അമ്പയറുടെ കൈകൾക്കും സ്കോർ ബോർഡ് അപ്ഡേറ്റർക്കും ഒരു വിശ്രമവും കൊടുക്കാത്ത മത്സരം
ഒരൊറ്റ രാത്രി കൊണ്ട് എല്ലാം മാറിമറിയുക എന്ന് കേട്ടിട്ടില്ലേ.. ഇന്നലെ ഓൾഡ് ട്രാഫോഡ് സാക്ഷിയായത് അങ്ങനെ ഒന്നിനാണ്. ഇംഗ്ലീഷ് വൈറ്റ് ബോൾ കോച്ചെന്ന കസേരയിലിരിക്കുമ്പോൾ ബ്രണ്ടൻ ബാസ് മക്കല്ലം നിശ്ചയമായും ഇതുപോലൊരു ദിവസം ആഗ്രഹിച്ചിരിക്കും. ഇന്നലെ മാഞ്ചസ്റ്റിൽ വീശീയത് ഒരു ഇംഗ്ലീഷ് കൊടുങ്കാറ്റാണ്. മാച്ച് അമ്പയറുടെ കൈകൾക്കും സ്കോർ ബോർഡ് അപ്ഡേറ്ററിനും ഗ്യാലറിക്കും ഒരു വിശ്രമവും കൊടുക്കാത്ത ഒരു ഇംഗ്ലീഷ് കൊടുങ്കാറ്റ്. അവരടിച്ചത് ആർക്കെങ്കിലും എതിരെയല്ല, കഗിസോ റബാഡയും മാർക്കോ യാൻസനും അടക്കമുള്ള ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരക്കെതിരെയാണ് ഈ പ്രകടനമെന്നത് മാറ്റുകൂട്ടുന്നു.
പൊതുവേ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് ഇത് നല്ല കാലമാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയം, ഇംഗ്ലണ്ടിലും ആസ്ട്രേലിയയിലും നേടിയ ഏകദിന പരമ്പര വിജയം എന്നിവയെല്ലാം അതിനുദാഹരണം. മറുവശത്ത് ഇംഗ്ലണ്ടോ, അവർ സമീപ കാലത്തൊന്നുമില്ലാത്ത പ്രതിസന്ധിയിലാണ്. വൈറ്റ് ബോളിൽ തുടരെയുള്ള തോൽവികൾ അവരെ ഏകദിന റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തേക്ക് ഇറക്കി. ഏകദിന പരമ്പരക്ക് പിന്നാലെ കാർഡിഫിൽ നടന്ന ആദ്യ ട്വന്റി 20യിലും അവർക്ക് മുട്ടുമടക്കേണ്ടിവന്നു. പക്ഷേ ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് ഇംഗ്ലണ്ട് എന്താണ് തങ്ങളുടെ കരുത്തെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്തു. ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് ഒരുപാട് രാത്രികളിൽ ഉറക്കം നഷ്ടമാക്കുന്ന ഒരു മത്സരം.
ഒരു പടക്കക്കടക്ക് തീപിടിച്ചാൽ എങ്ങനെയുണ്ടാകും? ഒന്നിന് പിറകെ ഒന്നൊന്നായി പൊട്ടും. ഏതാണ്ട് ഇതുപോലെയാണ് ഇംഗ്ലീഷ് ബാറ്റിങ് ലൈനപ്പും. ഒരാൾ പോയാൽ അതിലും വലുത് വരാനുണ്ട്. പക്ഷേ ആ ലൈനപ്പിന് ചേർന്ന വിധം അവരൊരിക്കലും പെർഫോം ചെയ്തിട്ടില്ല. ആ തീപ്പൊരി ലൈനപ്പ് ഫോമിലെത്തിയാൽ എങ്ങനെയുണ്ടാകുമെന്നതിന്റെ സൂചനയാണ് ഇന്നലെ കണ്ടത്. 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് നേടിയത് 304 റൺസ്.
ആദ്യ പന്ത് മുതൽ തുടങ്ങിയ ആക്രമണം ഒരിടത്തും നിന്നില്ല. ജോസ് ബട്ലർ എന്താണ് തന്റെ ക്ലാസെന്ന് ഒരിക്കൽ കൂടി കാണിച്ചപ്പോൾ മറുവശത്ത് ഫിൽ സോൾട്ട് തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് കാഴ്ചവെച്ചത്. ജേക്കബ് ബെതലും ഹാരി ബ്രൂക്കും ഇടക്കുള്ള ഗ്യാപ്പുകൾ ഫിൽ ചെയ്തുകൊടുത്തു. അങ്ങനെ അങ്ങനെ ദക്ഷിണാഫ്രിക്കൻ ബൗളർമാരുടെ ചോരകൊണ്ട് അവരൊരു പർവതം തന്നെയുണ്ടാക്കി. ദക്ഷിണാഫ്രിക്കൻ നിരയിൽ പന്തെടുത്തവരിൽ ആരെയും വെറുതെ വിട്ടില്ല. സ്റ്റാർ പേസറായ കഗിസോ റബാഡ 17.50 ഇക്കോണമിയിൽ വഴങ്ങിയത് 70 റൺസ്. മാർക്കോ യാൻസണ് കിട്ടിയത് 15 ഇക്കോണമിയിൽ 60 റൺസ്. ലിസാർഡ് വില്യംസ് 20 ഇക്കോണമിയിൽ മൂന്നോവറിൽ കൊടുത്തത് 62 റൺസ്. നാലോവറിൽ 41 റൺസ് മാത്രം കിട്ടിയ ക്വേന മഫാക്ക അവരുടെ ബെസ്റ്റ് ബൗളറായി.
പൊതുവേ ഒരു ടീം മികച്ച സ്കോർ നേടുമ്പോൾ മറുവശത്ത് നിന്നും കൗണ്ടർ ഉണ്ടാകാറുണ്ട്. ഐപിഎല്ലിലടക്കം പലവട്ടം നാമത് കണ്ടിട്ടുമുണ്ട്. പക്ഷേ ഇക്കുറി ഒന്നുമുണ്ടായില്ല. ഒന്ന് പൊരുതുക പോലും ചെയ്യാതെ 146 റൺസകലെ ദക്ഷിണാഫ്രിക്ക തലകറങ്ങിവീണു. മാർക്രമും റിക്കൽട്ടണും നാലം ഓവറിൽ 50 കടത്തിയപ്പോൾ വല്ലതും നടക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇരുവരും പിന്നാലെ ബ്രെവിസും കൂടാരം കയറിയതോടെ വിധി തീരുമാനമായി. ഇംഗ്ലീഷ് ബൗളർമാർക്ക് മത്സരം അവസാനിപ്പിക്കേണ്ട ജോലി മാത്രം. ആർച്ചറും കറാനും വിൽജാക്സും ഡാവ്സണും അടക്കമുളള ഇംഗ്ലീഷ് ബൗളർമാരെല്ലാം തങ്ങളുടെ റോൾ ഗംഭീരമാക്കി.
റെക്കോർഡുകളുടെ ചാകര തന്നെ ഓൾഡ് ട്രോഫോഡിൽ അടിഞ്ഞിട്ടുണ്ട്. 141 റൺസോടെ ഫിൽ സോൾട്ട് ഇംഗ്ലണ്ടിന്റെ ട്വന്റി 20 ടോപ്പ് സ്കോററായി. 146 റൺസിന്റെ വിജയം ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിജയമായി. 39 പന്തിലുള്ള സോൾട്ടിന്റെ സെഞ്ച്വറി ഇംഗ്ലീഷുകാരന്റെ വേഗമേറിയതാണ്. മൂന്നിലധികം ബൗളർമാർ 60 റൺസിലധികം വഴങ്ങുന്നതും ട്വന്റി 20 ക്രിക്കറ്റിൽ ഇതാദ്യാമാണ്, 4 ഓവറിൽ 70 റൺസ് വഴങ്ങിയ റബാഡ ദക്ഷിണാഫ്രിക്കൻ ബൗളറുടെ ട്വന്റി 20യിലെ ഏറ്റവും മോശം സ്പെല്ലിനുടമായി.. ഇങ്ങനെ അഭിമാനത്തിന്റെയും അപമാനത്തിന്റെയും റെക്കോർഡുകൾ ഒരുപോലെ ഈ മത്സരത്തിൽ പിറന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ മുമ്പ് രണ്ട് തവണ ടീമുകൾ 300 കടന്നിട്ടുണ്ട്. സിംബാബ്‍വെ ഗാംബിയക്കെതിരെ 344ഉം നേപ്പാൾ മംഗോളിയക്കെതിരെ 314 റൺസും കുറിച്ചിട്ടുണ്ട്. പക്ഷേ ഇംഗ്ലണ്ട് കുറിച്ചത് ദക്ഷിണാഫ്രിക്കക്കെതിരെയാണ് എന്നത് തന്നെയാണ് അതിന്റെ റേഞ്ച്. പോയ വർഷം ബംഗ്ലാദേശിനെതിരെ ഹൈദരബാദിൽ ഇന്ത്യ കുറിച്ച 297 റൺസാണ് തൊട്ടുപിന്നിലുള്ളത്.
ടോസ് നേടിയിട്ടും ഇംഗ്ലണ്ടിന് ബാറ്റിങ്ങിന് വിളിച്ച ദക്ഷിണാഫ്രിക്ക ഈ ദുരന്തം ചോദിച്ചുവാങ്ങിയതാണ്. പ്രോട്ടിസ് കോച്ച് ശുക്രി കോൺറാഡ് അത് സമ്മതിക്കുകയും ചെയ്തു. യോർക്കറോ ഷോട്ട് ബോളോ എറിഞ്ഞില്ലെന്നും ഒരേ രീതിയിൽ പന്തെറിഞ്ഞ് അടി ചോദിച്ചുവാങ്ങിയതാണെന്നും കോച്ച് കൂട്ടിച്ചേർത്തു. ഞായറാഴ്ച നോട്ടിങ്ഹാമിലാണ് പരമ്പരയിലെ അവസാന പോരാട്ടം. തലക്കടിയേറ്റ ബൗളർമാർ എങ്ങനെ തിരിച്ചുവരുമെന്നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.