര്യകുമാർ യാദവിന്റെ രക്ഷാപ്രവർത്തനമാണ്. 26 പന്തിൽ 33 റൺസ് നേടിയ സൂര്യകുമാറിനെ അക്സർ പട്ടേൽ 11 ഓവറിൽ തിരികെ പറഞ്ഞയക്കുകയായിരുന്നു.

പിന്നാലെ വന്ന സൗരബ് തിവാരിയെയും അക്സർ തന്നെ പറഞ്ഞയച്ചു. 18 പന്തിൽ 15 റൺസ് മാത്രമാണ് തിവാരിക്ക് നേടാനായത്. തകർത്തടിക്കുമെന്ന് പ്രതീക്ഷിച്ച പൊള്ളാർഡ് കൂടി നിരാശപ്പെടുത്തിയതോടെ മുംബൈ അപകടം മണത്തു. നോർജെയുടെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു പൊള്ളാർഡ്. പിന്നെയുള്ള മുഴുവൻ പ്രതീക്ഷയും ഹർദിക്ക് പാണ്ഡ്യയിലായിരുന്നു. ജേഷ്ഠൻ ക്രുണാൽ പാണ്ഡ്യയെ കൂട്ടുപിടിച്ച് പാണ്ഡ്യ പ്രതീക്ഷ നൽകിയെങ്കിലും 18 പന്തിൽ 17 റൺസ് മാത്രമാണ് ഹർദിക്കിന് നേടാനായത്. 19-ാം ഓവറിലെ ആവേശ് ഖാന്റെ പന്തിൽ ക്ലീൻ ബൗൾഡാകാനായിരുന്നു ഹർദിക്കിന്റെ വിധി. ആ ഓവറിൽ തന്നെ കോർട്ടർ നൈലും പുറത്തായി. 4 ബോളിൽ 11 റൺസ് നേടി ജയന്ത് യാദവ് പ്രതീക്ഷ നൽകിയെങ്കിലും അവസാന ഓവർ എറിഞ്ഞ അശ്വിന്റെ സ്പിൻ തന്ത്രത്തിന് മുന്നിൽ ജയന്തും വീണു. 15 പന്തിൽ 13 റൺസുമായ ക്രുണാൽ പാണ്ഡ്യയും ഒരു റൺസുമായി ബൂമ്രയും പുറത്താകാതെ നിന്നു.

ഡൽഹിക്ക് വേണ്ടി ആന്റിച്ച് നോർജെയും അശ്വിനും ഓരോ വിക്കറ്റും വീഴ്ത്തി.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News