ബാബർ ഇൻ, ഹാരിസ് റൗഫ് ഔട്ട്; ബഹിഷ്‌കരണ അഭ്യൂഹങ്ങൾക്കിടെ ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു
ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ-പാകിസ്താൻ മത്സരം
ഇസ്‌ലാമാബാദ്: ബെബ്രുവരി ഏഴു മുതൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു. സൽമാൻ അലി ആഗ നയിക്കുന്ന സംഘത്തിൽ മുൻ നായകൻ ബാബർ അസം ഇടംപിടിച്ചു. അതേസമയം, പേസർ ഹാരിസ് റൗഫ് ടീമിലില്ല. മുഹമ്മദ് റിസ്വാനാണ് പുറത്തായ മറ്റൊരു പ്രമുഖൻ. ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പാകിസ്താൻ ടൂർണമെന്റിൽ നിന്ന് പിൻമാറുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് 15 അംഗ സ്‌ക്വാഡിനെ പിസിബിഅനൗൺസ് ചെയ്തത്. ഈമാസം 30നാണ് ഫൈനൽ സ്‌ക്വാഡിനെ അനൗൺസ് ചെയ്യാൻ ഐസിസി നൽകിയ സമയപരിധി.
കഴിഞ്ഞ ഏഷ്യാകപ്പ് ടി20യിൽ കളത്തിലിറങ്ങിയ ഹാരിസ് റൗഫ് മോശം പ്രകടനത്തെ തുടർന്ന് വ്യാപകവിമർശനത്തിന് വിധേയനായിരുന്നു. അടുത്തിടെ ആസ്‌ട്രേലിയയിൽ നടന്ന ബിഗ്ബാഷ് ലീഗിൽ സിഡ്‌നി സിക്‌സേഴ്‌സിനായി ബാബർ കളത്തിലിറങ്ങിയിരുന്നു. ടൂർണമെന്റിൽ ശ്രദ്ധേയ പ്രകടനം നടത്താനായില്ലെങ്കിൽ ടി20 ലോകകപ്പിൽ താരത്തിൽ വിശ്വാസമർപ്പിക്കാൻ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. 11 ഇന്നിങ്‌സുകളിൽ നിന്നായി 202 റൺസ് മാത്രമാണ് ബിബിഎല്ലിൽ മുൻ പാക് നായകന്റെ സമ്പാദ്യം. സ്പിൻ ബോളിങിനെ തുണയ്ക്കുന്ന ഇന്ത്യൻ സാഹചര്യങ്ങൾ കണക്കിലെടുത്ത് അബ്രാർ അഹമ്മദ്, ഉസ്മാൻ താരിഖ് എന്നിവർ ടീമിലെത്തി. ഷഹീൻ ഷാ അഫ്രീദിയാണ് പാക് പേസിനെ നയിക്കുന്നത്. നസീം ഷായാണ് മറ്റൊരു പ്രധാന താരം. നെതർലാൻഡിനെതിരെയാണ് ലോകകപ്പിൽ പാകിസ്താന്റെ ആദ്യ മത്സരം. ഫെബ്രുവരി 15നാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം.
പാകിസ്താൻ ടീം: സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഫഖർ സമാൻ, ഷദാബ് ഖാൻ, സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, അബ്രാർ അഹമ്മദ്, ഫഹീം അഷ്റഫ്, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.