ടി20 പരമ്പര: ഇന്ത്യക്ക് വിജയത്തുടക്കം; ആദ്യ ടി20യിൽ ന്യുസിലൻഡിനെതിരെ 48 റൺസ് ജയം

Update: 2026-01-21 18:12 GMT
Editor : Harikrishnan S | By : Sports Desk

നാഗ്പൂർ: ഓപണർ അഭിഷേക് ശർമയുടെ തകർപ്പൻ ബാറ്റിങ്ങിന്റെ മികവിൽ ഇന്ത്യക്ക് ഉജ്വല ജയം. ഇന്ത്യ ഉയർത്തിയ 239 റൺസെന്ന കൂറ്റൻ സ്കോറിലേക്ക് ബാറ്റ് ചെയ്ത ന്യുസിലാൻഡിന് 190 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. വരുൺ ചക്രവർത്തിയും ശിവം ദുബേയും രണ്ട് വിക്കറ്റുകൾ വീതം നേടി. ടി20 മത്സരങ്ങളിൽ 5000 റൺസെന്ന ലാൻഡ് മാർക്ക് സ്കോറിലെത്താൻ ഈ മത്സരത്തോടെ അഭിഷേകിനായി.

നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ ഓപണർ സഞ്ജു സാംസനെ നഷ്ടമായി. വെറും 10 റൺസുമായി നിൽക്കേ കൈൽ ജെയ്മിസനാണ് സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ വന്ന ഇഷാൻ കിഷനും എട്ട് റൺസുമായി കളം വിട്ടു. പക്ഷെ മറുഭാഗത്ത് അഭിഷേക് ശർമ തകർപ്പൻ ബാറ്റിങ് തുടങ്ങി. ക്യാപ്റ്റൻ സൂര്യകുമാറും അഭിഷേകും ചേർന്ന് നേടിയ 99 റൺസിന്റെ കൂട്ട് കേട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. എട്ടാം ഓവറിൽ വെറും 22 പന്തിൽ അഭിഷേക് ശർമ തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 11ാം ഓവറിൽ സൂര്യകുമാർ യാദവ് പുറത്താക്കാക്കുമ്പോൾ ഇന്ത്യയുടെ സ്കോർ 120 റൺസ് എന്ന നിലയിലായിരുന്നു. 22 പന്തിൽ 32 റൺസാണ് ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്. പിന്നാലെ വന്ന ഹർദിക് പാണ്ട്യയുമൊത്ത്‌ ബാറ്റിങ് തുടർന്ന അഭിഷേക് 12ാം ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ 149 റൺസിൽ എത്തിയിരുന്നു. 35 പന്തിൽ എട്ട് സിക്‌സറും നാല് ബൗണ്ടറിയുമടക്കം 84 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. താരത്തിന് പുറമെ റിങ്കു സിങ്ങിന്റെ 20 പന്തിൽ 44 റൺസ് നേടിയ ബാറ്റിങ് പ്രകടനവും ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യുസിലൻഡിന് 190 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. 40 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്സറുകളും പറത്തി 78 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സാണ് മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. പൂജ്യം റൺസിന്‌ മടങ്ങിയ ഡെവോൺ കോൺവെയും ഒരു റൺ മാത്രം സ്കോർ ചെയ്ത രചിൻ രവീന്ദ്രയും നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ബൗളിങ്ങിൽ ശിവം ദുബേയും വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീതം നേടി.

പരമ്പരയിലെ അടുത്ത മത്സരം വെള്ളിയാഴ്ച ജനുവരി 23ന് റായ്‌പൂരിൽ വെച്ചാണ് നടക്കുക.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News