ഉപദേശകനായി ധോണിയുടെ തിരിച്ചുവരവ്; മുഖ്യ പരിശീലകനാകാനുള്ള ചവിട്ടുപടിയോ ?

ഇപ്പോൾ ഇതാ വീണ്ടും പഴയപോലൊരു ധോണി വിളി കളി പ്രേമികളുടെ ഹൃദയങ്ങളിൽ ഉയർന്നു കേൾക്കുകയാണ്.

Update: 2021-09-08 17:14 GMT
Editor : Nidhin | By : Nidhin
Advertising

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ഏടുകൾ എഴുതിച്ചേർത്ത കാലഘട്ടമാണ് ധോണി ഇന്ത്യൻ നായകനായിരുന്ന കാലം. ട്വന്റി 20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യൻ ലീഗ് കിരീടം അങ്ങനെ ലോകത്തെ ഏത് നായകനേയും അസൂയപ്പെടുത്തുന്ന നേട്ടങ്ങൾ സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്തിട്ടാണ് 2017 ജനുവരി അഞ്ചിന് ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് ധോണി പടിയിറങ്ങിയത്. നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയിട്ടും ഇന്ത്യൻ ടീമിനൊപ്പം ധോണി തുടർന്നു. മുൻനിര തകർന്നിടഞ്ഞപ്പോഴും 39 ന്റെ ചെറുപ്പത്തിൽ ' ആ ഇനി ധോണി വരാനുണ്ട്' എന്ന വിശ്വാസം കാത്തുനിലകൊണ്ടു.

ഒടുവിൽ 2019 ഏകദിന ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനോട് ഓടിയെത്താൻ പറ്റാതെ പോയ നിമിഷത്തയോർത്ത് തലതാഴ്ത്തി ഇറങ്ങിപ്പോയ ധോണിയുടെ മുഖം ഇന്നും ആരാധകരുടെ മനസിലുണ്ട്.

പിന്നീട് ആരും പ്രതീക്ഷിക്കാതെ കഴിഞ്ഞ വർഷ സ്വാതന്ത്ര്യ ദിനത്തിന്റെ സായാഹ്നത്തിൽ ഇപ്പോൾ മുതൽ ഞാൻ വിരമിച്ചതായി കണക്കാകുക എന്ന രണ്ട് വരിയിൽ സ്വന്തം വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ച് കളഞ്ഞ് ധോണി. അതിനുശേഷം ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ ഐപിഎല്ലിൽ മാത്രം ധോണി കളത്തിലിറങ്ങിയിട്ടുള്ളൂ.

ഇപ്പോൾ ഇതാ വീണ്ടും പഴയപോലൊരു ധോണി വിളി കളി പ്രേമികളുടെ ഹൃദയങ്ങളിൽ ഉയർന്നു കേൾക്കുകയാണ്. 2021 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഉപദേശകനായാണ് ധോണിയുടെ തിരിച്ചുവരവ്. തീർച്ചയായും മൈതാനത്തിലെ സാഹചര്യങ്ങളെ അത്രമേൽ വിശകലനം ചെയ്യാൻ, പ്രവചിക്കാൻ കഴിവുള്ള ധോണിയല്ലാതെ മറ്റാർക്കാണ് ഇന്ത്യൻ സംഘത്തിന് ഉപദേശങ്ങൾ നൽകാൻ സാധിക്കുക.

ധോണി ഉപദേശകനായി കടന്നുവരുമ്പോൾ മറ്റൊരു സാധ്യത കൂടി അവിടെ കളി നിരീക്ഷകർ കാണുന്നുണ്ട്. അടുത്തു തന്നെ കരാർ അവസാനിപ്പിക്കുന്ന ഇന്ത്യൻ കോച്ച് രവി ശാസ്ത്രിക്ക് പകരം ധോണി കടന്നുവരുമോ എന്ന ചോദ്യം. സാഹചര്യങ്ങളെ വിശകലനം ചെയ്യുമ്പോൾ അതിന് സാധ്യത കൂടുതലുമാണ്. ബിസിസിഐയുടെ തലപ്പത്ത് സൗരവ് ഗാംഗുലി ആണെന്നുള്ളത് പരിഗണിക്കുമ്പോൾ ഇന്ത്യൻ സംഘത്തിന്റെ '' തല'' യായി ധോണിയുടെ തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. എന്ത് തന്നെയായാലും ഒക്ടോബർ 17 ന് ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം അനുസരിച്ചായിരിക്കും കാര്യങ്ങളുടെ പോക്ക്. എന്നും അപ്രവചിനീയമാണ് ധോണിയുടെ തീരുമാനങ്ങളെല്ലാം അത്തരത്തിലൊരു അത്ഭുതം ആരാധകര്‍ ഇവിടെയും പ്രതീക്ഷിക്കുന്നുണ്ട്. 

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡായി. മലയാളി താരം സഞ്ജു സാംസൺ, മുതിർന്ന താരം ശിഖർ ധവാൻ, സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവർ എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചിട്ടില്ല.

നാല് ബാറ്റ്സ്മാന്മാർ, രണ്ട് വിക്കറ്റ് കീപ്പർമാർ, രണ്ട് ഓൾറൗണ്ടർമാർ, മൂന്ന് പേസ് ബൗളർമാർ, നാല് സ്പിന്നർമാർ എന്നിങ്ങനെയാണ് ടീമിൽ ഇടംപിടിച്ചിട്ടുള്ളത്. ഒരു ബാറ്റ്സ്മാൻ, ഒരു ഓൾറൗണ്ടർ, ഒരു പേസ് ബൗളർ എന്നിങ്ങനെ മൂന്നുപേരെ റിസർവ് താരങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്.

മുഴുവൻ ടീം: വിരാട് കോഹ്ലി(നായകൻ), രോഹിത് ശർമ(ഉപനായകൻ), കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ആർ അശ്വിൻ, അക്സർ പട്ടേൽ, രാഹുൽ ചഹാർ, വരുൺ ചക്രവർത്തി. റിസർവ് താരങ്ങൾ: ശ്രേയസ് അയ്യർ, ഷർദുൽ താക്കൂർ, ദീപക് ചഹാർ.

യുഎഇയിലും ഒമാനിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. നവംബർ 14നാണ് കലാശപ്പോരാട്ടം.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Nidhin

contributor

Similar News